| Sunday, 29th April 2018, 4:14 pm

അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്‍റ് ബാങ്ക് അഴിമതിയാരോപണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം; പ്രതിഷേധിച്ച ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കാനൊരുങ്ങി ബാങ്കിന്റെ ഭരണസമിതി

ഗോപിക

വികസനത്തിനായി സ്ഥാപിച്ച ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പോലെ കേരളത്തിലെ കാര്‍ഷിക മേഖല വികസനങ്ങളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച സ്ഥാപനമാണ് അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബാങ്ക്. കുറച്ചുകാലം മുമ്പ് വരെ കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ ആശ്രയമായിരുന്ന ഭൂപണയ ബാങ്കുകളുടെ ഉന്നതസ്ഥാപനമാണ് അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബാങ്ക്. കേരളത്തിലെ സഹകരണ സാമ്പത്തിക പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കുകള്‍ക്കുള്ളില്‍ ബോര്‍ഡ് അധികൃതരുടെ ദുര്‍നടപടികള്‍ വ്യാപകമാകുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കയാണെന്നാണ് ബാങ്കിംഗ് രംഗത്തെ വിദ്ഗധന്‍ കൂടിയായ എ.കെ രമേഷ് പറയുന്നത്.

അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ബോര്‍ഡ് ഇപ്പോള്‍ നിയന്ത്രിക്കുന്നത് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. നിലവില്‍ ബോര്‍ഡ് നിയന്ത്രിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബാങ്ക് ജനറല്‍ മാനേജറുടെ ആക്രോശപരമായ നടപടികളാണ് ഇപ്പോള്‍ ഉയരുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും കാരണം.

ബോര്‍ഡ് നേതൃത്വത്തിന്റെയും ജനറല്‍ മാനേജറുടെയും അഴിമതികള്‍ക്ക് പിന്തുണ നല്‍കാതെ എതിര്‍ത്തുക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ തൊഴിലാളി സംഘടനകളിലെ ഉദ്യോഗസ്ഥര്‍ക്കു നേരേ വിവാദ ഉത്തരവുകളാണ് ജനറല്‍ മാനേജര്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് തൊഴിലാളികളുടെ സംഘടന ഭാരവാഹി(പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല) നിലവിലെ പ്രശ്‌നങ്ങളെപ്പറ്റി ഡൂള്‍ന്യൂസിനോട് പറഞ്ഞു.


ALSO READ: തീരപരിപാലന ഭേദഗതി വിജ്ഞാപനം; മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്റെ മറവില്‍ ടൂറിസ്റ്റ്- കുത്തക നിര്‍മാണ മാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം


“ബാങ്കിന്റെ ഉള്ളില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നിരവധിയാണ്. ബാങ്കിന്റെ മാനേജ്‌മെന്റിന് കീഴില്‍ ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അകാരണമായി ട്രാന്‍സ്ഫര്‍ ചെയ്യുന്ന നടപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിലവിലെ സ്ഥലംമാറ്റത്തിന്റെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്ന്” ബാങ്ക് തൊഴിലാളി യൂണിയന്‍ ഭാരവാഹി ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഘടനപരമായ പ്രശ്‌നങ്ങളാണ് ഇത്തരം പ്രതികാര നടപടികള്‍ എടുക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബാങ്കിന്റെ ഉള്ളില്‍ നടക്കുന്ന അഴിമതികളും മറ്റ് ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മാനേജ്‌മെന്റുമായി നിരന്തര തര്‍ക്കത്തിലായിരുന്നു തൊഴിലാളി സംഘടനകള്‍. ഇതില്‍ തുടരുന്ന ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് പ്രതികാര നടപടിയന്നോണം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന രീതീയാണ് നിലവില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്ത്രീകളടക്കമുള്ള ജീവനക്കാരെ വയനാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കുന്ന നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്.

എം.ഡിയാണ് നിലവിലെ എക്‌സിക്യൂട്ടിവ് ബോഡിയെങ്കിലും ജനറല്‍ മാനേജരുടെ ഭാഗത്ത് നിന്നാണ് കര്‍ശന നടപടികള്‍ പുറത്തുവരുന്നത്. ഒരു മാനേജ്‌മെന്റിനുള്ളില്‍ സംഘടനകളും ജീവനക്കാരുടെ താല്പര്യങ്ങളും തമ്മില്‍ എപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അവയെ ചര്‍ച്ചയിലൂടെ പരിഹരിക്കുകയെന്നതിലുപരി പ്രതികാര നടപടിയെടുക്കുകയെന്ന സാഹചര്യമാണ് ബാങ്ക് മാനേജ്‌മെന്റിന്റെ നിലവിലെ സ്ഥിതിയില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫിന്റെ ഭരണ സമിതിയാണ് നിലവില്‍ ബാങ്കിന്റെ ഭരണസമിതിയെ നിയന്ത്രിക്കുന്നത്.


