|

എത്ര മികച്ച രീതിയിലാണ് നെയ്മര്‍ അത് ചെയ്യുന്നതെന്ന് നോക്കൂ; ബ്രസീല്‍ താരത്തിന്റെ പാത പിന്തുടരാന്‍ മെസിയോടാവശ്യപ്പെട്ട് പെറ്റിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ പോലെ സ്വന്തം മണ്ണില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയോടാവശ്യപ്പെട്ട് മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റ്.

മെസിയോട് അര്‍ജന്റൈന്‍ ക്ലബ്ബുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട പെറ്റിറ്റ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.

ഇമ്മാനുവല്‍ പെറ്റിറ്റ്.

2023ലാണ് മൂവരും തങ്ങളുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടത്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് കളം മാറ്റിയപ്പോള്‍ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാലിലേക്കാണ് നെയ്മര്‍ ചേക്കേറിയത്. കോടിക്കിലുക്കവുമായി സൗദി ക്ലബ്ബുകള്‍ മെസിയെ മാടിവിളിച്ചെങ്കിലും താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് ചുവടുമാറ്റിയത്.

മെസിയും റൊണാള്‍ഡോയും തങ്ങളുടെ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അല്‍ ഹിലാലിലെത്തിയ നെയ്മറിനെ പരിക്ക് വലച്ചു. രണ്ട് സീസണില്‍ നിന്നും ഏഴ് മത്സരത്തിലാണ് താരം ടീമിനെ പ്രതിനിധീകരിച്ചത്. മൂന്ന് അസിസ്റ്റും ഒരു ഗോളും മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ഒടുവില്‍ 2025 ജനുവരിയില്‍ താരം ഫ്രീ ട്രാന്‍സ്ഫറായി താന്‍ കാല്‍പ്പന്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച സാന്റോസിലേക്ക് സ്വയം പറിച്ചുനട്ടു.

സാന്റോസില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ പുറത്തെടുക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

അതേസമയം, മെസിയും റോണോയുമാകട്ടെ തങ്ങളുടെ ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

കസിനോ ആപ്പ്‌സ് ദാറ്റ് പേ റിയല്‍ മണി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസി അര്‍ജന്റീനയിലേക്ക് മടങ്ങണമെന്ന് പെറ്റിറ്റ് അഭിപ്രായപ്പെട്ടത്.

‘മെസി ഇനിയൊരു ടീമിലേക്ക് മാറുന്നുണ്ടെങ്കില്‍ അത് അര്‍ജന്റീനയിലേക്കായിരിക്കണം. ബ്രസീലിലേക്ക് മടങ്ങിയെത്തിയ നെയ്മര്‍ എത്ര മികച്ച രീതിയിലാണ് കളിക്കളത്തിലുള്ളതെന്ന് നോക്കൂ. ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സിനെ പോലെയാണവന്‍.

മയാമിയില്‍ മെസി സന്തോഷവാനാണെന്നതും നമ്മള്‍ പറയണം. 37ാം വയസിലും മേജര്‍ ലീഗ് സോക്കറിലെ പ്രധാന താരമായി അവന്‍ തുടരുന്നു.

റൊണാള്‍ഡോ ടീം വിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അവനിപ്പോള്‍ 40 വയസാണ്, സൗദിയില്‍ വലിയ കരാറും റൊണാള്‍ഡോക്ക് മുമ്പിലുണ്ട്. ഇത് കേവലം പണത്തെ കുറിച്ചല്ല, അവനൊരു സൂപ്പര്‍ താരം കൂടിയാണ്. അവിടെ തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കാനാകും റൊണാള്‍ഡോ ആഗ്രഹിക്കുന്നത്,’ പെറ്റിറ്റ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Emmanuel Petit wants Lionel Messi to follow Neymar’s footsteps and retire at Argentina