| Thursday, 9th August 2012, 3:38 pm

സിറാജ് ദിനപത്രത്തില്‍ തൊഴിലാളിയെ സസ്‌പെന്റ് ചെയ്തു; പത്രപ്രര്‍ത്തക യൂണിയനുകള്‍ സംയുക്തസമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ ഒരു തൊഴിലാളിയെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനുകള്‍ മൂന്നു മാസക്കാലമായി സമരത്തില്‍. ബിനീഷ് എന്ന തൊഴിലാളിയെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പത്രപ്രവര്‍ത്തക യൂണിയനുകളായ കെ.യു.ഡബ്ല്യു.ജെയും കെ.എന്‍.ഇ.എഫും സംയുക്തമായി ദിവസങ്ങളായി സമരം ചെയ്തുവരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ സംഘടനകളുടെ ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. []

ബിനീഷിനെ പിരിച്ചുവിട്ടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണെന്ന് പത്രപ്രവര്‍ത്തക യൂണിയനുകള്‍ ആരോപിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിറാജ് സെല്ലിലെ മുന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്ന ബിനീഷ് നിലവില്‍ കെ.എന്‍.ഇ.എഫിന്റെ സിറാജ് സെല്ലിലെ ട്രഷറര്‍ ആണ്. 16 വര്‍ഷക്കാലമായി സിറാജില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളി കൂടിയാണ് ബിനീഷ്.

മാനേജ്‌മെന്റിന്റെ ദുഷ്പ്രഭുത്വമാണ് ബിനീഷിന്റെ സസ്‌പെന്‍ഷനിലൂടെ വെളിവാക്കപ്പെടുന്നത്. ട്രേഡ് യൂണിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാനേജുമെന്റുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കള്ള കേസുകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കാനുമുള്ള ഇത്തരം നടപടികള്‍ അപലപനീയം കൂടിയാണ്.

എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകനെ മര്‍ദിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ബിനീഷിനെ സസ്‌പെന്റ് ചെയ്തതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ 15ന് സെക്ഷനിലുള്ള ഒരു തൊഴിലാളിയുമായി വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ പരാതി നല്‍കിയ തൊഴിലാളി ബിനീഷിനെതിരെ നല്‍കിയ പരാതി വാക്കാല്‍ പിന്‍വലിച്ചിട്ടും മാനേജ്‌മെന്റ് അത് അംഗീകരിക്കുകയുണ്ടായില്ല. നല്‍കിയ പരാതി പിന്‍വലിക്കാനാവില്ല എന്നാണ് ഇവരുടെ നിലപാട്.

ബിനീഷിനെതിരെ മാനേജ്‌മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഒട്ടും സുതാര്യമായിരുന്നില്ല അന്വേഷണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നടപടിയെ കുറിച്ച് ബിനീഷിനോട് അന്വേഷിക്കുകപോലും ചെയ്യാതെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കുകയായിരുന്നു എന്ന പരാതിയും അന്വേഷണത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ബിനീഷിന് ഇതുവരെയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ഇറക്കിയ ലഘുലേഖയില്‍  മൂന്ന് വര്‍ഷം മുമ്പുള്ള പഞ്ചിങ്ങ് റിപ്പോര്‍ട്ടിന്റെ പേരിലാണ് ബിനീഷിനെ സസ്‌പെന്റ് ചെയ്തതെന്നും മാനേജ്‌മെന്റ് പറയുന്നു.

എന്നാല്‍ സ്ഥിതി അതല്ലെന്നും മാനേജ്‌മെന്റിലെ ചില ആളുകളുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്നും അതാണ് സസ്‌പെന്‍ഷന്‌ പിന്നിലെന്നും തൊഴിലാളികള്‍ പറഞ്ഞു.

രണ്ട് ട്രേഡ് യൂണിയനുകളും പ്രശ്‌നപരിഹാരത്തിനായി വിവിധ തലങ്ങളില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹാരിക്കാത്തതിനെ തുടര്‍ന്ന് സമര പരിപാടികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 23ന് ട്രേഡ് യൂണിയന്‍ കരിദിനമാചരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more