മോദിയെ കെട്ടിപ്പിടിച്ച് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഗൂഢസ്മിതം; കാരണമന്വേഷിച്ച് സോഷ്യല്‍ മീഡിയ
Narendra Modi
മോദിയെ കെട്ടിപ്പിടിച്ച് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഗൂഢസ്മിതം; കാരണമന്വേഷിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th March 2018, 8:21 am

ന്യൂദല്‍ഹി: മറ്റ് ലോക നേതാക്കളെ കാണുമ്പോള്‍ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശീലം പ്രശസ്തമാണ്. അത്തരം ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്ക് വിധേയമായിട്ടുള്ളതുമാണ്. എന്നാല്‍ ഇത്തവണ മോദിയല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോനാണ് കെട്ടിപ്പിടുത്തത്തിലൂടെ താരമായിരിക്കുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നരേന്ദ്ര മോദി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതിനിടെ മാക്രോണിന്റെ മുഖത്തെ ഗൂഢമായ ചിരിയാണ് ട്വിറ്ററില്‍ ട്രൈന്‍ഡിംഗ് ആയത്. ഇടത് കൈ കൊണ്ട് മാത്രം മോദിയെ ആലിംഗനം ചെയ്ത് ക്യാമറയിലേക്ക് നേരിട്ട് നോക്കി ഗൂഢമായ ചിരി മുഖത്ത് വരുത്തിയ മാക്രോണിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ആ ചിരിയുടെ പിന്നിലെ രഹസ്യമെന്തായിരിക്കുമെന്ന ഊഹങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍.

സിനിമകളിലെയും സീരിയലുകളിലെയും പ്രശസ്തമായ വില്ലന്മാരുടെ ചിരികളുമായാണ് സോഷ്യല്‍മീഡിയ മാക്രോണിന്റെ ചിരിയെ താരതമ്യം ചെയ്യുന്നത്. ഹാരിപോട്ടറിലെ വില്ലന്‍ വോള്‍ഡ്‌മോര്‍ട്ടുമായും ഗെയിം ഓഫ് ത്രോണ്‍ സീരീസ് കഥാപാത്രം ലാനിസ്റ്ററുമായുമൊക്കെ താരതമ്യമുണ്ട്.

 

https://twitter.com/fallenhero24/status/972796794169012226

റാഫേല്‍ വിമാനങ്ങള്‍ അധിക വിലയ്ക്ക് ഇന്ത്യക്ക് വില്‍ക്കാന്‍ സാധിച്ചതിന്റെ സന്തോഷമാണ് ചിരി എന്ന് പരിഹസിക്കുന്നവരും കുറവല്ല. ചിലര്‍ ഫോട്ടോ എഡിറ്റ് ചെയ്ത് ഒരു ട്രോള്‍ മീം തന്നെയായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.