മഥുര: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മഥുരയില്‍ നടന്ന തെരഞ്ഞെടുപ്പു കാമ്പയിനില്‍ എത്തിച്ചേര്‍ന്നത് നൂറില്‍ താഴെ ആളുകള്‍ മാത്രം. ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ നിന്നുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് ബി.ജെ.പി നേതാവും സിറ്റിങ് എം.പിയുമായ ഹേമമാലിനിക്ക് വോട്ട് ചോദിച്ച് പ്രസംഗിച്ചത്.
വേദിയില്‍ ഇട്ടിരിക്കുന്ന മുക്കാല്‍ ഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും കളളന്‍മാരാണെന്നും സഹോദങ്ങളാണെന്നുമുള്ള യോഗിയുടെ പുതിയ മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ പോലും ആളുണ്ടായില്ല.
10000 ആളുകള്‍ എത്തിച്ചേരുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ലെന്നും ലഖ്‌നൗവിലെ ബി.ജെപി നേതാവ് തന്നെ പറയുന്നു. 2000 കസേരകള്‍ തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ കസേരകള്‍ കാലിയായിരുന്നു. എന്നാല്‍ പിറകുവശത്തായി കൂടുതല്‍ ആളുകള്‍ നിന്നിരുന്നു എന്നാണ് മറ്റൊരു ബി.ജെ.പി നേതാവ് അവകാശപ്പെട്ടതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ബി.ജെ.പിയുടെ എല്ലാ തെരഞ്ഞെടുപ്പു കാമ്പയിനുകളുടേയും സ്ഥിതി ഇതാണെന്നും ബി.ജെ.പിയെ പേടിച്ച് പലരും തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കാന്‍ മടിക്കുന്നതാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞത്.
“”2014 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തിലെത്തിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉടനീളം പച്ചക്കള്ളം വിളിച്ചുപറഞ്ഞും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയുമായിരുന്നു അവര്‍ അധികാരത്തിലെത്തിയത്. ഇനിയും ആ കള്ളങ്ങള്‍ ആവര്‍ത്തിച്ചുകേള്‍ക്കാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. അതുകൊണ്ടാണ് ആളുകള്‍ റാലിയില്‍ എത്താത്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടാന്‍ പോകുന്നത് കനത്ത പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥ് എത്തിയപ്പോഴും പ്രസംഗം കേള്‍ക്കാന്‍ ആളുകളുണ്ടായിരുന്നില്ല. അന്ന് പച്ചകസേരകളെ നോക്കിയുള്ള യോഗിയുടെ പ്രസംഗവും വാര്‍ത്തായായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യോഗി പ്രചരണത്തിനെത്തിയ മുഴുവന്‍ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തിരുന്നു.