| Saturday, 8th February 2020, 1:05 pm

എല്‍.ഐ.സി; കൊന്നുതിന്നുകയല്ല, വിറ്റുതുലയ്ക്കുകയാണ് പൊന്മുട്ടയിടുന്ന താറാവിനെ

ആര്യ. പി

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള പ്രഖ്യാപിത തീരുമാനത്തിന്റെ ഭാഗമായി എല്‍.ഐ.സിയിലുള്ള സര്‍ക്കാരിന്റ ഓഹരി വിറ്റഴിക്കുമെന്ന് ഫെബ്രുവരി 1 ശനിയാഴ്ച നടന്ന ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

2020-21ലെ പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

സ്വകാര്യ കമ്പനികള്‍ ഒട്ടേറെയുണ്ടെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ കുത്തക ഭീമനാണ് എല്‍.ഐ.സി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം എല്‍.ഐ.സി തീര്‍പ്പാക്കിയത് 259.54 ലക്ഷം ക്ലെയിമുകളാണ്. പോളിസി ഉടമകള്‍ക്ക് 1,63,104.50 കോടി രൂപ നല്‍കി. 97.79 ശതമാനം ക്ലെയിമും നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ക്ലെയിം സെറ്റില്‍മെന്റിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് എല്‍.ഐ.സി.

23 സ്വകാര്യ കമ്പനികള്‍ ഇന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍.ഐ.സിയോട് മത്സരിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും 74 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എല്‍.ഐ.സിയുടെ കൈകളിലാണ്.

സര്‍ക്കാരിന്റെ 2020 ലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയായിട്ടാണ് എല്‍.ഐ.സിയുടെ ഓഹരി വില്‍പ്പനയെ കണക്കാക്കുന്നത്. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, കോണ്‍കോര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് വലിയ കമ്പനികള്‍.

എല്‍.ഐ.സി ആക്ട് 1956 പ്രകാരമാണ് എല്‍.ഐ.സിയുടെ പ്രവര്‍ത്തനം. ഓഹരി വിറ്റഴിക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതിയും വേണം. ഇതിന് പുറമെ എല്‍.ഐ.സി ബോര്‍ഡും ഇന്‍ഷുറന്‍സ് റെഗുലേറ്ററയ ഐ.ആര്‍.ഡി.എയും ഓഹരി വിപണിയുടെ നിയന്ത്രകരായ സെബിയുടേയും അനുമതി വേണം. ഇതിനെല്ലാം മാസങ്ങളെടുക്കുമെന്നതിനാല്‍, 2020ന്റെ രണ്ടാം പകുതിയില്‍ എല്‍.ഐ.സിയുടെ ഐ.പി.ഒ ( പ്രാരംഭ ഓഹരി വില്‍പ്പന) ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിലവില്‍ എല്‍.ഐ.സിയുടെ ആസ്തി 32 ലക്ഷം കോടിയിലേറെ രൂപയാണ്. അത് പൂര്‍ണമായും ഈ രാജ്യത്തെ പോളിസി ഉടമകളുടെ തുകയാണ്. യഥാര്‍ത്ഥത്തില്‍ 40 കോടിയിലധികം വരുന്ന പോളിസി ഉടമകളാണ് എല്‍.ഐ.സിയുടെ ഉടമസ്ഥര്‍. ആ പോളിസി ഉടമകളുടെ അനുവാദമോ അവരുടെ അഭിപ്രായമോ ഇല്ലാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഇങ്ങനെയൊരു നിലപാടിലേക്ക് പോകുന്നതെന്ന് ഓള്‍ ഇന്ത്യാ ഇന്‍ഷൂറന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”എല്‍.ഐ.സി നൂറ് ശതമാനവും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇത് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ മൂന്ന് തരത്തിലുള്ള പ്രയാസങ്ങളാണ് ഉണ്ടാകുക. ഒന്ന് വികസനവുമായി ബന്ധപ്പെട്ടാണ്.

ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന പ്രീമിയം തുക ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപമായി സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികള്‍ക്കും ഇന്ത്യയുടെ സാമൂഹ്യക്ഷേമ വികസന പദ്ധതികള്‍ക്കുമൊക്കെയായിട്ട് ഓരോ വര്‍ഷവും വലിയ തുകയാണ് എല്‍.ഐ.സി കൊടുക്കുന്നത്”, അദ്ദേഹം വിശദീകരിക്കുന്നു.

ഇന്ത്യയുടെ ബഡ്ജറ്റിന്റെ കാര്യമെടുത്തു നോക്കിയാല്‍ 25 ശതമാനത്തിലേറെ സംഖ്യയും എല്‍.ഐ.സി മാത്രം കൊടുക്കുന്നതാണ്. എല്‍.ഐ.സിയുടെ ആകെ നിക്ഷേപത്തിന്റെ 80 ശതമാനത്തിലേറെയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇത്തരം പദ്ധതികള്‍ക്കാണ് ചിലവഴിക്കുന്നത്. ആ വലിയൊരു വിഭവസാധ്യതയാണ് എല്‍.ഐ.സി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതോടുകൂടി സര്‍ക്കാരിന് നഷ്ടപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് രാജ്യത്തിനാണ് നഷ്ടം വരാന്‍ പോകുന്നത്.-അദ്ദേഹം പറഞ്ഞു.