MUST READ: ബാങ്കിംഗ് മേഖലയില്‍ സേവനങ്ങള്‍ക്കും ഇനി നികുതി; അഞ്ച് വര്‍ഷത്തെ മുന്‍കാലപ്രാബല്യത്തോടെ വരുന്ന നികുതി സംവിധാനത്തില്‍ പ്രതിസന്ധിയിലാകുന്നത് ഉപഭോക്താക്കളും ബാങ്കുകളും


ജനറല്‍ മാനേജരുടെ പ്രമോഷനുമായി ബന്ധപ്പെട്ട വിഷയങ്ങൡ ജീവനക്കാരുടെ സംഘടനകള്‍ ഇടപെട്ടതാണ് ഇപ്പോള്‍ ബാങ്കിനുള്ളില്‍ ഉയര്‍ന്നുവരുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും കാരണം. പി.എസ്.സി എറ്റെടുത്ത് ബാങ്കിന്റെ നിയമന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിലവിലെ ജനറല്‍ മാനേജര്‍ പുറത്ത് നിന്ന് തെരഞ്ഞെടുത്ത വ്യക്തിയാകണം എന്നുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ നിലവിലുള്ള ഭരണസമിതി പാലിക്കാതെ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥയ്ക്ക് പ്രമോഷനുള്ള നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോയിരുന്നു.

അത് ജീവനക്കാരുടെ സംഘടന ഏറ്റെടുക്കുകയും പ്രമോഷന്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതിനെതിരെയുള്ള നടപടിയെന്നോണമാണ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുക എന്ന നടപടിയിലേക്ക് ജനറല്‍ മാനേജര്‍ തിരിഞ്ഞത്.

്അതിന്റെ ഭാഗമായാണ് കഴിഞ്ഞ ആഴ്ച എറണാകുളത്തെ ബി.ഇ.എഫ്.ഐ അംഗങ്ങളെ അകാരണമായി വിദൂരങ്ങളിലേക്ക് സ്ഥലംമാറ്റം ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. നടപടിയുടെ ഔചിത്യം പരിശോധിച്ച വകുപ്പ് മന്ത്രി ഇടപെട്ട് സ്ഥലം മാറ്റം റദ്ദ് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ഇതേ സര്‍ക്കുലര്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് ജനറല്‍ മാനേജരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു.

നിലവിലെ ബോര്‍ഡുമായി ബന്ധപ്പെട്ട് നിരവധി അഴിമതിയാരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നതെന്നാണ് തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞത്. തെറ്റായ രീതിയില്‍ വാല്യുവേഷന്‍ നടത്തി പത്തനംതിട്ടയില്‍ നടന്ന ഭൂമിയിടപാടിയില്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ക്രമക്കേട് ഉണ്ടായിട്ടുണ്ട്. അതു കുടാതെ ഇവര്‍ നല്‍കിയിരുന്ന കോണ്‍ട്രാക്റ്റ് അപ്രൂവലുകളിലും അഴിമതി നടന്നതായി തങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നാണ് ജീവനക്കാരുടെ സംഘടന ഭാരവാഹി പറഞ്ഞത്. ഇതിന്റെയെല്ലാം പ്രതികാരമെന്നോണമാണ് ഇത്തരം ക്രമക്കേടുകള്‍ക്ക് കൂട്ട് നില്‍ക്കാത്ത ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നടപടിയുമായി ജനറല്‍ മാനേജര്‍ രംഗത്തെത്തിയിരിക്കുന്നത്.


ALSO READ: സര്‍വ്വകലാശാലകളില്‍ ഏകീകൃത സിലബസെന്ന നിര്‍ദ്ദേശവുമായി യു.ജി.സി; സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള യു.ജി.സി നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു


വകുപ്പ് തലത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചെങ്കിലും പിന്നീടും ഈ നടപടിയുമായി ജനറല്‍ മാനേജര്‍ രംഗത്തു വരികയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തന്നെ മുന്നോട്ട് പോകുമെന്നാണ് ബോര്‍ഡിന് കീഴില്‍ നിരന്തര സമരവുമായി രംഗത്തുള്ള തൊഴിലാളി സംഘടന നേതാക്കള്‍ പറയുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more