| Wednesday, 23rd February 2022, 3:51 pm

യഥാസമയത്ത് ശമ്പളം ലഭിക്കുന്നില്ല; ശമ്പളം പിടിക്കുന്നു; സമരത്തിനിറങ്ങി മാധ്യമം പത്രത്തിലെ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യഥാസമയത്ത് ശമ്പളം നല്‍കാതിരിക്കുന്ന മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം തുടങ്ങി.

വെള്ളിമാടുകുന്നിലെ ഹെഡ് ഓഫീസിന് മുന്നില്‍ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണിക്കൂര്‍ സൂചനാ ധര്‍ണ ആരംഭിച്ചു.

ശമ്പളം വൈകുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി നിരന്തരം ചര്‍ച്ച ചെയ്‌തെങ്കിലും നേരത്തെ തന്ന വാക്കുപാലിക്കപ്പെടാന്‍ സാധ്യതകള്‍ തെളിയാത്ത സാഹചര്യത്തിലാണ് നേരത്തെ നിര്‍ത്തിവെച്ച സമരപരിപാടികള്‍ ഫെബ്രുവരി 23ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

‘ഒരു രൂപപോലും അധികമായി ആവശ്യപ്പെട്ടല്ല നമ്മള്‍ ഈ പോരാട്ടത്തിനിറങ്ങുന്നത്. ഇത്രയും കാലം നമ്മുടെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുന്നത് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ്. ഏതൊരു മനുഷ്യനും ന്യായമായി ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ ഒന്നും നമ്മളും ആവശ്യപ്പെടുന്നില്ല.

ഇത് സൂചന മാത്രമാണ്. എന്നിട്ടും കണ്ണും കാതും അടച്ചുപൂട്ടിയിരിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കില്‍ റിലേ സത്യഗ്രഹവും നിരാഹാരസത്യഗ്രഹവും മരണംവരെ സത്യഗ്രഹവുമടക്കമുള്ള അതിതീക്ഷ്ണമായ സമര പരമ്പരകളിലേക്ക് നമുക്ക് കടക്കേണ്ടിവരും,’ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഡി.എ പൂര്‍ണമായി പുനസ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സമാശ്വാസമാകാന്‍ രണ്ട് ദിവസത്തെ സാലറി വിട്ടുകൊടുക്കാമെന്ന് എല്ലാ ചര്‍ച്ചകളുടെയും ഒടുവിലായി യൂണിയനുകള്‍ സി.ഇ.ഒയുമായി ധാരണയിലായതാണ്.

പക്ഷേ, അത് 2023 ജൂണ്‍ വരെ 15 മാസം വേണമെന്നാണ് അദ്ദേഹത്തിന്റെ കടുംപിടിത്തം. രണ്ട് ദിവസത്തെ സാലറി വിട്ടുകൊടുക്കുന്നത് 2022 ജൂണ്‍ 30 വരെയുള്ള ആറുമാസക്കാലത്തേക്കായി നിശ്ചയിക്കണമെന്നും അതിനു ശേഷം സാഹചര്യം അവലോകനം ചെയ്ത് കരാര്‍ നീട്ടണോ എന്ന് തീരുമാനിക്കാമെന്നും ആ ചര്‍ച്ചയുടെ തിയതി ഇപ്പോള്‍ തന്നെ തീരുമാനിക്കാമെന്നും അറിയിച്ചതാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ സി.ഇ.ഒ തയാറല്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

No description available.

No description available.

ഇത്രയും വിട്ടുവീഴ്ച ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ മാസവും ഏഴാം തിയതിക്കകം ശമ്പളവിതരണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പരമാവധി 10ാം തിയതിക്കുള്ളിലെങ്കിലും സാലറി വിതരണം പൂര്‍ത്തിയാക്കണം എന്ന് പിന്നീട് ചര്‍ച്ചയില്‍ ഇളവ് അറിയിക്കുകയുണ്ടായി. എന്നാല്‍, 30ാം തിയതിക്കകം മാത്രമേ സാലറി വിതരണം പൂര്‍ത്തിയാക്കാനാവൂ എന്നുമാണ് സി.ഇ.ഒയുടെ പിടിവാശിയെന്നും മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

30,000 രൂപയില്‍ താഴെയുള്ളവരുടെ സാലറി പിടിക്കരുതെന്ന ആവശ്യവും നിരാകരിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒമ്പതിന് പ്രതിഷേധത്തിനൊരുങ്ങിയപ്പോഴാണ് ഈ മാസം 21നകം പ്രശ്‌നം ഒത്തുതീര്‍പ്പില്‍ എത്തിച്ച് കരാര്‍ ഒപ്പുവെക്കാമെന്ന് ഉറപ്പുനല്‍കിയത്. ഈ വാക്കുപാലിക്കാത്തതിനാലാണ് പരസ്യസമരവുമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

CONTENT HIGHLIGHTS: Employees of Madhyamam Daily went on strike to protest against the management’s failure to pay their salaries on time.

Latest Stories

We use cookies to give you the best possible experience. Learn more