എല്‍.ഐ.സിയിലെ സര്‍ക്കാരിന്റെ മുതല്‍മുടക്ക്  100 കോടി രൂപമാണ്. തുടക്കകാലത്തില്‍ അത് 5 കോടി മാത്രമായിരുന്നു. ഐ.ആര്‍.ഡി.എ നിയമം വന്നപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് 100 കോടിയുടെ മുതല്‍മുടക്ക് ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിച്ചു.

എല്‍.ഐ.സിയില്‍ സര്‍ക്കാരിന് അഞ്ച് കോടി മാത്രമാണ് ഉള്ളതെന്നും അത് നിയമാനുസൃതമല്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് 2016 ല്‍ എല്‍.ഐ.സി ആക്ടില്‍ ഭേദഗതി വരുത്തി 95 കോടി രൂപ കൂടി സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.

”തത്ക്കാലത്തേക്ക് കുറച്ചു പണം കിട്ടുമെന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ നോക്കുന്നത്. പക്ഷേ ദീര്‍ഘകാലത്തേക്ക് എല്‍.ഐ.സി കൊടുക്കുന്ന നിക്ഷേപമോ ഗവര്‍ണ്‍മെന്റിലേക്ക് പോകുന്ന ഡിവിഡന്റോ അവര്‍ പരിഗണിക്കുന്നേയില്ല. 100 കോടി രൂപയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം കൊടുത്ത ഡിവിഡന്റ് 2611 കോടി രൂപയാണ്. ഡിവിഡന്റിന്റെ ബാക്കി 95 ശതമാനവും പോളിസി ഉടമകള്‍ക്ക് ബോണസായി വിതരണം ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ ഉടമസ്ഥര്‍ മാറുന്നതോടെ ഈ ഘടനയില്‍ മാറ്റം വരും. സ്വകാര്യ കമ്പനികള്‍ ആകുന്നതോടെ അവരുടെ താത്പര്യത്തിനാണ് പ്രാധാന്യം നല്‍കുക. 2611 കോടി ഡിവിഡന്റ് എന്ന് പറയുന്നത് ഇന്ത്യയിലെ വന്‍കിട സ്വകാര്യ കമ്പനികള്‍ക്കൊന്നും കൊടുക്കാന്‍ പറ്റാത്ത ഡിവിഡന്റാണ്. അത്രയേറെ സാധ്യതകള്‍ ഈ മേഖലയ്ക്ക് ഉണ്ട്”- പി.പി കൃഷ്ണന്‍ പറഞ്ഞു.

1956 ല്‍ ആണ് എല്‍.ഐ.സി രൂപീകൃതമായത്. സ്വകാര്യ കമ്പനികളുടെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എല്‍.ഐ.സി രൂപീകരിക്കുന്നതെന്ന് അന്നത്തെ ധനകാര്യമന്ത്രി സി.ഡി ദേശ്മുഖ് അന്ന് പാര്‍ലമെന്റില്‍ വിശദമായി പറഞ്ഞിരുന്നു. എന്നാല്‍ ആ സാഹചര്യം ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നാണ് എല്‍.ഐ.സി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അജയ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

എല്‍.ഐ.സിയുടെ ആസ്തി മുഴുവന്‍ ചിലവാക്കുന്നത് പൊതുനന്മയ്ക്ക് വേണ്ടിയുള്ള പല പദ്ധതികള്‍ക്കുമായാണ്. കേന്ദ്രസര്‍ക്കാരുമുതല്‍ പഞ്ചായത്തുവരെയുള്ള പല സ്ഥലങ്ങളിലും ഇത് നിക്ഷേപിക്കുന്നുണ്ട്. പല ആവശ്യങ്ങള്‍ക്കുമായി കൊടുക്കുന്നുണ്ട്. റെയില്‍വേയ്ക്ക് നല്‍കിയിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണ്. പലിശ വാങ്ങിയാണ് തുക നല്‍കുന്നതെങ്കിലും പൊതു ആവശ്യങ്ങള്‍ക്കായുള്ള കാര്യങ്ങളിലേക്കാണ് ഈ പണം എത്തപ്പെടുക.

മാര്‍ക്കറ്റില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം എന്ന നിലയില്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നതും എല്‍.ഐ.സിയാണ്. ഐ.ഡി.ബി.ഐ ബാങ്ക് വളരെ നഷ്ടത്തില്‍പ്പോയപ്പോള്‍ അതിനെ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ എല്‍.ഐ.സിയാണ് 51 ശതമാനം ഷെയര്‍ ഏറ്റെടുത്തത്.

