|

എമ്പുരാന്‍ ആദ്യ ഷെഡ്യൂളിന് പാക്കപ്പ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഷൂട്ടിങ് ഒക്ടോബര്‍ ആദ്യ വാരമായിരുന്നു ആരംഭിച്ചത്.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം ഒന്നടങ്കം.

ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.

ലഡാക്കിലും ദല്‍ഹിയിലുമായിട്ടാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണത്തില്‍ തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനി ലൈക്കയും പങ്കാളികളാണ്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേനുകളില്‍ സിനിമക്ക് ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മലയാള സിനിമയില്‍ പുതിയ തരംഗം തീര്‍ത്ത ചിത്രമായിരുന്നു ലൂസിഫര്‍.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.

മുമ്പ് ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് സംവിധായകന്‍ പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള താരത്തിന്റെ ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.

ഒന്നാം ഭാഗമായ ലൂസിഫറിന്റെ പ്രസക്ത രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ വീഡിയോയിലൂടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ എമ്പുരാന്‍ ഷൂട്ടിങ് തുടങ്ങുന്ന കാര്യം അറിയിച്ചത്.

മുരളി ഗോപിയുടേതാണ് എമ്പുരാന്റെ തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നിരുന്നത്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Content Highlight: Empuraan movie first schedule got packup prthviraj shares an update

Latest Stories