പിരിച്ചുവിടലും ശമ്പളം വെട്ടിച്ചുരുക്കലും; മാധ്യമം പത്രത്തിനെതിരെ പ്രതിഷേധവുമായി പിരിച്ചുവിട്ട ജീവനക്കാരന്‍
Kerala News
പിരിച്ചുവിടലും ശമ്പളം വെട്ടിച്ചുരുക്കലും; മാധ്യമം പത്രത്തിനെതിരെ പ്രതിഷേധവുമായി പിരിച്ചുവിട്ട ജീവനക്കാരന്‍
അന്ന കീർത്തി ജോർജ്
Thursday, 2nd July 2020, 4:01 pm

വെള്ളിമാടുകുന്ന്: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മാധ്യമം പത്രത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാരനും കുടുംബവും. 14 വര്‍ഷമായി മാധ്യമത്തില്‍ ഡി.ടി.പി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന റോഷിതാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജൂണ്‍ 30നാണ് റോഷിതിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ പിന്‍വലിച്ച് തക്കതായ നടപടിയെടുക്കും വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് റോഷിത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

14 വര്‍ഷം മുന്‍പ് ദിവസവേതനത്തിലാണ് റോഷിത് മാധ്യമത്തില്‍ ജോലി ആരംഭിക്കുന്നത്. ‘ആദ്യ ഒരു വര്‍ഷം മുഴുവന്‍ ദിവസവേതനത്തിലായിരുന്നു ജോലി. പിന്നീടുള്ള 9 വര്‍ഷം കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും. അങ്ങിനെ പത്ത് വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് പ്രൊബേഷനിലാകുന്നത്. അതും രണ്ട് വര്‍ഷം നീണ്ടുനിന്നു. സാധാരണയായി ഒരു വര്‍ഷത്തെ പ്രൊബേഷന് ശേഷം ജോലി സ്ഥിരപ്പെടുത്തുന്നതാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ അത് രണ്ട് വര്‍ഷത്തോളം നീട്ടുകയും പിന്നീട് പ്രൊബേഷന്‍ നിര്‍ത്തലാക്കുകയുമായിരുന്നു.’ റോഷിത് പറഞ്ഞു.

2019 ആഗസ്റ്റിലാണ് റോഷിത് പ്രൊബേഷന്‍ കാലാവധി നിര്‍ത്തലാക്കുന്നത്. അതിന് ശേഷം 5 മാസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടുപിടിക്കണമെന്ന് മാധ്യമം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്നും റോഷിത് പറയുന്നു.

മാധ്യമം പത്രത്തിന്റെ വെള്ളിമാടുകുന്ന് ഓഫീസിന് മുന്നില്‍ റോഷിതും കുടുംബവും നടത്തിയ പ്രതിഷേധം

“2019 ഡിസംബറില്‍ അഞ്ച് മാസത്തെ കാലാവധി തീരുകയായിരുന്നു. പിന്നീട് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ജൂണ്‍ 30 വരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു.” ഈ കോണ്‍ട്രാക്ട് അവസാനിച്ചതോടെ ജൂണ്‍ 30ന് റോഷിതിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്‌മെന്റ് ഔദ്യോഗികമായി ഉയര്‍ത്തിക്കാണിക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യമതല്ലെന്നാണ് റോഷിതിന്റെ ആരോപണം.”കൊവിഡ് പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളു. ഞാന്‍ 2007 മുതല്‍ മാനേജ്‌മെന്റില്‍ നിന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പല ജീവനക്കാരും മാനേജ്‌മെന്റിന്റെ ഈ നടപടികളുടെ പേരില്‍ പിരിഞ്ഞുപോയിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഞാന്‍ ഈ ജോലിയില്‍ തന്നെ എങ്ങിനെയെങ്കിലും കടിച്ചുതൂങ്ങി നില്‍ക്കുകയായിരുന്നു. ഇന്നു ശരിയാകും നാളെ ശരിയാകും എന്നെല്ലാം പ്രതീക്ഷിച്ച് ഈ ജോലിയില്‍ തന്നെ തുടര്‍ന്നു.”

ജീവനക്കാരോട് യാതൊരു പരിഗണനയും മാധ്യമം മാനേജ്‌മെന്റിനില്ലെന്നും റോഷിത് ആരോപിച്ചു. സാമ്പത്തികമായി യാതൊരു പ്രശ്‌നവുമില്ലാതിരുന്ന സമയത്തും മാനേജ്‌മെന്റ് പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്താതിരിക്കാനുള്ള നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലി ചെയ്ത വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടപടികള്‍ നടക്കുന്നതെന്നും റോഷിത് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തി.

പിരിച്ചുവിടല്‍ കൂടാതെ ശമ്പളം വെട്ടിച്ചുരുക്കല്‍ നടപടികളും മാനേജ്‌മെന്റ് സ്വീകരിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.”സ്ഥിരം ജീവനക്കാരുടെ 40 ശതമാനം വരെ ശമ്പളം വെട്ടിച്ചുരുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് 52 ശതമാനത്തിലെത്തുമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് നടപ്പിലാക്കാനായി മൂന്ന് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 5000 രൂപയോളം മാത്രമാണ് സ്ഥിരം ജീവനക്കാര്‍ക്ക് വരെ ശമ്പളം നല്‍കിയിരിക്കുന്നത്. “

ഇനി ശമ്പളം നല്‍കുന്ന സമയത്ത് 40 മുതല്‍ 52 ശതമാനം വരെ വെട്ടിച്ചുരുക്കലുണ്ടാകുമ്പോള്‍ അതിനെതിരെ ജീവനക്കാരില്‍ നിന്നും പ്രതിഷേധമുണ്ടാകാതിരിക്കാനുള്ള തന്ത്രപരമായ നടപടിയാണിതെന്നും റോഷിത് ചൂണ്ടിക്കാണിക്കുന്നു.

