|

രണ്‍ബീര്‍ കപൂര്‍ മുതല്‍ അല്ലു അര്‍ജുന്‍ വരെ അടികൊണ്ട് വീണു, ബോക്‌സ് ഓഫീസ് ഇനി മോഹന്‍ലാല്‍ ഭരിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന എമ്പുരാന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ബുക്കിങ്ങിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിലും ആദ്യദിവസത്തെ ഷോയുടെയും ടിക്കറ്റുകള്‍ വിറ്റുപോയപ്പോള്‍ ചിലയിടത്ത് ആദ്യ വീക്കെന്‍ഡിലെ എല്ലാ ഷോയുടെയും ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ സെര്‍വര്‍ ക്രാഷാവുകയും ചെയ്തു. എന്നാല്‍ അതിനെക്കാളേറെ ശ്രദ്ധേയമായത് ആദ്യ ഒരുമണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണമാണ്. 96000 ടിക്കറ്റുകളാണ് ആദ്യമണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമുയര്‍ന്ന റെക്കോഡാണിത്.

തെലുങ്ക്, തമിഴ്, ഹിന്ദി താരങ്ങള്‍ മാത്രം കാലങ്ങളായി കൈവശം വെച്ചിരുന്ന റെക്കോഡാണ് വെറും ഒരൊറ്റ സിനിമ കൊണ്ട് മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രി നേടിയെടുത്തത്. 500 കോടി ബജറ്റിലെത്തിയ പുഷ്പ 2, എല്‍.സി.യു ഹൈപ്പിലെത്തിയ വിജയ് ചിത്രം ലിയോ, 650 കോടി ബജറ്റിലെത്തിയ കല്‍ക്കി 2898 എ.ഡി, രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് എമ്പുരാന്‍ ചരിത്രം കുറിച്ചത്. ലിയോ 82000 ടിക്കറ്റുകള്‍ വിറ്റപ്പോള്‍ പുഷ്പ 2 80000 ടിക്കറ്റുകളും വിറ്റുപോയിരുന്നു.

കേരളത്തില്‍ മാത്രമല്ല, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, മുംബൈ പോലുള്ള വന്‍ നഗരങ്ങളിലും എമ്പുരാന്റെ ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. ഓവര്‍സീസില്‍ നേരത്തെ ആരംഭിച്ച ബുക്കിങ്ങിലൂടെ 12 കോടിയോളമാണ് സ്വന്തമാക്കിയത്. എല്ലാം ഒത്തുവന്നാല്‍ ആദ്യദിനം വേള്‍ഡ്‌വൈഡായി 50 കോടി നേടുമെന്നാണ് കരുതുന്നത്.

കേരള ബോക്‌സ് ഓഫീസില്‍ ലിയോ നേടിയ ഫസ്റ്റ് ഡേ റെക്കോഡ് തകര്‍ക്കാന്‍ എമ്പുരാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതുവരെ ആയിരത്തിലധികം ഷോസ് എമ്പുരാനായി ട്രാക്ക് ചെയ്തുകഴിഞ്ഞു. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 12 കോടിയാണ് ലിയോ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ഇതിനെ തകര്‍ത്ത് മോളിവുഡ് മോഹന്‍ലാല്‍വുഡായി മാറുമെന്ന് ആരാധകര്‍ ഉറപ്പിച്ചുകഴിഞ്ഞു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ചിത്രം ഐമാക്‌സ് ഫോര്‍മാറ്റിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഐമാക്‌സ് ഫോര്‍മാറ്റിലെത്തുന്ന ആദ്യ മലയാളചിത്രവും എമ്പുരാന്‍ തന്നെയാണ്.

Content Highlight: Empuraan beats the hourly ticket sale of Leo and Pushpa within one hour

Video Stories