ഇപ്പോള്‍ സര്‍ക്കാര്‍ ബഡ്ജറ്റില്‍ വെച്ചിരിക്കുന്നത് ഇതിന്റെ ഷെയേഴ്സ് ലിസ്റ്റ് ചെയ്യുക എന്നതാണ്. എത്ര ഷെയര്‍ എന്ന് പറഞ്ഞിട്ടില്ല. ഈ ഷെയര്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ഷെയറിന് വാല്യു കണക്കാക്കണം. 32 ലക്ഷം കോടി രൂപ ആസ്തിയുള്ള സ്ഥാപനത്തിന്റെ ഷെയര്‍ എങ്ങനെ കണക്കാക്കുമെന്നതാണ് ഒരു പ്രശ്നം.

ഇതിലൂടെ ആദ്യഘട്ടമെന്ന നിലയില്‍ അവര്‍ പ്രതീക്ഷിക്കുന്നത് 9000 കോടി രൂപയാണ്. മൊത്തത്തില്‍ ബഡ്ജറ്റില്‍ പറഞ്ഞിരിക്കുന്നത് 2.1 ലക്ഷം കോടി രൂപയാണ് ഈ ബഡ്ജറ്റ് വിഹിതത്തിന്റെ ഭാഗമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഈ രീതിയില്‍ ഇത് സ്വകാര്യകൈകളിലേക്ക് എത്തിപ്പെടുമെന്നതില്‍ സംശയമില്ല. അത്തരത്തില്‍ പൊതുമേഖലയില്‍ ഉള്ള ഒരു സ്ഥാപനം സ്വകാര്യവത്ക്കരിക്കുന്നതോടുകൂടി അതിന്റെ പൊതുനന്മ ഫണ്ടുകള്‍ എല്ലാം ഇല്ലാതാവുകയും അത് വെറും സ്വകാര്യ കമ്പനിയായി മാറുകയും ചെയ്യും. ഇതോടെ ജനങ്ങള്‍ക്ക് കിട്ടേണ്ട എല്ലാ സൗകര്യങ്ങളും നഷ്ടപ്പെടുന്നുവെന്നതാണ് ആത്യന്തികമായ വലിയ കാര്യം.- അജയ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരമൊരു തീരുമാനം ഇന്ത്യയുടെ നിലനില്‍പ്പിനെയടക്കം ബാധിക്കുന്ന പ്രശ്‌നമാണ് എന്നായിരുന്നു പി.ജി ദിലീപ് ( ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ് ജനറല്‍ സെക്രട്ടറി ) എല്‍.ഐ.സി ഓഹരി വില്‍പ്പനയെ കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

നമ്മുടെ രാജ്യത്തിന്റ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. പഴയതുപോലെയെല്ല ഒരു രാജ്യത്തെ തകര്‍ക്കണമെങ്കില്‍ യുദ്ധമോ ആറ്റംബോംബോ വെടിവെപ്പോ ഒന്നും ആവശ്യമില്ല. ആ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്താല്‍ മതി.

എല്‍.ഐ.സി പോലൊരു പ്രസ്ഥാനം സോഷ്യല്‍ സെക്യൂരിറ്റി ബെനിഫിറ്റിനായി മാത്രം ഇതുവരെ ഇന്ത്യയില്‍ ചിലവഴിച്ചിരിക്കുന്നത് 24 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ പുതുവത്സ പദ്ധതിയ്ക്ക് മാത്രമായി എല്‍.ഐ.സി കൊടുത്തിരിക്കുന്നത് 14000 കോടി രൂപയാണ്. 2017 മുതല്‍ 2022 വരെയുള്ള പഞ്ചവത്സര പദ്ധതിയ്ക്കായി ഏഴ് ലക്ഷം കോടി രൂപയാണ് കൊടുത്തത്.

റെയില്‍വേയ്ക്ക് 20 വര്‍ഷത്തേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 7. 1 ശതമാനം പലിശയോടുകൂടി 70000 കോടി രൂപയാണ് കൊടുത്തിരിക്കുന്നത്. ഗവര്‍മെന്റ് സെക്യൂരിറ്റികളിലുംബോണ്ടുകളിലുമായി എല്‍.ഐ.സി നിക്ഷേപിച്ചിരിക്കുന്നത് 29 ലക്ഷം കോടി രൂപയാണ്. ഇതെല്ലാം സര്‍ക്കാരിനാണ് കിട്ടുന്നത്. എല്‍.ഐ.സിയെ സംബന്ധിച്ച് 40 കോടി പോളിസി ഉപഭോക്താക്കളുണ്ട്. ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാളും പോളിസി ഉപഭോക്താക്കളുള്ള ഒരു പ്രസ്ഥാനമാണ് എല്‍.ഐ.സി. അത്രയും പേര്‍ എല്‍.ഐ.സിയെ വിശ്വസിച്ചിരിക്കുകയാണ്.