പെരുന്നാളിന്റെ സമയത്ത് ശമ്പളത്തിലെ 10,000 രൂപയെങ്കിലും നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ലെന്നും റോഷിത് വെളിപ്പെടുത്തി. പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുക, ശമ്പളം പരമാവധി വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യം മാത്രമാണ് മാനേജ്‌മെന്റിന് മുന്നിലുള്ളതെന്നും റോഷിത് ആരോപിക്കുന്നു.

“വീഡിയോ കോണ്‍ഫറന്‍സ് വഴി ശമ്പളം വെട്ടിച്ചുരുക്കുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. ശമ്പളം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം തികച്ചും ഏകപക്ഷീയമായിരുന്നു. ജീവനക്കാരുടെ വാദങ്ങള്‍ക്ക് ചെവി കൊടുത്തില്ല.”

ജൂലൈ 1ന് പ്രതിഷേധവുമായി എത്തിയ റോഷിതുമായി മാനേജ്‌മെന്റ് ചര്‍ച്ച വെച്ചിരുന്നു. പക്ഷെ ഈ ചര്‍ച്ചയിലും 6 മാസത്തേക്ക് കാലാവധി നീട്ടിത്തരുമെന്നാണ് അറിയിച്ചത്. അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തണമെന്നും അറിയിച്ചു.

ഇതല്ലാതെ മാനേജ്‌മെന്റ് മുന്നോട്ടുവെച്ച പരിഹാരം മാധ്യമത്തിന്റെ സഹോദര സ്ഥാപനമായ മീഡിയ വണ്ണില്‍ ജോലി നല്‍കാം എന്നതായിരുന്നു. കഴിഞ്ഞ മാസങ്ങളിലായി ചില ജീവനക്കാരെ ഇത്തരത്തില്‍ മീഡിയ വണ്ണിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഈ ഓഫറിന് പിന്നിലും മാനേജ്‌മെന്റിന് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും അതിനാല്‍ ഇത് സ്വീകരിക്കാനാവില്ലെന്നും റോഷിത് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“30 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന മാധ്യമത്തിലെ സ്ഥിരം ജീവനക്കാരെയായിരുന്നു മുന്‍പ് മീഡിയ വണ്ണിലേക്ക് മാറ്റിയത് . പക്ഷെ ഒരു കോണ്‍ട്രാക്ട് ജീവനക്കാരെ അങ്ങിനെ മാറ്റുമ്പോള്‍ 14 വര്‍ഷമായി ജോലി ചെയ്തതിന് ലഭിക്കേണ്ട നിയമപരമായ എല്ലാ പരിരക്ഷയും നഷ്ടപ്പെടും. പുതിയ സ്ഥാപനം പുതിയ ജോലി എന്ന നിലയിലായിരിക്കും കാര്യങ്ങള്‍. ഇതാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. മാത്രമല്ല പെര്‍ഫോമന്‍സ് ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഈ ജീവനക്കാരനെ എളുപ്പത്തില്‍ പുറത്താക്കുകയും ചെയ്യാം.”

താന്‍ മാത്രമല്ല ഈയൊരു പ്രതിസന്ധി നേരിടുന്നതെന്നും പക്ഷെ ഇത്തരത്തില്‍ പുറത്താക്കുകയും പിരിഞ്ഞുപോകുകയും ചെയ്ത ആരും തന്നെ പ്രതിഷേധിക്കാന്‍ തയ്യാറാകുന്നില്ലെന്നും റോഷിത് കൂട്ടിച്ചേര്‍ക്കുന്നു.

ഇപ്പോള്‍ പിരിഞ്ഞുപോകുന്ന പലരും മൂന്നോ നാലോ വര്‍ഷം മാത്രം ജോലി ചെയ്തവരാണ്. അവര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നാലും ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് കരുതുന്നത്. ക്രൂരമായ ഇത്തരം നടപടികളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കുക, പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹ്യസേവനങ്ങള്‍ മാധ്യമം നടത്തുന്നതെന്നും റോഷിത് ചൂണ്ടിക്കാണിക്കുന്നു. തന്റെ വിഷയം വാര്‍ത്തയായാല്‍ ദുരിതമനുഭവിച്ച മുന്‍ ജീവനക്കാരും പുറത്തുവരുമെന്ന് തന്നെയാണ് കരുതുന്നതെന്നും റോഷിത് കൂട്ടിച്ചേര്‍ത്തു.

’14 വര്‍ഷമായി ഞാന്‍ എല്ലാം സഹിക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്തെ ഒരു ജീവനക്കാരനാണ് നമ്മളെ ബുദ്ധിമുട്ടിക്കുന്നതെങ്കില്‍ സഹിക്കാം. പക്ഷെ സ്ഥാപനം മുഴുവനായും ഒരു ജീവനക്കാരനെതിരെ തിരിഞ്ഞാല്‍ എന്തുചെയ്യും. മാനസികമായി വരെ തളര്‍ന്നുപോകുകയാണ്. തെറ്റുപ്പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും എന്നാണ് എഡിറ്റര്‍ ഇപ്പോഴും പറയുന്നത്. പക്ഷെ ഇക്കാര്യം സംസാരത്തിലല്ലാതെ പ്രവൃത്തിയില്‍ വരുന്നില്ല എന്നതാണ് സത്യം.’ റോഷിത് പറയുന്നു.

സംഭവത്തില്‍ മാധ്യമത്തിന്റെ പ്രതികരണത്തിനായി ശ്രമിച്ചുവെങ്കിലും ലഭ്യമായിട്ടില്ല. പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് ചേര്‍ക്കുന്നതായിരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.