|

എവിടെ...എമ്പുരാന്റെ പുതിയ അപ്‌ഡേറ്റെവിടെ... ആശിര്‍വാദിന് പണികൊടുത്തോ ലൈക്ക?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായി ഇറങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഓരോ അപ്‌ഡേറ്റിനും വന്‍ വരവേല്‍പ്പായിരുന്നു എമ്പുരാന് ലഭിച്ചത്. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാന്‍ഡ് മേക്കിങ്ങാണ് എമ്പുരാന്റേതെന്ന് ഓരോ അപ്ഡേറ്റിലും വ്യക്തമായിരുന്നു. മലയാളത്തില്‍ ആദ്യമായി ക്യാരക്ടര്‍ റിവീലിങ് വീഡിയോ ക്യാമ്പയിനിലൂടെ പ്രൊമോഷന്‍ നടത്തിയതും എമ്പുരാനാണ്.

ചിത്രത്തിന്റെ ടീസര്‍ റിലീസ് വലിയ പരിപാടിയായാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ടീസര്‍ റിലീസിന് അന്നേ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 27ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേഷനുകളൊന്നും തന്നെ ഇതുവരെയും വന്നിട്ടില്ല. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഓണ്‍ലൈനിലോ ഓഫ് ലൈനിലോ ചിത്രത്തിന്റെ യാതൊരുവിധ പ്രൊമോഷന്‍ പരിപാടികളും ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇതാണ് ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയിപ്പോള്‍ എമ്പുരാന്‍ തന്നെയാണ്. റിലീസിന് മാസങ്ങള്‍ ഉള്ളപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചകളില്‍ സിനിമ വരുകയും ഓരോ അപ്‌ഡേഷനും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേഷനുകള്‍ വരാത്തത് എന്താണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. എമ്പുരാന്റെ റിലീസ് തിയ്യതിവരെ മാറ്റിയെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്.

ആശിര്‍വാദിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയായ ലൈക്കയുമായുള്ള അസ്വാരസ്യങ്ങള്‍ കാരണമാണ് പുതിയ അപ്‌ഡേഷനുകള്‍ ഒന്നും വരാത്തത് എന്ന രീതിയിലുള്ള തിയറികളും ഉണ്ട്. എമ്പുരാന്റെ കേരള വിതരണാവകാശം ആശിര്‍വാദിനാണെന്നിരിക്കെ ഓവര്‍സീസ് വിതരണാവകാശം ലൈക്കക്കാണ്. ആശിര്‍വാദ് സമ്മതിച്ച എമ്പുരാന്റെ ഒ.ടി.ടി, ഓവര്‍സീസ് തുകയുമായി ലൈക്കക്ക് ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്ത് വിടാത്തതെന്നുമാണ് ഒരു വാദം. ഇതെല്ലാം പ്രൊമോഷന്‍ സ്റ്റാറ്റജി ആണെന്ന് പറയുന്നവരും കുറവല്ല.

എന്തുതന്നെ ആയാലും വമ്പന്‍ ഹൈപ്പില്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ എമ്പുരാന്‍ മാര്‍ച്ച് 27 തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Content highlight: Empuraan movie and its production houses