| Sunday, 16th March 2025, 9:07 pm

ബാഹുബലി മുതല്‍ കെ.ജി.എഫ് 2 വരെ നോര്‍ത്തില്‍ ഹിറ്റാക്കിയ ടീമാ... എമ്പുരാനെയും ഏറ്റെടുത്ത് ബോളിവുഡിലെ വമ്പന്‍ വിതരണക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ എത്തുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇടയ്ക്ക് ചില സംശയങ്ങള്‍ വന്നെങ്കിലും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഗംഭീര റിലീസിന് ഒരുങ്ങുകയാണ് എമ്പുരാന്‍.

പാന്‍ ഇന്ത്യനായി എത്തുന്ന ചിത്രത്തിന്റെ വിതരണവും വമ്പന്‍ ടീമുകളാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഓവര്‍സീസില്‍ വിതരണം ചെയ്ത ഫാര്‍സ് ഫിലിംസാണ് എമ്പുരാന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടര്‍. നോര്‍ത്ത് ബെല്‍റ്റില്‍ എമ്പുരാന്‍ വിതരണത്തിനെടുത്ത ടീമിനെ അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

എ.എ. ഫിലിംസാണ് എമ്പുരാന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണം ചെയ്യുന്നത്. അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എ.എ ഫിലിംസ് ഇതിന് മുമ്പ് വിതരണം ചെയ്ത ചിത്രങ്ങളെല്ലാം സെന്‍സേഷണലായിരുന്നു. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലിയാണ് എ.എ ഫിലിംസ് ആദ്യമായി വിതരണം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം. ബാഹുബലി 2വും വിതരണത്തിനെത്തിച്ചത് ഇവര്‍ തന്നെയായിരുന്നു.

പിന്നീട് കെ.ജി.എഫ് സീരീസ്, സാഹോ, 2.0, കാന്താര തുടങ്ങി നോര്‍ത്ത് ബെല്‍റ്റില്‍ തരംഗമായ പല ചിത്രങ്ങളും അനില്‍ തദാനിയാണ് വിതരണത്തിനെത്തിച്ചത്. മലയാളസിനിമയുടെ അഭിമാന പ്രൊജക്ട് എ.എ. ഫിലിംസിലൂടെ നോര്‍ത്തിലെത്തുമ്പോള്‍ വമ്പന്‍ റീച്ച് തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ഈദ് റിലീസായി സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ എത്തുമ്പോള്‍ എമ്പുരാന് വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ നോര്‍ത്തിലെ വമ്പന്‍മാര്‍ ചിത്രം ഏറ്റെടുത്തതോടെ ആരാധകരുടെ സംശയങ്ങളെല്ലാം ഇല്ലാതായി. ചിത്രത്തിന്റെ 30 ശതമാനം രംഗങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ളതാണെന്ന് പൃഥ്വി അടുത്തിടെ പറഞ്ഞിരുന്നു.

പ്രാദേശിക ഓഡിയന്‍സിന് ചിത്രം കണക്ടായിക്കഴിഞ്ഞാല്‍ മലയാളസിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് വമ്പന്‍ റീച്ച് എമ്പുരാന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദിയില്‍ നിന്ന് ഒരുപിടി മികച്ച ആര്‍ട്ടിസ്റ്റുകള്‍ എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ആമിര്‍ ഖാന്റെ സഹോദരി നിഖത് ഖാന്‍, അഭിമന്യു സിങ്, സുകാന്ത് ഗോയല്‍ തുടങ്ങിയവര്‍ എമ്പുരാനില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Empuraan North India Rights bagged by AA Films

We use cookies to give you the best possible experience. Learn more