| Wednesday, 2nd October 2019, 8:47 am

നവംബര്‍ 20 വരെ സമയം; അതിനകം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ ധനവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാത്ത ജീവനക്കാര്‍ക്ക് നവംബര്‍ മുതല്‍ ശമ്പളം തടയാന്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശം. നേരത്തെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരാവുകയും പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വന്ന 2013 ഏപ്രില്‍ ഒന്നിനുശേഷം സ്ഥിരപ്പെടുകയും ചെയ്ത ജീവനക്കാരെയായിരിക്കും ബാധിക്കുക.

ഇവര്‍ക്ക് നവംബര്‍ 20 വരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിനകം ചേര്‍ന്നില്ലെങ്കില്‍ ആ മാസം മുതലുള്ള ശമ്പളബില്ലുകള്‍ പാസാക്കില്ലെന്ന് ധനവകുപ്പ് ഉത്തരവില്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷനുമുമ്പ് അവധി ഒഴിവുകളില്‍ പ്രവേശിക്കുകയും പദ്ധതി നടപ്പിലാക്കിയ ശേഷം സ്ഥിരനിയമനം ലഭിക്കുകയും ചെയ്ത അധ്യാപകര്‍ക്കും ഇത് ബാധകമാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനരാലോചിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതി കര്‍ശനമാക്കുന്നത്. നവംബര്‍ 20-ന് ശേഷവും പദ്ധതിയില്‍ അംഗങ്ങളല്ലാത്തവരുടെ ആ മാസം മുതലുള്ള ശമ്പള ബില്ലുകള്‍ പാസാക്കില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്ല്‍ അംഗങ്ങളാവുന്ന ജീവനക്കാര്‍ക്ക് കുടിശ്ശിക അടക്കാന്‍ പരമാവധി 60 തുല്ല്യ തവണകള്‍ നല്‍കാനും തീരുമാനിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2013 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ സര്‍വിസില്‍ പ്രവേശിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയിരുന്നു. പിന്നീടാണ് സൂപ്പര്‍ ന്യൂമററി വിഷയം വന്നത്.

സൂപ്പര്‍ ന്യൂമററിയുടെ കാര്യത്തില്‍ നേരത്തെ ഉത്തരവുകള്‍ നല്‍കിയ ശേഷവും സമയപരിധിയില്‍ ജീവനക്കാര്‍ അംഗങ്ങളാവാത്തത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാലാണ് പദ്ധതി കര്‍ശനമാക്കിയത്.

We use cookies to give you the best possible experience. Learn more