| Thursday, 3rd April 2025, 3:47 pm

ചൈനയില്‍ നിന്നുള്ള ഇലകളും സാധനങ്ങളും; എല്‍ ഷേപ്പില്‍ മരം കത്തിക്കല്‍ എളുപ്പമായിരുന്നില്ല: ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയാകുന്നത് പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനാണ്. സിനിമയിലെ ഗംഭീരമായ ആര്‍ട്ട് വര്‍ക്കിലൂടെ കയ്യടി നേടുകയാണ് ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്.

എമ്പുരാന്‍ സിനിമയിലെ ഓരോ രംഗങ്ങളും ഒന്നിനൊന്ന് മികവുറ്റതാക്കുന്നതില്‍ ആര്‍ട്ട് ഡിപ്പാര്‍ട്മെന്റ് എടുത്ത റിസ്‌ക് ചെറുതല്ല. ഇപ്പോള്‍ ചിത്രത്തില്‍ കാടിനകത്ത് എല്‍ ഷേപ്പില്‍ കത്തുന്നതായി കാണിച്ച മരത്തെ കുറിച്ച് പറയുകയാണ് മോഹന്‍ദാസ്.

അത് എല്‍ ഷേപ്പിലുള്ള മരമായിരുന്നില്ലെന്നും തങ്ങള്‍ തന്നെ ക്രിയേറ്റ് ചെയ്ത മരമായിരുന്നുവെന്നും മോഹന്‍ദാസ് പറയുന്നു. യഥാര്‍ത്ഥ കാടിന്റെ അകത്ത് തന്നെയായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫയര്‍പ്രൂപ്പായിട്ടുള്ള ഫൈബര്‍ ഉപയോഗിച്ച് മരമുണ്ടാക്കിയ ശേഷം ചൈനയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത ഇലകളും സാധനങ്ങളുമൊക്കെ സെറ്റ് ചെയ്യുകയായിരുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്‍ ഷേപ്പില്‍ ഒരു മരം കത്തുന്ന സീനുണ്ട്. അതില്‍ ഉപയോഗിച്ച മരം എല്‍ ഷേപ്പിലുള്ളതല്ല. അതൊരു ഫുള്‍ മരം തന്നെയാണ്. നമ്മള്‍ ക്രിയേറ്റ് ചെയ്തതായിരുന്നു. ഒറിജിനല്‍ ഫോറസ്റ്റിന്റെ അകത്ത് തന്നെയായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്.

പക്ഷെ ഒറിജിനല്‍ മരം കത്തിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നമ്മള്‍ ഫയര്‍പ്രൂപ്പായിട്ടുള്ള ഫൈബര്‍ ഉപയോഗിച്ചിട്ട് ഒരു മരമുണ്ടാക്കുകയായിരുന്നു. പിന്നെ അതിനകത്ത് ഇലകളും മറ്റും സെറ്റ് ചെയ്യുകയായിരുന്നു. ഇലകളും സാധനങ്ങളുമൊക്കെ ചൈനയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്തതായിരുന്നു.

പക്ഷെ കാട്ടില്‍ നിന്നുള്ള സീനായിരുന്നത് കൊണ്ട് വേറെയും സാധനങ്ങള്‍ വേണമായിരുന്നു. അടിക്കാടുകള്‍ വേണമായിരുന്നു. അടിക്കാടുകളൊക്കെ നമ്മള്‍ തന്നെ സെറ്റ് ചെയ്തതായിരുന്നു.

ആ മരം ഉണ്ടാക്കിയ ശേഷം നമ്മള്‍ അതിനകത്ത് സ്‌പെഷ്യല്‍ എഫക്ട് ടീമുകളെ കൊണ്ട് ഗ്യാസ് കണക്ഷന്‍ കൊടുപ്പിക്കുകയായിരുന്നു. എന്നിട്ട് കത്തിച്ചു. അതുകൊണ്ടാണ് ഒരേ അളവില്‍ കത്തിയത്. സൊലൂഷന്‍ ഒഴിച്ചിരുന്നെങ്കില്‍ കത്തുന്നത് ഒരേ അളവില്‍ കിട്ടില്ലായിരുന്നു,’ മോഹന്‍ദാസ് പറയുന്നു.

Content Highlight: Empuraan Art Directer Mohandas Talks About L Shaped Tree In Cinema

We use cookies to give you the best possible experience. Learn more