| Wednesday, 10th April 2019, 11:01 am

അവര്‍ എന്തിനാണ് എന്നെക്കൊണ്ട് പോര്‍ക്ക് കഴിപ്പിച്ചത്, എന്ത് തെറ്റിന്റെ പേരിലാണ് ഈ ശിക്ഷ; അസമില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരായായ മുസ്‌ലീം കച്ചവടക്കാരന്‍ ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് തന്നെ ഒരു സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത് സഹിക്കാമെന്നും പക്ഷേ തന്നെ കൊണ്ട് അവര്‍ പോര്‍ക്ക് കഴിപ്പിച്ചത് സഹിക്കാനാവുന്നില്ലെന്നും അസമിലെ ബിസ്‌നാഥ് ജില്ലയില്‍ വെച്ച് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലി.

ശരീരത്തിനേറ്റ മുറിവ് സഹിക്കാം. പക്ഷേ മനസിനേറ്റ മുറിവ് സഹിക്കാനാവുന്നില്ല. അവര്‍ പറയുന്നതു പോലെ തന്റെ കൈയില്‍ ബീഫ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ആളാണ് ഞാന്‍.

അന്നത്തെ ദിവസം ഞാന്‍ ബ്രോയ്‌ലര്‍ ചിക്കനും മത്സ്യവുമായിരുന്നു വിറ്റത്. എന്നാല്‍ അവര്‍ കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത പോലെയായിരുന്നു ആക്രമണം നടത്തിയത്. കടയിലെ പാത്രങ്ങളും ഗ്യാസ് അടുപ്പുകളും നശിപ്പിച്ചു. അവര്‍ വലിയ വടികളുപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. ചവിട്ടുകയും ചെയ്തു. മാര്‍ക്കറ്റിന്റെ ഒരു മൂലയിലേക്ക് വലിച്ചുകൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. നിനക്ക് ബീഫ് വില്‍ക്കാന്‍ ആരാണ് അനുമതി തന്നത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

‘നീ ബംഗ്ലാദേശിയാണോ? ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ, പൗരത്വ റജിസ്റ്ററില്‍ പേരുണ്ടോ? ഐഡിയെവിടെ?’ എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നു. അവര്‍ എന്നെ മര്‍ദ്ദിച്ചതും അവര്‍ എന്നോട് ചോദിച്ച ചോദ്യങ്ങളും എല്ലാം സഹിക്കാം. പക്ഷേ എന്തിനാണ് അവര്‍ എന്നെക്കൊണ്ട് പോര്‍ക്ക് കഴിപ്പിച്ചത്? ഞങ്ങള്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അത് കഴിക്കുന്നത് മുസ്‌ലീങ്ങളാണ്. ഹിന്ദുക്കള്‍ അത് കഴിക്കാറില്ല- അലി പറഞ്ഞു.

തന്റെ സഹോദരന്‍ തെറ്റ് ചെയ്തു എന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ പൊലീസിനെ വിളിക്കാമായിരുന്നെന്നും പക്ഷേ അവര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് പോര്‍ക്ക് കഴിപ്പിക്കുയാണ് ഉണ്ടായതെന്നും അലിയുടെ സഹോദരന്‍ പറയുന്നു. ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുമെന്ന് ഉറപ്പിച്ച പോലെയായിരുന്നു അവരുടെ പ്രവൃത്തികള്‍. കഴിഞ്ഞ 40 വര്‍ഷമായി ജീവിച്ചു പോന്ന ഇടത്തുനിന്നാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. – അദ്ദേഹം പറഞ്ഞു.

അസമിലെ ബിസ്വനാഥ് ജില്ലയില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ചായിരുന്നു ഷൗക്കത്ത് അലി എന്ന മുസ്‌ലീം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നത്. ഷൗക്കത്തിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാമായിരുന്നു

‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ’- ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നതായി വീഡിയോയില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത. അലിയുടെ ബന്ധുക്കളുടെ പരാതി കൂടാതെ അലിയെ മര്‍ദിച്ച ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കേണ്ടെന്നായിരുന്നു ബിശ്വനാഥ് ജില്ലാ പൊലീസിന്റെ വാദം. ഷൗക്കത്തിനെ കൂടാതെ മറ്റൊരു മതത്തില്‍ പെട്ട ഒരാളെക്കൂടി ആള്‍ക്കൂട്ടം കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാര്യം നിരത്തിയാണ് പൊലീസിന്റെ വാദം.

പശു സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് അസം. അസം കാലി സംരക്ഷണ നിയമം 1950 അനുസരിച്ച് 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ അറവ് ചെയ്യാം. എന്നാല്‍ അത്തരം പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ അസാമില്‍ പശുവിനേയും, പോത്തിനേയും കാളയേയും നിയമത്തില്‍ വേര്‍തിരിച്ചു പറയുന്നില്ല.

We use cookies to give you the best possible experience. Learn more