| Tuesday, 24th September 2024, 7:31 pm

ഫുട്‌ബോളില്‍ റൊണാള്‍ഡോ നേടിയ റെക്കോഡുകള്‍ക്കെല്ലാം ഒരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

റൊണാള്‍ഡോ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ്. പതിറ്റിയാണ്ടുകളായി ലോക ഫുട്‌ബോളില്‍ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് പോര്‍ച്ചുഗല്‍ താരം കളിക്കുന്നത്.

അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് മുന്‍ ഫ്രഞ്ച് താരമായ ഇമ്മാനുവല്‍ പെറ്റിറ്റ് ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. റൊണാള്‍ഡോ എതിരാളികളെ തകര്‍ക്കാനും ഒരുപാട് നേട്ടങ്ങള്‍ കൊയ്യാനും ഉള്ള ഈഗോ കാരണമാണ് കരിയര്‍ ബെസ്റ്റിലേക്ക് കുതിച്ചതിന്റെ കാരണമെന്നാണ് താരം പറഞ്ഞത്.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റോള്‍ മോഡലായിട്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണക്കാക്കുന്നത്. ഈ 39ാം വയസിലും അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും കാലം ബെസ്റ്റ് ലെവലില്‍ തുടര്‍ന്നത്. ഈ റെക്കോഡുകളും നേട്ടങ്ങളും എല്ലാം സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

റൊണാള്‍ഡോക്ക് എതിരാളികളോട് വലിയ ഒരു ഈഗോ തന്നെ ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ആ ഈഗോയാണ് അദ്ദേഹത്തെ ഈ ബെസ്റ്റ് ലെവലില്‍ എത്തിച്ചത്. എല്ലാ താരങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു വലിയ ഉദാഹരണമാണ് റൊണാള്‍ഡോ. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ശാരീരികമായും മാനസികമായും അദ്ദേഹം ഏറെ കരുത്തനാണ്,’ ഇമ്മാനുവല്‍ പെറ്റിറ്റ് പറഞ്ഞു.

റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് ഇപ്പോള്‍ കളിച്ചത്. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തലെ ഏക താരമാണ് റൊണാള്‍ഡോ. നിലവില്‍ 902 ഗോളുകളാണ് താരം നേടിയത്.

Content Highlight: Emmanuel Petit Talking About Cristiano Ronaldo

We use cookies to give you the best possible experience. Learn more