Film News
എമ്പുരാന് പോലും വീഴ്ത്താന്‍ പറ്റിയില്ല, 24മണിക്കൂറില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസറിന്റെ റെക്കോഡ് ദുല്‍ഖറിന് തന്നെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 04:54 pm
Monday, 27th January 2025, 10:24 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ലൂസിഫര്‍ കണ്ടത് വെറും സാമ്പിളാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ടീസര്‍ നല്‍കുന്ന സൂചന. ഖുറേഷി അബ്രാമിന്റെ ലോകം പ്രതീക്ഷിക്കുന്നതിലും വലുതാണെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. കേരളത്തില്‍ ആദ്യമായി ഒരു തിയേറ്ററില്‍ ടീസര്‍ ലൈവ് സ്ട്രീമിങ് നടത്തിയെന്ന നേട്ടവും എമ്പുരാനാണ്.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ എമ്പുരാന്റെ ടീസര്‍ കണ്ടത്. എന്നാല്‍ മലയാളത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ എമ്പുരാന് സാധിച്ചില്ല എന്നതാണ് ആരാധകരെ ഞെട്ടിച്ച വസ്തുത. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ കണ്ട ടീസര്‍ ഇപ്പോഴും ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ്.

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയുടെ പേരിലാണ് ഈ റെക്കോഡ്. ഒമ്പത് മില്യണ്‍ ആളുകളാണ് കിങ് ഓഫ് കൊത്തയുടെ ടീസര്‍ കണ്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന പേരില്‍ ഗ്രാന്‍ഡ് ലോഞ്ച് നടത്തിയ ടീസറിന് പോലും ദുല്‍ഖര്‍ നേടിയ റെക്കോഡ് മറികടക്കാന്‍ കഴിയുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ലൈക്ക് കിട്ടിയ ടീസര്‍ എന്ന നേട്ടം എമ്പുരാന്‍ സ്വന്തമാക്കി. 3,09,000 ലൈക്കുകളാണ് എമ്പുരാന്റെ ടീസര്‍ സ്വന്തമാക്കിയത്. മമ്മൂട്ടി- എസ്.എന്‍. സ്വാമി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ 5ന്റെ ടീസര്‍ നേടിയ റെക്കോഡ് മറികടന്നാണ് എമ്പുരാന്‍ ഒന്നാമതെത്തിയത്. 3,08,000 ലെക്കുകളാണ് സി.ബി.ഐ 5ന്റെ ടീസര്‍ നേടിയത്.

പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ വില്ലന്‍ ആരാണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ദീപക് ദേവാണ്. സുജിത് വാസുദേവിന്റേതാണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Empuraan teaser couldn’t break the teaser record of King of Kotha