| Friday, 8th March 2019, 9:15 pm

കശ്മീര്‍ വിരുദ്ധ പരാമര്‍ശം; മേഘാലയ ഗവര്‍ണറെ നിയമസഭയില്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹതി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കശ്മീരികള്‍ വേട്ടയാടപ്പെടുമ്പോള്‍ അവരെ ബഹിഷ്‌ക്കരിക്കണമെന്ന് ട്വീറ്റ് ചെയ്ത മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയെ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് നിയമസഭയില്‍ സംസാരിക്കാനെത്തിയ റോയ്ക്ക് മുന്നില്‍ ഒഴിഞ്ഞ കസേരകളാണുണ്ടായത്.

റോയ് കശ്മീരികള്‍ക്കെതിരായി ഒരു റിട്ടയേര്‍ഡ് സൈനിക കേണലിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യുകയാണുണ്ടായത്. “കശ്മീരില്‍ പോകരുത്.  രണ്ട്  വര്‍ഷത്തേക്ക് അമര്‍നാഥ് യാത്ര ഒഴിവാക്കണം. തണുപ്പ് കാലത്ത് കശ്മീരില്‍ പോകുന്നവര്‍ അവിടത്തെ കച്ചവടക്കാരില്‍ നിന്ന് ഒന്നും വാങ്ങരുത്. കശ്മീരികളുടേതായ എല്ലാം ബഹിഷ്‌ക്കരിക്കുക.” എന്നായിരുന്നു ട്വീറ്റ്.

ഭരണഘടനാ സ്ഥാനത്തിരിക്കുന്ന റോയ് ഇതിന് മുന്‍പും പദവിയ്ക്ക് നിരക്കാത്ത പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ട്വീറ്റില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തഥാഗതാ റോയ് തയ്യാറായിട്ടില്ല. ട്വീറ്റില്‍ പറഞ്ഞതില്‍ കൂടുതല്‍ തനിക്ക് പറയാനില്ലെന്നാണ് റോയ് പ്രതികരിച്ചത്.

ഗവര്‍ണരെ പ്രധാനമന്ത്രി പുറത്താക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പുല്‍വാമ പോലുള്ള സംഭവം ഉണ്ടായിരുന്നെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ റോയ് പറയുമായിരുന്നോയെന്ന് സാങ്മ ചോദിച്ചു.

We use cookies to give you the best possible experience. Learn more