മലയാളി പ്രേകഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി സസ്‌പെന്‍സുകളും ചോദ്യങ്ങളുമെല്ലാം ഒളിപ്പിച്ചുവെച്ച ഒരു ട്രെയിലറാണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്.
എമ്പുരാന്റെ ട്രെയിലര്‍ മലയാളി പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പി.കെ രാംദാസ് എന്ന രാഷ്ട്രീയ ആചാര്യന്റെ മകനായ ജതിന്‍ രാംദാസിന്റെ രാഷ്ട്രീയചുവടുമാറ്റമാകാമെന്നാണ് സൂചന.
ജതിന്‍ രാംദാസ് ചെയ്യുന്ന ഗുരുതരമായ ഒരു തെറ്റിനെ ട്രെയിലര്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നുണ്ട്.
‘എന്റെ മക്കളല്ല എന്റെ പിന്തുടര്‍ച്ചക്കാര്‍, എന്നെ പിന്തുടരുന്നവര്‍ ആരാണോ അവരാണ് എന്റെ മക്കള്‍’ എന്ന പി.കെ രാംദാസിന്റെ ഒരു പഴയ രാഷ്ട്രീയ പ്രസംഗത്തിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.
ഈ ഒരു ഡയലോഗിലൂടെ പുതിയ രാഷ്ട്രീയ സാഹചര്യത്തെ ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുകയാണ് ചിത്രം.
‘പി.കെ ആര്‍ സ്മൃതിദിനം 2024’ എന്ന രാഷ്ട്രീയ പരിപാടിയില്‍ ‘പി.കെ രാംദാസ് ബാക്കിവെച്ചുപോയ ഈ യുദ്ധത്തില്‍ ഈ പാര്‍ട്ടിയേയും ഈ സംസ്ഥാനത്തിനേയും നിരന്തരം തളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത് മുന്നില്‍ നിന്ന് പൊരുതിയ ശത്രുക്കളായിരുന്നില്ല’ എന്നൊരു ഡയലോഗ് ജതിന്‍ രാംദാസ് പറയുന്നതായി കാണിക്കുന്നുണ്ട്.
അതിന് പിന്നാലെ ‘അഖണ്ഡ ശക്തിമോര്‍ച്ച’ എന്ന തീവ്ര വലത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാഷ്ട്രീയ സംരക്ഷണ സമ്മേളനത്തില്‍ ‘കേരളത്തിലെ കപട മതേതര വാദികള്‍ ഞെട്ടിത്തരിക്കാന്‍ പോകുന്ന നമ്മള്‍ ഉടന്‍ തന്നെ കേള്‍ക്കുമെന്ന്’ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്നുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും, കേരളത്തിലുമായി തീവ്ര ഹിന്ദു വലത് പക്ഷ നേതാക്കള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബന്ധിപ്പിക്കുന്നത് ജതിന്‍ രാംദാസിന്റെ രാഷ്ട്രീയ നിലപാട് മാറ്റമാണെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്.
മാത്രമല്ല ഒരു പ്രധാന രാഷ്ട്രീയ നേതാവിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള എ.എസ്.എം (അഖണ്ഡ ശക്തി മോര്‍ച്ച) എന്ന തീവ്രവലതുപാര്‍ട്ടിയുടെ ഒരു വന്‍ ശക്തിപ്രകടനവും മറ്റൊരു രംഗത്തില്‍ കാണാം. അണികള്‍ക്കിടയിലൂടെ ചുവന്ന പരവതാനിയില്‍ നടന്നുവരുന്നത് ജതിന്‍ രാംദാസ് ആണോ എന്നും സംശയിക്കാം.
