രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒ. ബേബി. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തിയ ചിത്രത്തില്‍ ദിലീഷ് പോത്തനാണ് കേന്ദ്രകഥാപാത്രമാവുന്നത്.
ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ തൊഴിലാളി-മുതലാളി ബന്ധമാണ്. ഹൈറേഞ്ച് തോട്ടം മേഖലകളില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങളും മുതലാളിമാരുടെ ദുരഭിമാനവും കൃത്യമായി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്.
Spoiler Alert
ഏക്കറുകണക്കിന് ഭൂമി സമ്പത്തായുള്ള മുതലാളിയാണ് തിരുവാച്ചോല പാപ്പി. അയാളുടെ കാര്യസ്ഥന്‍ എന്നൊക്കെ പറയാവുന്ന ഒരു തൊഴിലാളിയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ബേബി. അപ്പനപ്പൂന്മാരായി ബേബി തിരുവാച്ചോല കുടുംബത്തിനായി പണിയെടുത്തുകൊണ്ടിരിക്കുകയാണ്.
അതിനാല്‍ തന്നെ ബേബിക്ക് പാപ്പി മുതലാളിയോടും കുടുംബത്തോടും വല്ലാത്ത വിധേയത്വമാണ്. ചെറുപ്പം മുതലേ അയാള്‍ വളര്‍ന്നത് അത്തരത്തിലായിരിക്കാം. പാപ്പിയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ പോലും അയാള്‍ മുതലാളിക്ക് കാഴ്ച വെക്കുന്നുണ്ട്.
വീടിന്റെ പടിവാതില്‍ കടന്ന് പാപ്പി ആ കുടുംബത്തിലേക്ക് കടക്കുകയില്ല. എഴുന്നേറ്റ് നടക്കാനുള്ള ശേഷിയില്ലെങ്കിലും പാപ്പി തുമ്മിയാല്‍ എതിരാളികള്‍ തെറിക്കുമെന്നാണ് ബേബി പറയുന്നത്. ബേബിയുടെ ഈ ബോധ്യങ്ങള്‍ക്ക് ഇളക്കം തട്ടുന്നത് തിരുവാച്ചോല പാപ്പി ബേബിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് മേലുള്ള ഭീഷണിയാവുമ്പോഴാണ്.
ബേബിയെക്കാള്‍ മുന്നേ തന്നെ ഈ വിധേയത്വത്തിന്റെ വഴിയില്‍ നിന്നും ബേബിയുടെ മകനായ ബേസില്‍ മാറി നടക്കാന്‍ തുടങ്ങിയിരുന്നു. തിരുവാച്ചോലക്കാരുടെ കാല്‍കീഴിലല്ല തങ്ങളുടെ ജീവിതമെന്നും അവര്‍ ഭീഷണിപ്പെടുത്തിയാല്‍ ഒളിച്ചോടാനാവില്ല എന്നുമുള്ള വ്യക്തമായ ബോധ്യം 18കാരനായ ബേസിലിനുണ്ട്. വിദ്യാഭ്യാസം നേടിയ, ഇന്റര്‍നെറ്റിലൂടെ ചുറ്റുമുള്ള ലോകത്തിന്റെ സാധ്യതകളെ അറിഞ്ഞ കൂടുതല്‍ പുരോഗമനപരമായി ചിന്തിക്കുന്ന പുതുതലമുറയുടെ പ്രതിനിധി ആണവന്‍. ഈ രണ്ട് തലമുറക്ക് തൊഴില്‍ സാഹചര്യങ്ങളോടും മനുഷ്യന്മാര്‍ തമ്മിലുള്ള ബന്ധത്തിലുമുള്ള കാഴ്ചപ്പാടുകളിലെ വ്യത്യാസം രഞ്ജന്‍ പ്രമോദ് കൃത്യമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
തിരുവാച്ചോല കുടുംബം ഉയര്‍ത്തിയ ഭീഷണി ബേബിയും കുടുംബവും മറി കടക്കുമോ? ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക.
Content Highlight: employee capitalist relationship in o. baby movie