| Saturday, 7th June 2014, 8:58 pm

മിനിമം വേതനം 15,000 രൂപയാക്കണം- തൊഴിലാളി സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പ്രതിമാസ വേതനം മിനിമം 15,000 രൂപയായി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തൊഴിലുറപ്പു പദ്ധതിയുടെ കൂലി 200 രൂപയാക്കി വര്‍ധിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ മിനിമം പെന്‍ഷന്‍, തുല്യജോലിക്ക് തുല്യവേതനം, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനാ പ്രതിനിധികള്‍ മുന്നോട്ട് വെച്ചു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിരോധം, ടെലികോം, റെയില്‍വെ, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ രംഗങ്ങളില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി. അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ്സിന്റെ നേതാക്കളായ ബി.എന്‍. റായ്, വീരേഷ് ഉപാധ്യായ എന്നിവരും സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ തുടങ്ങിയവരും മറ്റ് നിരവധി സംഘടനാ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more