ഇതിന് പിന്നാലെ പി.കെ രാംദാസിന്റെ ഐ.യു.എഫ് നടത്തുന്ന രാഷ്ട്രീയ പ്രതിഷേധ യോഗത്തില്‍ ‘മനുഷ്യജീവന് മുകളില്‍ ഒരു രക്തബന്ധത്തിനും വിലയുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല’എന്നൊരു ഡയലോഗ് പ്രിയദര്‍ശിനി രാംദാസ് പറയുന്നുണ്ട്. ഇവിടെ സ്വന്തം സഹോദരനായ ജതിനെയാണ് അവര്‍ തള്ളിപ്പറയുന്നതെന്നാണ് സൂചന.
മാത്രമല്ല ഐ.യു.എഫ് നടത്തുന്ന ഈ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജതിന്‍ രാംദാസിന്റെ കട്ട് ഔട്ട് ഇല്ല. പി.കെ രംദാസിന്റേയും പ്രിയദര്‍ശനി രാംദാസിന്റേയും കട്ട് ഔട്ടുകള്‍ മാത്രമാണ് ആ സീനിലുള്ളത്. ഇതും ജതിന്‍ രാംദാസിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തെ സൂചിപ്പിക്കുണ്ട്.
‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍’ എന്ന സ്റ്റീഫന്റെ ചോദ്യത്തിലൂടെ ജതിന്‍ രാംദാസ് എന്തോ ഒരു തെറ്റ് ചെയ്തു എന്നും വ്യക്തമാണ്. പി.കെ രാംദാസിനെ ദൈവമെന്നാണ് ലൂസിഫറില്‍ സ്റ്റീഫന്‍ വിശേഷിപ്പിക്കുന്നത്.
ഇതിന് പിന്നാലെ കേരള രാഷ്ട്രീയത്തിലേക്കുള്ള സ്റ്റീഫന്റെ തിരിച്ചുവരവ് കാണിക്കുന്നുണ്ട്. വരുന്നത് അത്ര ചില്ലറ കൈയ്യല്ലെന്ന് സായ്കുമാറിന്റെ കഥാപാത്രം പറയുന്നതും സ്റ്റീഫന്റെ തിരിച്ചുവരവിനെ കുറിച്ചാണ്. മാത്രമല്ല മുഖ്യമന്ത്രിയായ ജതിന്റെ ഭരണം മികച്ചതായിരുന്നെങ്കില്‍ സ്റ്റീഫന്‍ തിരിച്ചുവരേണ്ടതുമില്ല.
സ്റ്റീഫനോട് ഇവിടേക്ക് തിരിച്ചുവരണമെന്ന് പറയുന്നത് ഗോവര്‍ദ്ധനാണ്. കേരളത്തിലേക്ക് തിരിച്ചുവന്ന് ഇവിടെയുള്ളവരെ രക്ഷിക്കണമെന്നാണ് സ്റ്റീഫനോട് പറയുന്നത്. ഇതിനിടെ ഇവിടെ നടക്കുന്ന ചില കലാപങ്ങളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
പണ്ടെങ്ങോ കേരള രാഷ്ട്രീയത്തില്‍ ഒരു എം.എല്‍.എ മാത്രമായിരുന്ന ഒരാള്‍, അയാളെ എന്തിനാണ് സാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന ചോദ്യവും സ്റ്റീഫന്റെ മടങ്ങി വരവിനെ സൂചിപ്പിക്കുന്നു.
പി.കെ രാംദാസ് എന്ന രാഷ്ട്രീയനേതാവിന്റെ ആശയത്തിനും രാഷ്ട്രീയത്തിനും എതിരായ ചില കാര്യങ്ങള്‍ ജതിന്‍ രാംദാസ് ചെയ്യുന്നു എന്ന സൂചനകള്‍ വളരെ കൃത്യമായി ട്രെയിലര്‍ നല്‍കുന്നുണ്ട്. ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ ഇതാണെങ്കിലും സിനിമയില്‍ ഇതെങ്ങനെ വരുമെന്ന് വ്യക്തമല്ല.
Content Highlight: Empuraan Movie Trailer Decoding and Jathin Ramdas Political Move