|

'പി.എസ്.ജിയില്‍ മെസി ചെയ്തത് നെയ്മറും ചെയ്യണം'; ഉപദേശവുമായി മുന്‍ ആഴ്‌സണല്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ഉപദേശവുമായി മുന്‍ ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റ്. നെയ്മര്‍ക്ക് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും ലയണല്‍ മെസി ചെയ്യുന്നതുപോലെ ക്ലബ്ബ് വിടണമെന്നും പെറ്റിറ്റ് പറഞ്ഞു. റോഥന്‍സ് എന്‍ഫ്ളാം എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി നെയ്മര്‍ പി.എസ്.ജിയില്‍ പലതും സഹിക്കുന്നു. അദ്ദേഹം അവിടം വിടണം. മെസിയെ പോലെ ചെയ്യൂ. നെയ്മര്‍ക്കും പി.എസ്.ജിക്കും അതാണ് നല്ലത്. ആ കഥ അവിടെ അവസാനിക്കട്ടെ,’ പെറ്റിറ്റ് പറഞ്ഞു.

പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

തുടര്‍ന്ന് താരത്തെ ഈ സീണിന്റെ അവസാനത്തോടെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പടിയിറങ്ങുന്നതോടെ ക്ലബ്ബില്‍ നെയ്മറിന്റെ ഭാവി സുരക്ഷിതമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ പി.എസ്.ജി നെയ്മറെ ക്ലബ്ബില്‍ നിലനിര്‍ത്തുമെന്നും പി.എസ്.ജി ഹബ്ബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Emmanuel Petit wants Neymar to leave PSG