ആ വിശ്വാസം എന്നത് എല്‍.ഐ.സിക്ക് സര്‍ക്കാര്‍ നല്‍കുന്ന പരമാധികാരമാണ്. എല്‍.ഐ.സി ബോണ്ടുകള്‍ എല്ലാം ഒപ്പിടുന്നത് കേന്ദ്ര ഗവര്‍മെന്റാണ്. സ്വാഭാവികമായും സ്വകാര്യവത്ക്കരിക്കുന്നതോടെ ഈ പരമാധികാരം പിന്‍വലിക്കേണ്ടി വരും. ഇത് ബാധിക്കുന്നത് പോളിസി ഉപഭോക്താവിനെ തന്നെയാണ്.

രണ്ടാമത്തെ കാര്യം ഒരു വര്‍ഷം കിട്ടുന്ന ലാഭവിഹിതത്തിന്റെ 95 ശതമാനവും പോളിസി ഉപഭോക്താക്കള്‍ക്ക് ബോണസായി നല്‍കുകയാണ് ചെയ്യുന്നത്. വെറും 5 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന് ഡിവിണ്ടന്റ് കൊടുക്കുന്നത്. ഇത് സ്വകാര്യ വ്യക്തികളുടെ കൈകളില്‍ എത്തുന്നതോടെ പോളിസി ഉപഭോക്താക്കള്‍ക്ക് ബോണസ് കൊടുക്കാന്‍ അവര്‍ അനുവദിക്കുമോ?

ഒരാള്‍ ഇത് വാങ്ങുന്നത് ലാഭത്തിന് വേണ്ടിയല്ലേ? എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് മാത്രമല്ലേ അവര്‍ ചിന്തിക്കുകയുള്ളൂ? കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനം സര്‍ക്കാരിന് ഡിവിണ്ടന്റ് കൊടുത്തത് തന്നെ 2418 കോടി രൂപയാണ്. -അദ്ദേഹം പറഞ്ഞു.

ഇടുക്കി ജല വൈദ്യുത പദ്ധതിക്ക് 150 കോടി രൂപയും കായംകുളം താപനിലയത്തിന് 1500 കോടി രൂപയും എല്‍.ഐ.സി നല്‍കി. എല്‍.ഐ.സിയുടെ പണം ചുരുങ്ങിയ പലിശയ്ക്ക് വാങ്ങിയാണ് നബാര്‍ഡ് കാര്‍ഷിക വായ്പകൊടുക്കുന്നത്. അടിസ്ഥാന സൗകര്യവികസന പദ്ധതിക്കുള്ള 90 ശതമാനം പണവും ലഭ്യമാക്കുന്നത് എല്‍.ഐ.സിയാണ്. അത്തരത്തില്‍ രാജ്യത്തിന്റെ എല്ലാ വികസനത്തിനും പണം കൊടുത്തുകൊണ്ടിരിക്കുന്നത് എല്‍.ഐ.സിയാണ്. അങ്ങനെ വരുമ്പോള്‍ അതിന്റെ ഓഹരി വിറ്റാല്‍ എന്താണ് സംഭവിക്കുക? പൊന്മുട്ടയിടുന്ന താറാവിനെ നശിപ്പിക്കുന്ന രീതിയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോകുന്നത്. പി.ജി ദിലീപ് പറഞ്ഞു.

ഏത് പരിഷ്‌കരണം വരുത്തിയാലും അതിലൊന്നും ആരും എതിരല്ലെന്നും പക്ഷേ പരിഷ്‌ക്കരണം വരുത്തുമ്പോള്‍ നിലവിലുള്ള സാഹചര്യത്തിന്റെ അപാകത എന്താണെന്നും പുതിയ സാഹചര്യം കൊണ്ടുണ്ടാകുന്ന നേട്ടം എന്താണെന്നും ജനങ്ങളോട് പറയാന്‍ സര്‍ക്കാരിന് കഴിയണമെന്നുമാണ് പി.പി കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

”നിലവില്‍ നൂറ് ശതമാനം ഓഹരികളും സര്‍ക്കാരിന്റെ പക്കല്‍ ഉള്ളതുകൊണ്ട് എല്‍.ഐ.സിക്ക് എന്ത് പ്രയാസമാണ് ഉണ്ടായത്? ഇത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്? ഇത് രണ്ടും ഇതുവരെ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.

നേരത്തെ സ്വകാര്യ കമ്പനികള്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന കുറേ നേട്ടങ്ങളെ കുറിച്ച് അവര്‍ പറഞ്ഞിരുന്നു. പോളിസിയുടെ പ്രീമിയം കുറയും, കൂടുതല്‍ ആകര്‍ഷകമായ പോളിസികള്‍ ഉണ്ടാകും, നാടിന്റെ വികസനത്തിന് വലിയ തോതില്‍ നിക്ഷേപം ലഭിക്കും എന്നെല്ലാമായിരുന്നു പറഞ്ഞത്

എന്നാല്‍ അന്ന് പറഞ്ഞ ആ കാര്യങ്ങളൊന്നും ശരിയായിരുന്നില്ല എന്നതാണ് ഇപ്പോള്‍ കാണിക്കുന്നത്. പിന്നെ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് എന്ന് വിശദീകരിക്കാന്‍ അവര്‍ക്കായിട്ടില്ല.

