| Friday, 2nd December 2022, 10:13 am

അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമാണ്, പക്ഷെ അതിന് പരിധികളുണ്ട്: ഇലോണ്‍ മസ്‌കിനെതിരെ ഇമ്മാനുവല്‍ മക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍.

ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ നേരത്തെ നിരോധിച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാനും പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണങ്ങളിലും നിയമങ്ങളിലും അയവുവരുത്താനുമുള്ള മസ്‌കിന്റെ തീരുമാനത്തിനെതിരെയാണ് മക്രോണ്‍ സംസാരിച്ചത്. വിദ്വേഷം പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്തതിനുമായിരുന്നു ട്രംപിനെ ട്വിറ്ററില്‍ നിന്നും വിലക്കിയിരുന്നത്.

യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം.

”എനിക്ക് തോന്നുന്നത് ഇതൊരു വലിയ പ്രശ്‌നമാണെന്നാണ്. കൂടുതല്‍ നിയന്ത്രണം വേണം എന്ന നേര്‍ വിപരീതമായ കാര്യമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. അത്തരം പ്രൊട്ടക്ഷന്‍ യൂറോപ്യന്‍ ലെവലിലും ഫ്രാന്‍സിലുമെല്ലാം നടപ്പിലാക്കിയിട്ടുണ്ട്,” ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.

അഭിപ്രായ- ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് പറഞ്ഞ മക്രോണ്‍ പക്ഷെ, നമ്മള്‍ എന്ത് എഴുതുന്നു പ്രചരിപ്പിക്കുന്നു എന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തവും പരിമിതികളുമുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്ക് നേരെ തെരുവിലേക്കിറങ്ങി ഒരു വംശീയ പ്രസംഗമോ സെമിറ്റിക് വിരുദ്ധ പ്രസംഗമോ നടത്താനാവില്ല. മറ്റൊരാളുടെ ജീവിതം അപകടത്തിലാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല.

ജനാധിപത്യത്തില്‍ അക്രമങ്ങള്‍ ഒരിക്കലും നിയമാനുസൃതമല്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം തന്നെ ‘ഫ്രീ സ്പീച്ച് അബ്‌സൊല്യൂട്ടിസ്റ്റ്’ (free speech absolutist) എന്നായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌ക് സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ അനുവദനീയമായ പരിധിക്കുള്ളിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയമാണ് മാക്രോണ്‍ പങ്കുവെച്ചത്.

ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട നിരവധി ട്വിറ്റര്‍ ജീവനക്കാരെ മസ്‌ക് നേരത്തെ പിരിച്ചുവിട്ടിരുന്നു.

പ്ലാറ്റ്ഫോമില്‍ നിന്ന് നിരോധിച്ച നിരവധി ട്വിറ്റര്‍ ഉപയോക്താക്കളെ തിരികെ കൊണ്ടുവരാനും മസ്‌ക് അനുമതി നല്‍കിയിരുന്നു.

കൊവിഡ് 19നെ കുറിച്ചും വാക്‌സിന്‍ ഫലപ്രാപ്തിയെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുന്ന നിയമം നടപ്പിലാക്കുന്നത് ട്വിറ്റര്‍ നിര്‍ത്തിയതായും ഈയാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മക്രോണിന്റെ പ്രതികരണം.

Content Highlight: Emmanuel Macron slams Elon Musk for cutting Twitter moderation

We use cookies to give you the best possible experience. Learn more