തൃശൂര്‍: സംസ്ഥാനത്ത് മദ്യശാല ജീവനക്കാര്‍ക്ക് അതിക്രമം നടക്കുന്നത് തുടര്‍ക്കഥയെന്ന് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികള്‍. സംസ്ഥാനത്ത് മദ്യശാല ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഐ.എന്‍.ടി.യു.സി വിഭാഗം ബെവ്‌കോ എംപ്ലോയീസ് അസോയിയേഷന്‍ പ്രസിഡന്റ് എ. ജേക്കബ് പറഞ്ഞു. അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബിവറേജ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ അക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരികള്‍ ഉപയോഗിച്ചാണ് ഇവര്‍ വരുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടണം,’ എ. ജേക്കബ് പറഞ്ഞു
തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലംഗ സംഘം ഇന്ന് പിടിയിലായിട്ടുണ്ട്. തൃശൂര്‍ പൂത്തോളിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യശാല അടച്ച ശേഷമാണ് കോഴിക്കോട് സ്വദേശികളായ സംഘം എത്തിയത്. തുടര്‍ന്ന മദ്യം കിട്ടാതായതോടെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച കൊച്ചി രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിലേക്ക് പെട്രോള്‍ ബോംബേറ് നടന്നിരുന്നു. മദ്യം വാങ്ങാനെത്തിയ യുവാവ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതോടെയാണ് സംഭവത്തിന്റെ തുടക്കം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlight: Employees association representatives said that the violence against liquor store employees in the state is a continuing story