ഇതില്‍ ഗവര്‍മെന്റിന്റെ ലക്ഷ്യം വളരെ കൃത്യമാണ്. ഈ മേഖല പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ 23 സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഉണ്ട്. ഈ 23 കമ്പനികളും കഴിഞ്ഞ 20 വര്‍ഷമായി എല്‍.ഐ.സിയുമായി മത്സരിക്കുകയാണ്. എന്നിട്ടും ഇപ്പോഴും എല്‍.ഐ.സിയാണ് ഇപ്പോഴും മാര്‍ക്കറ്റ് ഷെയറില്‍ മുന്നില്‍.

ഈ സ്വകാര്യകമ്പനികള്‍ക്ക് എല്‍.ഐ.സിയുമായി മത്സരിച്ച് കമ്പോളത്തില്‍ നില്‍ക്കാന്‍ കഴിയില്ല എന്ന് തീര്‍ച്ചയാണ്. അവര്‍ക്ക് കമ്പോളത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ എല്‍.ഐ.സിയുടെ സാന്നിധ്യം ഇല്ലാതായിക്കിട്ടണം. അവരെ സഹായിക്കാന്‍ വേണ്ടിയുള്ള ഒരു വഴിയൊരുക്കലാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതിനുള്ള തുടക്കം കുറിക്കലാണ് ഇത്”, അദ്ദേഹം പറഞ്ഞു.

എല്‍.ഐ.സി 10 ശതമാനം ഷെയര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്‍.ഐ.സിയുടെ വാല്യു എങ്ങനെയാണ് ഇവര്‍ കണക്കാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. 100 കോടിയുടെ പത്ത് ശതമാനമാണോ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്? 100 കോടിയാണ് സര്‍ക്കാരിന്റെ മുതല്‍മുടക്ക്. എന്നാല്‍ കമ്പനിയുടെ വില 100 കോടിയല്ലല്ലോ?ഓള്‍ ഇന്ത്യാ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് കുഞ്ഞുകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”കമ്പനിയുടെ വില രണ്ട് തരത്തില്‍ കണക്കാക്കും. ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ്‌സില്‍ പറയുന്നത് എംബഡഡ് വാല്യൂ ഓഫ് എ ഇന്‍ഷൂറന്‍സ് കമ്പനി എന്നുവെച്ചാല്‍ പ്രസന്റ് വാല്യൂ ഓഫ് ദ ഫ്യൂച്ചര്‍ പ്രോഫിറ്റ് അതാണ് എംബഡഡ് വാല്യു. അത് ആറ് ലക്ഷം കോടി രൂപയാണ് എല്‍.ഐ.സിയുടേതെന്ന് ഇന്റര്‍നാഷണല്‍ റേറ്റിങ് ഏജന്‍സീസ് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

മറ്റൊന്ന് എല്‍.ഐ.സി എന്നുള്ള ബ്രാന്റ് നെയിം. ആളുകളെ സംബന്ധിച്ച് ഇന്‍ഷൂറന്‍സ് എന്നാല്‍ എല്‍.ഐ.സിയാണ്. ആ ബ്രാന്റെ നെയിമിന് ഇന്റര്‍നാഷണല്‍ ഏജന്‍സീസ് കണക്കാക്കിയിരിക്കുന്ന മൂല്യം ഒന്നരലക്ഷം കോടിയാണ്. ഇത്തരത്തില്‍ ഏഴരലക്ഷം കോടി രൂപയാണ് വാല്യൂയായി കണക്കാക്കുന്നത്. അതിന്റെ 10 ശതമാനമാണോ വില്‍ക്കാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല.

ഭയപ്പെടുത്തുന്ന കാര്യം ഏഴര ലക്ഷം കോടി രൂപയുടെ 10 ശതമാനമാണ് വില്‍ക്കുന്നതെങ്കില്‍ അത്രയും വലിയ ഷെയര്‍ ആര്‍ക്ക് കൊടുക്കും ആര് അത് വാങ്ങും അത് വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ആര് എന്ന ചോദ്യമാണ്. ഇതില്‍ മുടക്കുന്നവരെ സംബന്ധിച്ച് നാളത്തെ ലാഭമാണ് അവരുടെ പ്രശ്‌നം.

ഈ വിലയ്ക്ക് അവര്‍ വാങ്ങാന്‍ തയ്യാറാവില്ല. പലപ്പോഴും ഗവര്‍മെന്റ് ചെയ്തിട്ടുള്ളത് മറ്റു പൊതുമേഖലകള്‍ പോകുമ്പോള്‍ അവര്‍ക്ക് വേണ്ട ആളുകളെ വെച്ച് വാല്യൂ ചെയ്തിട്ട് ഇതിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ വില കണക്കാക്കും – കുഞ്ഞുകൃഷ്ണന്‍ അദ്ദേഹത്തിന്റെ ആശങ്ക പങ്കുവെച്ചു.

ഇതൊരു കമ്പനിയാക്കണമെങ്കില്‍ എല്‍.ഐ.സി എന്ന പേരടക്കം മാറ്റണമെന്നും അതിലൂടെ തന്നെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നാണ് അജയ് കുമാര്‍ പറയുന്നത്.

