| Tuesday, 30th November 2021, 5:25 pm

ബീഹാര്‍ നിയമസഭയില്‍ ഒഴിഞ്ഞ മദ്യകുപ്പി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭ പരിസരത്ത് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

മദ്യകുപ്പികള്‍ കണ്ടെത്തിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിരുന്നു.

സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഒഴിഞ്ഞ കുപ്പി ആ പരാജയത്തിന്റെ കൂടുതല്‍ തെളിവാണെന്നും പ്രതിപക്ഷ നേതാവ് തേജ്വസി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് മദ്യനിരോധനം ആഹ്നാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ എന്‍.ഡി.എ എം.എല്‍.എമാര്‍ പ്രതിജ്ഞചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടതെന്ന് യാദവ് പറഞ്ഞു.

അനധികൃത മദ്യക്കച്ചവടത്തില്‍ തന്റെ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ജെ.ഡി.യുവിന്റെ അവകാശവാദത്തിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ‘ഞങ്ങള്‍ നിയമസഭ പരിസരത്ത് കുപ്പികള്‍ വെച്ചുവെന്ന വാദവുമായി അവര്‍ വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു.

‘ഇത് വളരെ വലിയ വിഷയമാണ്. നിയമസഭാ വളപ്പില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍, മുഖ്യമന്ത്രിക്ക് തന്റെ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യതയില്ല. ആരാണ് ഇത് ചെയ്തത്. ബീഹാറിലെ ആഭ്യന്തര മന്ത്രി ഉറങ്ങുകയാണോ? യാദവ് ചോദിച്ചു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്ന് 100 മീറ്റര്‍ മാത്രം ദൂരമേയുള്ളൂ ഈ സ്ഥലത്തേക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം പടിഞ്ഞാറന്‍ ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍, സമസ്തിപൂര്‍ ജില്ലകളിലായി 40തിലധികം പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിതീഷ് കുമാര്‍ നടത്തിയ അവലോകന യോഗത്തില്‍ മദ്യ നിരോധനം നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായി കണ്ടെത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Empty liquor bottle in Bihar Assembly; CM orders probe

We use cookies to give you the best possible experience. Learn more