| Friday, 30th September 2022, 2:13 pm

അടുത്ത ഘട്ടമെന്ന് പറയുന്നത് അവനെ ഇഷ്ടമുള്ള ടീമിലേക്ക് പറഞ്ഞുവിടുന്നതാണ്; എംബാപെക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാന്‍സിന്റെയും പി.എസ്.ജിയുടെയും സൂപ്പര്‍താരമാണ് കിലിയന്‍ എംബാപെ. നിലവില്‍ ഫുട്‌ബോളില്‍ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ് ഈ 23കാരന്‍. ഈ സീസണ്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചര്‍ച്ചകളിലേക്ക് നീങ്ങിയ താരമാണ് അദ്ദേഹം.

ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് അദ്ദേഹം തോന്നിപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പാരിസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

എംബാപെ തന്റെ ഫിനിഷിങ് മികവ് കാരണമാണ് എന്നും അറിയപ്പെട്ടത്. അദ്ദേഹം ഈയിടെ പി.എസ്.ജി കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറിനെ കുറിച്ച് നടത്തിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫ്രാന്‍സിലെ തന്റെ റോളിനെ കുറിച്ചും പി.എസ്.ജി കോച്ചിനെ കുറിച്ചും എംബാപെ സംസാരിച്ചിരുന്നു.

ഫ്രാന്‍സില്‍ തനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും പി.എസ്.ജിയില്‍ അത്രക്കും ലഭിക്കുന്നില്ലെന്നുമായിരുന്നു എംബാപെ പറഞ്ഞത്.

എന്നാല്‍ എംബാപെയുടെ ഈ പ്രസ്താവനയെ പൊളിച്ചടക്കികൊണ്ടാണ് മുന്‍ ഫ്രാന്‍സ് താരമായ ഇമ്മാനുവല്‍ പെറ്റിറ്റ് ഇതിന് മറുപടി നല്‍കിയത്. എംബാപെ ഇത് നേരിട്ട് കോച്ചിനോട് സംസാരിക്കണമായിരുന്നുവെന്നും ഒരിക്കലും മീഡിയയുടെ മുമ്പിലല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് എല്ലായ്‌പ്പോഴും ഒരേ കളിക്കാരനെ ബാധിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവന്‍ ഈ സംസാരം നിര്‍ത്തണം. അവന്‍ ബുദ്ധിമാനായതിനാല്‍, അവന്റെ വാക്കുകളുടെ അനന്തരഫലങ്ങള്‍ ഒരു രണ്ട് നിമിഷത്തേക്കെങ്കിലും അവന് ഓര്‍ക്കാന്‍ സാധിക്കുമോ? ഒരു ബൂമറാംഗ് ഇഫക്റ്റ് ഉണ്ട് അതിന്.

ഇക്കാര്യങ്ങള്‍ നിങ്ങളുടെ പരിശീലകനോട് സ്വകാര്യമായി പറയണം. ഞാന്‍, മെസിയുടെയും കൂട്ടരുടെയും സ്ഥാനത്താണെങ്കില്‍, അവന്‍ സംസാരിക്കുന്ന ഓരോ സമയവും മടുത്തു തുടങ്ങിയേനെ. അടുത്ത ഘട്ടമായി, അവന്‍ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് ഞങ്ങള്‍ അവനോട് ചോദിക്കും, എന്നിട്ട് അവനെ അങ്ങോട്ട് പറഞ്ഞുവിടും,’ പെറ്റിറ്റ് പറഞ്ഞു.

ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിട്ടാണ് എംബാപെ പി.എസ്.ജിയില്‍ കളിക്കുന്നത്. ഇതുവരെ 10 ഗോളുകള്‍ ആ സീസണില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlight: Emmanuel Petit slams Kylian Mbape for his accusation against Cristophe Galtier

We use cookies to give you the best possible experience. Learn more