1956 മുതല്‍ ആര്‍ജ്ജിച്ചെടുത്ത വിശ്വാസമാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നത്. നാളെ ഇത് എന്താകുമെന്ന് അറിയാതെ വരുന്നതോടെ ഇതില്‍ നിക്ഷേപിക്കാന്‍ വലിയ വിമുഖത ഉണ്ടാകും. സര്‍ക്കാരിന് പണം ആവശ്യമാണെങ്കില്‍ ലോണായിട്ടോ മറ്റോ എടുക്കാമായിരുന്നു. അതിനുള്ള ഫണ്ട് ഇവിടെയുണ്ട്. ഒരു ലക്ഷം കോടിയുടെ ലോണെടുക്കാനൊന്നും നിലവില്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇത് തകര്‍ത്ത് ഇല്ലാതാക്കാനുള്ള ഒരു ഉദ്ദേശം മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഇതിനെതിരെ പ്രക്ഷോഭമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.- അജയ് കുമാര്‍ പറയുന്നു.

ഇന്‍കം ടാക്സ് ആക്ട് ഭേദഗതി ചെയ്തതും എല്‍.ഐ.സിയെ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. സെക്ഷന്‍ 80 സി പ്രകാരമാണ് ഇന്‍കംടാക്‌സിന്റെ എക്സ്റ്റന്‍ഷന്‍ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. എല്‍.ഐ.സിയെ സംബന്ധിച്ച് രണ്ട് സെക്ഷനുകളാണ് കാര്യമായി ബാധകമാകുന്നത്. 80 സിയും 10 (10) ബിയും. 10 (10) ബി സെക്ഷന്‍ പ്രകാരം നിക്ഷേപം തിരിച്ചുവാങ്ങുമ്പോള്‍ ടാക്‌സ് ഇല്ല എന്നുള്ളതാണ്.

ബാങ്കുകളില്‍ നമ്മള്‍ നിക്ഷേപിക്കുന്ന നിക്ഷേപങ്ങള്‍ തിരിച്ചുവാങ്ങുമ്പോള്‍ അതിന് ടാക്‌സ് നല്‍കണം. അതുപോലെ തന്നെ എല്‍.ഐ.സിയില്‍ നിന്നും തിരിച്ചുവാങ്ങുന്ന പെന്‍ഷന്‍ അല്ലാത്ത വേറെ ഒന്നില്‍ നിന്നും ടാക്‌സ് പിടിക്കാറില്ല. ഇത് സെക്ഷന്‍ 10 (10) ബി പ്രകാരമാണ്. ഇപ്പോള്‍ 10 (10 )ബി തൊടാതെ സെക്ഷന്‍ 80 സിയിലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത്. ആ കൈവെക്കല്‍ തന്നെ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നതാണ്.

50 ശതമാനത്തില്‍ കൂടുതല്‍ ആളുകളും ഇന്‍ഷുറന്‍സ് മാത്രമല്ല ടാക്‌സ് ബെനഫിറ്റ് കൂടി കണ്ടിട്ടാണ് എല്‍.ഐ.സിയെ പരിഗണിക്കുന്നത്. കാരണം റിട്ടേണ്‍സ് കുറവായാല്‍ പോലും ടാക്‌സിന്റെ ബെനഫിറ്റുകൊണ്ട് അത് പരിഹരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇനി അത് ഇല്ലാതെ വരും. അതുകൊണ്ട് തന്നെ വലിയ ഇന്‍വെസ്റ്റേഴ്‌സ് ഇതി്‌ന് ഇനി മടിക്കും. ഒന്നര ലക്ഷം രൂപ വരെ ബെനഫിറ്റ് ലഭിക്കുമായിരുന്നത് ഇനി ലഭിക്കാതെ വരുന്നതും ബുദ്ധിമുട്ടായിത്തീരും.

പാര്‍ലമെന്റില്‍ രണ്ട് നിയമനിര്‍മാണത്തില്‍ മാറ്റം വരുത്താനുണ്ട്. അതില്‍ ഒന്ന് 1956 ലെ എല്‍.ഐ.സി ഇന്‍ഷൂറന്‍സ് ആക്ട് മാറ്റം വരുത്തണം. അതില്‍ പറയുന്നത് പൊതുമേഖല സ്ഥാപനമെന്നാണ്. പിന്നെ കോര്‍പ്പറേഷന്‍ എന്നത് കമ്പനിയാക്കി മാറ്റണം. ഈ രണ്ട് നിയമനിര്‍മാണവും നടത്തിയതിന് ശേഷം മാത്രമേ ഇത് ലിസ്റ്റ്  ചെയ്യാന്‍ പറ്റുള്ളൂ. പക്ഷേ സര്‍ക്കാരിന് അതിനുള്ള ഭൂരിപക്ഷം ഉള്ളതുകൊണ്ട് അതൊക്കെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.- അജയ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി ക്ലെയിം സെറ്റില്‍മെന്റിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് എല്‍.ഐ.സിയെന്ന് പി.ജി ദിലീപ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായതുകൊണ്ടാണ് ഇങ്ങനെ കൊടുക്കുന്നത്. സ്വകാര്യ മേഖലയാണെങ്കില്‍ കൊടുക്കുമോ? പോളിസി ഉപഭോക്താവിനെ സംബന്ധിച്ച് അവന് ലഭിച്ചുകൊണ്ടിരിക്കുന്ന ബോണസ് നഷ്ടപ്പെടും. ക്ലെയിം സെറ്റില്‍മെറ്റ് ലഭിക്കാതെയാകും. ഒരാള്‍ ഒരു പോളിസി എടുക്കുന്നത് അയാളുടെ ആബ്‌സെന്‍സില്‍ പോലും കുടുംബം പഴയ നിലയില്‍ തന്നെ ജീവിക്കണം എന്നതുകൊണ്ടാണ് അതാണ് ഇന്‍ഷൂറന്‍സിന്റെ കോണ്‍സപ്റ്റ് തന്നെ.

