ന്യൂദല്‍ഹി: ആദായനികുതി വകുപ്പിന്റെ മുംബൈ, ദല്‍ഹി ഓഫീസുകളിലെ പരിശോധനയെ കുറിച്ച് ഹിന്ദി ലേഖനവുമായി ബി.ബി.സി. സര്‍വേ കാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാന്‍ സാധിച്ചില്ലെന്നും, ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസും ജീവനക്കാരില്‍ പലരോടും മോശമായി പെരുമാറിയെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
മൂന്ന് ദിവസം നീണ്ട പരിശോധനക്ക് ശേഷം ബി.ബി.സിയില്‍ ചില ക്രമക്കേടുകളുണ്ടെന്നും ഗുരുതരമായ തെളിവുകള്‍ ലഭിച്ചെന്നും ആദായ നികുതി വകുപ്പ് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം നിഷേധിച്ച് കൊണ്ടുള്ള ലേഖനമാണ് ബി.ബി.സി പുറത്തിറക്കിയത്.
മൂന്ന് ദിവസങ്ങളില്‍ ബി.ബി.സിയുടെ ഓഫീസുകളില്‍ എന്താണ് നടന്നതെന്ന് വിശദീകരിക്കുന്നതാണ് ലേഖനം. ബി.ബി.സി ഹിന്ദിയുടെ വെബ്‌സൈറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സര്‍വേ സമയത്ത് തങ്ങള്‍ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസുകാരും പലപ്പോഴും മോശമായി ജീവനക്കാരോട് പെരുമാറിയെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.
സര്‍വേ തുടങ്ങി ഏകദേശം മണിക്കൂറുകളോളം ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും സര്‍വേ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ബി.ബി,സിയില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഇത് വരെ തങ്ങളെ ഒന്നും അറിയിച്ചിട്ടില്ല. ആദായ നികുതി വകുപ്പ് അറിയിക്കുകയാണെങ്കില്‍ കൃത്യമായ മറുപടി കൊടുക്കുമെന്നും ബി.ബി.സി പറഞ്ഞു.
റെയ്ഡുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ബി.ബി.സിയുടെ ഒരു പ്രതികരണമാണ് ഈ ലേഖനം.
ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ബി.ബി.സിയുടെ രണ്ട് ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബി.ബി.സിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണത്തിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
മൂന്ന് ദിവസം നീണ്ട റെയ്ഡ് അവസാനിച്ചപ്പോള്‍ പല ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു. ബി.ബി.സിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഭയമില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സ്ഥാപനമെന്ന് ബി.ബി.സി അന്ന് റെയ്ഡിന് മറുപടി നല്‍കിയത്.
ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതിജ്ഞാബദ്ധതയോടെ ബി.ബി.സി ഇനിയും പ്രവര്‍ത്തിക്കും. ബി.ബി.സി വിശ്വസ്ഥമായ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മീഡിയയാണ്. നിര്‍ഭയം, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയുണ്ടാകുമെന്നും ബി.ബി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.