|

ഇസ്രഈല്‍ അനുകൂല സംഘടനകള്‍ക്ക് ആപ്പിളിന്റെ ഫണ്ട്; പ്രതിഷേധവുമായി ജീവനക്കാര്‍; തുറന്നകത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ അനുകൂല സംഘടനകള്‍ക്ക് പണം സംഭാവന നല്‍കിയതില്‍ പ്രതിഷേധിച്ച് യു.എസ് ടെക് ഭീമന്‍ ആപ്പിളിന് ജീവനക്കാരുടെ തുറന്ന കത്ത്. ഇസ്രഈല്‍ സൈന്യത്തെ പിന്തുണക്കുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നതിനെതിരെയാണ് തൊഴിലാളികള്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ആപ്പിള്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.ആപ്പിള്‍ ഫോര്‍ സീസ്ഫയര്‍ എന്ന പേരില്‍ അടുത്തിടെ ആരംഭിച്ച ഒരു ക്യാമ്പയിനിന്റെ അടിസ്ഥാനത്തിലാണ് കത്ത്.

‘ആപ്പിള്‍ ഫോര്‍ സീസ്ഫയര്‍ എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ഞങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. അനധികൃതമായി ഇസ്രഈല്‍ അനുകൂല ഓര്‍ഗനൈസേഷനുകള്‍ക്ക് സംഭാവന നല്‍കുന്നതിനോട് ഞങ്ങള്‍ എതിരാണ്.

നിയമവിരുദ്ധമായ സെറ്റില്‍മെന്റുകള്‍ക്ക് ധനസഹായം നല്‍കുന്ന രണ്ട് സംഘടനകളെ സംഭാവന പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇസ്രഈല്‍ സൈന്യത്തെ പിന്തുണക്കുന്ന എല്ലാ ഓര്‍ഗനൈസേഷനുകളെ കുറിച്ചും അന്വേഷണം നടത്തുകയും സംഭാവനകള്‍ നല്‍കുന്നത് അവസാനിപ്പിക്കുകയും വേണം,’ കത്തില്‍ പറയുന്നു.

ഫ്രണ്ട്സ് ഓഫ് ദി ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ്, ഹയോവെല്‍ ഇന്‍ക്, വണ്‍ ഇസ്രഈല്‍ ഫണ്ട്, ജൂത ദേശീയ ഫണ്ട്, ഇസ്രഈല്‍ ഗിവ്സ് തുടങ്ങിയ സംഘടനകളെ കുറിച്ചാണ് കത്തില്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കത്തില്‍ 133 പേരാണ് ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയില്‍, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അനധികൃത ഇസ്രഈല്‍ കുടിയേറ്റ ഗ്രൂപ്പുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Employees accuse Apple of donating to groups funding West Bank settlements