ആ കോണ്‍സപ്റ്റിനെ തന്നെ അട്ടിമറിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ നടപടി. ഇത് ജനങ്ങളെ വില്‍ക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഭീമാ യോജന ഉള്‍പ്പെടെ 14 ഇന്‍ഷൂറന്‍സ് പദ്ധതികളുടെ നോഡല്‍ ഏജന്‍സി എല്‍.ഐ.സിയാണ്. 23 സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി ഉണ്ടായിട്ടുപോലും ഒരാളുപോലും ഇത് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് നോഡല്‍ ഏജന്‍സിസായി എല്‍.ഐ.സി ഇത് ഏറ്റെടുത്തത്. വലിയ രീതിയിലാണ് പ്രവര്‍ത്തനങ്ങളാണ് എല്‍.ഐ.സി നടത്തുന്നത്. ഇതെല്ലാം ജനങ്ങള്‍ക്ക് നഷ്ടമാകും. അത്തരത്തില്‍ നഷ്ടമാകാതിരിക്കണമെങ്കില്‍ ഒരു ഷെയര്‍ പോലും വില്‍ക്കാതിരിക്കണം.- പി.ജി ദിലീപ് പറഞ്ഞു.

നിലവില്‍ ജി.എസ്.ടിയും നോട്ടുനിരോധവും കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലുള്ള നികുതി ലഭിക്കുന്നില്ല. ഇതോടെ എങ്ങനെയെങ്കിലും പണമുണ്ടാക്കണണെന്ന നിലയില്‍ സര്‍ക്കാരെത്തി. അതിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വില്‍ക്കുകയാണ്. ഒപ്പം ഇന്ത്യയിലെ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളെ സഹായിക്കാനുള്ള വ്യഗ്രതയും. ഇതിനപ്പുറം ഒരു നേട്ടവും ഓഹരി വില്‍പ്പന വഴി സമൂഹത്തിനോ പോളിസി ഉടമകള്‍ക്കോ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പി.പി കൃഷ്ണന്‍ പറഞ്ഞു.

ഓഹരി വില്‍പ്പന നടന്നുകഴിഞ്ഞാല്‍ എല്‍.ഐ.സിയുടെ പ്രവര്‍ത്തനം കുറച്ചുകൂടി സുതാര്യമാകുമെന്നാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന ഒരു പ്രചരണം. യഥാര്‍ത്ഥത്തില്‍ നിലവില്‍ തന്നെ ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് എല്‍.ഐ.സി. കാരണം എല്‍.ഐ.സിയുടെ പ്രവര്‍ത്തനം പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

ഓരോ വര്‍ഷവും എല്‍.ഐ.സിയുടെ വാല്യൂഷന്‍ നടത്തിക്കഴിഞ്ഞാല്‍ അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുക്കണം. അത് പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. ഗവര്‍മെന്റിന്റെ പ്രതിനിധികള്‍ കൂടി ചേരുന്നതാണ് എല്‍.ഐ.സിയുടെ ബോര്‍ഡ്. ഒരു സ്വകാര്യ കമ്പനിയായി കഴിഞ്ഞാല്‍ അവരുടെ കണക്കോ മറ്റു കാര്യങ്ങളോ സര്‍ക്കാരിന് പരിശോധിക്കാന്‍ കഴിയുമോ? അപ്പോള്‍ സുതാര്യമാകുമെന്ന് പറയുന്നത് വസ്തുതാപരമായി പോലും ശരിയല്ല.- പി.പി കൃഷ്ണന്‍ പറഞ്ഞു.

മറ്റൊരു പ്രചരണം എല്‍.ഐ.സിക്ക് സ്വയംഭരണാധികാരം കിട്ടുമെന്നാണ്. ഓഹരി വിറ്റാല്‍ സ്വയംഭരണാധികാരം കിട്ടുകയാണെങ്കില്‍ ബാങ്കിങ് മേഖലയില്‍ അതുണ്ടാകണ്ടേ? ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരം നമുക്കറിയാം. ആര്‍.ബി.ഐ പോലും അറിയാതെയാണ് കറന്‍സി നിരോധനം നടപ്പിലാക്കിയത്. അവര്‍ക്ക് എന്ത് സ്വയംഭരണാവകാശമാണ് അനുവദിച്ചുകൊടുത്തത്?

മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളുടേയും ഓഹരികള്‍ ഏറ്റക്കുറച്ചിലുകളോടെ വിറ്റിട്ടുണ്ട്. ആ ബാങ്കുകള്‍ക്ക് എന്ത് സ്വയംഭരണാവകാശമാണ് കൊടുക്കുന്നത്. പല ബാങ്കുകളേയും ലയിപ്പിക്കുന്നത് അവര്‍ പോലും അറിയാതെയാണ്. ഓഹരി വിറ്റുകഴിഞ്ഞാല്‍ സ്വയംഭരണാധികാരം കിട്ടുമെന്നത് വസ്തുതാപരമായി ശരിയല്ല.

ബി.എസ്.എന്‍.എല്‍ കമ്പനിയായപ്പോള്‍ എല്ലാവരും പറഞ്ഞത് അവര്‍ക്ക് സ്വയംഭരണാവാശം കിട്ടുമെന്നും അവര്‍ക്ക് സ്വതന്ത്രമായിപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ്. ഒരു സ്വതന്ത്രമായ പ്രവര്‍ത്തനവും അവിടെ അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും നിയന്ത്രണം ഇല്ലാതാകുക മാത്രമാണ് ചെയ്യുക. ഈ കാരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ പ്രക്ഷോഭങ്ങളിലേക്ക് പോകാന്‍ തീരുമാനിച്ചത്. – പി.പി കൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായതുകൊണ്ടും ഇന്‍ഷൂറന്‍സ് കമ്പനിയായതുകൊണ്ടും ഐ.ആര്‍.ഡിഎ, ഇന്‍ഷൂറന്‍സ് ആക്ട് എന്നിവ അനുസരിച്ചാണ് എല്‍.ഐ.സിയുടെ മുന്നോട്ടുപോക്ക്. അതിനാല്‍ തന്നെ എല്‍.ഐ.സി ചില പേഴ്‌സണല്‍ സ്റ്റാന്റേര്‍ഡ് ഓഫ് അക്കൗണ്ട്‌സ് പാലിക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഓഹരി വിറ്റ് സ്വകാര്യവത്ക്കരിക്കുന്നതോടെ എല്ലാ ക്വാര്‍ട്ടറിലും എല്‍.ഐ.സിക്ക് അവരുടെ ഫിനാന്‍ഷ്യല്‍ റെക്കോര്‍ഡുകള്‍ പുറത്തുവിടേണ്ടി വരും. ഇത് സ്വകാര്യ കമ്പനികള്‍ക്ക് എല്‍.ഐ.സിയുടെ എല്ലാ സാമ്പത്തിക വിവരങ്ങളും അറിയാന്‍ കഴിയും. ഏതെല്ലാം രംഗത്താണ് എല്‍.ഐ.സി മുന്നിട്ടുനില്‍ക്കുന്നതെന്നും എവിടെയാണ് വീഴ്ചയുള്ളതെന്നും അതാത് സമയത്ത് അറിയാന്‍ കഴിയും.

എല്‍.ഐ.സിയുമായി മത്സരിക്കുന്ന കമ്പനികള്‍ക്ക് തന്നെ എല്‍.ഐ.സിയുടെ എല്ലാവിവരങ്ങളും അറിയാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുകയാണെന്ന് കുഞ്ഞുകൃഷ്ണന്‍ പറയുന്നു.

എല്‍.ഐ.സി പെട്ടെന്ന് തകര്‍ന്നുപോകുമെന്നൊന്നും ആളുകള്‍ പേടിക്കേണ്ടതില്ലെങ്കിലും ഒരു വളരെ വിദൂരമായ ഭാവിയില്‍ ഈ സ്ഥാപനത്തിന് മറ്റു പല പൊതുമേഖലാ സ്ഥാപനത്തിനും വന്നിട്ടുള്ളതുപോലെയുള്ള ദുര്യോഗം വന്നുചേരാന്‍ ഇടയുണ്ട്. അത് ജനങ്ങള്‍ അംഗീകരിക്കരുത് എന്നതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.- കുഞ്ഞുകൃഷ്ണന്‍ പറഞ്ഞു.

2048 ബ്രാഞ്ചാണ് ഓള്‍ ഇന്ത്യാ തലത്തില്‍ എല്‍.ഐ.സിക്ക് ഉള്ളത്.എല്‍.ഐ.സിയുടെ 113 ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുന്‍പിലും ഫെബ്രുവരി നാല് വ്യാഴാഴ്ച എല്‍.ഐ.സി ക്ലാസ് വണ്‍ ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

എന്‍.ജി.ഒ യൂണിയന്‍, ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനത്തിലുമുള്ള ജീവനക്കാരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more