|

അബ്രഹാം ഖുറേഷിയുടെ അഞ്ച് വർഷത്തെ ഗ്രോത്ത് ആണ് എമ്പുരാൻ: ശ്രീജിത്ത് ഗുരുവായൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിനെപ്പറ്റി വരുന്ന എല്ലാ വാർത്തകൾക്കും വൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫർ.

എമ്പുരാൻ്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് രാവിലെ ആറുമണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാണ് എമ്പുരാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസാണ് എമ്പുരാനിൻ്റേത്. നിറയെ സസ്പെൻസ് നിറച്ച സിനിമയായിരിക്കും എമ്പുരാൻ എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്.

ഇപ്പോൾ എമ്പുരാൻ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൻ്റെ മേക്കപ് ആർട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂർ. ലൂസിഫറിൽ നിന്നുള്ള അബ്രഹാം ഖുറേഷിയുടെ അഞ്ച് വർഷത്തെ ഗ്രോത്ത് ആണ് എമ്പുരാൻ എന്നാണ് ശ്രീജിത്ത് പറയുന്നത്.

ലൂസിഫറിലെ സ്റ്റീഫനെയും ആ ക്യാരക്ടറിൻ്റെ ഇമോഷൻസും പ്രേക്ഷകർ അടുത്തറിഞ്ഞിട്ടുണ്ടെന്നും അബ്രഹാം ഖുറേഷിയുടെ അഞ്ച് വർഷം ഗ്രോത്ത് ആണ് എമ്പുരാനിൽ കാണിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു. പ്രായത്തിലും അതേ ഗെറ്റപ് തന്നെയാണ് കൊടുത്തിരിക്കുന്നതെന്നും ജോലി ചെയ്യുമ്പോൾ നമ്മളെ വളരെ കംഫർട്ട് ആക്കുന്ന വ്യക്തിയാണ് മോഹൻലാലെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.

ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ലൂസിഫറിലെ സ്റ്റീഫനെ നമ്മൾ ഏറ്റവും അടുത്തറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ എല്ലാ ഇമോഷൻസും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. അതിൻ്റെ എൻഡിൽ അബ്രഹാം ഖുറേഷിയെയും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. അപ്പോൾ ലൂസിഫർ സിനിമയിൽ നിന്നുള്ള അബ്രഹാം ഖുറേഷിയുടെ അഞ്ച് വർഷം ഗ്രോത്ത് ആണ് എമ്പുരാനിൽ കാണിക്കുന്നത്. ലൂസിഫറിൽ എന്താണോ നിർത്തിയിരിക്കുന്നത് എന്ന് ആളുകൾക്ക് അത് അറിയാം, രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യമാണത്. അവിടെ നിന്നും ഒരു ഫൈവ് ഇയർ ഗ്രോത്താണ് എമ്പുരാൻ ചിത്രത്തിലെ ഗെറ്റപ്പുകൾക്ക് നമ്മൾ ഷെയ്ഡിങ് കൊടുത്തിട്ടുള്ളത്. അത് പ്രായം ആണെങ്കിലും അങ്ങനെ തന്നെയാണ്.

അബ്രഹാം ഖുറേഷിയുടെ ലുക്ക്, ബ്ലാക്ക് ആൻ്റ് ബ്ലാക്ക് എന്ന കോസ്റ്റ്യൂം കോഡ് അതിൻ്റെ രണ്ടു സൈഡിലുമുള്ള ഗ്രേ കളർ ആ ഒരു ഫീൽ നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യമാണ്. ജോലി ചെയ്യുമ്പോൾ നമ്മളെ വളരെ കംഫർട്ട് ആക്കുന്ന വ്യക്തിയാണ് മോഹൻലാൽ. അതുകൊണ്ട് ആ മൊമൻ്റുകൾ ലൈഫിൽ എപ്പോഴും ചെറിഷ് ചെയ്യുന്ന ആളാണ്,’ ശ്രീജിത്ത് പറഞ്ഞു.

Content Highlight: Empuraan is Abraham Qureshi’s five-year growth says Sreejith Guruvayoor