ഫ്രാന്‍സില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇടത് പക്ഷത്തെ തഴഞ്ഞ് തീവ്ര വലത് പക്ഷത്തെ ക്ഷണിച്ച് മാക്രോണ്‍
World News
ഫ്രാന്‍സില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇടത് പക്ഷത്തെ തഴഞ്ഞ് തീവ്ര വലത് പക്ഷത്തെ ക്ഷണിച്ച് മാക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 8:57 am

പാരിസ്: ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഫ്രാന്‍സില്‍ സര്‍ക്കാരുണ്ടാക്കാന്‍ മാരി ലി പെന്നിന്റെ നാഷണല്‍ റാലി പാര്‍ട്ടിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെ തഴഞ്ഞാണ് മക്രോണിന്റെ പുതിയ നീക്കം.

ഇടത് പക്ഷവുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാല്‍ തന്റെ മുന്നണിയായ എന്‍സെംബിള്‍ സഖ്യത്തെ വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ വോട്ട് ചെയ്ത് അവര്‍ പരാജയപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം. ഇടത് സഖ്യത്തെ ‘വ്യവസ്ഥയ്‌ക്കെതിരായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച മാക്രോണ്‍ അവര്‍ ഭരണം നടത്താന്‍ പ്രാപ്തരല്ല എന്ന് പറയുകയുണ്ടായി.

ജൂലായില്‍ ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 190 സീറ്റുകള്‍ നേടിയിരുന്നു. മാക്രോണിന്റെ എന്‍സെംബിള്‍ 160ഉം മാരി ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകളും നേടി. എന്നാല്‍ കേവല ഭൂരിപക്ഷമായ 289 സീറ്റുകള്‍ ഒരു സഖ്യത്തിനും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീണ്ടുപോവുകയായിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടത് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു രംഗത്തെത്തിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ പ്രധാനമന്ത്രിയായി അവരുടെ ഭാഗത്തെ ലൂസി കാസ്റ്റേസിനെ നിയമിക്കണമെന്ന് സഖ്യം ആവശ്യപ്പെട്ടു.

എന്നാല്‍ രാജ്യം ശിഥിലമാവാതെയും ദുര്‍ബലമാവാതെയും നോക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞ മാക്രോണ്‍ ഇടത് പക്ഷ നീക്കത്തിനെതിരെ തീവ്ര വലതുപക്ഷവുമായി ചേര്‍ന്ന് സഭയില്‍ അവിശ്വാസ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

‘ഇടത്പക്ഷ ഗവണ്‍മെന്റിനെ നാഷണല്‍ അസംബ്ലിയിലെ മറ്റുഗ്രൂപ്പുകള്‍ എല്ലാം ചേര്‍ന്ന് സഭയില്‍നിന്ന് ഉടന്‍ വെട്ടിമാറ്റും. നമ്മുടെ രാജ്യത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ അവരെ തെരെഞ്ഞെടുക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. അതിനാല്‍ തന്നെ രാജ്യസേവനത്തില്‍ പരിചയസമ്പത്തുള്ള വ്യക്തികളുമായി ഞാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു,’മാക്രോണ്‍ പറഞ്ഞു.

എന്നാല്‍ ഭരണത്തില്‍ അനുഭവ സമ്പത്തുള്ള വരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുമെന്ന മാക്രോണിന്റെ പ്രസ്താവന, ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ തീവ്രവലതുപക്ഷവുമായി കൂട്ടുകൂടി അധികാരം നിലനിര്‍ത്താനുള്ള തന്ത്രമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രസിഡന്റ് ഈ നീക്കത്തിലൂടെ ജനവിധി അട്ടിമറിക്കുകയാണെന്നാണ് എല്‍.എഫ്.ഐ ഇതിനോട് പ്രതികരിച്ചത്.

നിലവില്‍ ഗബ്രിയേല്‍ ആറ്റലാണ് ഫ്രാന്‍സിന്റെ കാവല്‍ പ്രധാന മന്ത്രി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ആറ്റലിനോട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ മാക്രോണ്‍ നിര്‍ദേശിക്കുകയായിരുന്നു.

ജൂണ്‍ 30ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മാരി ലി പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലത് പക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സമയത്ത് നാഷണല്‍ റാലി അധികാരത്തിലെത്തുന്നത് തടയാന്‍ അവര്‍ക്ക് ഒരു വോട്ട് പോലും നല്‍കരുതെന്ന് ആവശ്യപ്പെട്ട് മാക്രോണ്‍ തന്നെ രംഗത്തെത്തുകയും തീവ്രവലതുപക്ഷത്തിനെതിരെ വിദ്യാര്‍ത്ഥി-കര്‍ഷക സംഘടനകള്‍ അടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുമുണ്ടായി.

ഒടുവില്‍ രണ്ടാം ഘട്ടത്തില്‍ മധ്യപക്ഷ പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും പരസ്പരധാരണയിലൂടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ഏകീകൃതമായി നടത്തിയ മുന്നേറ്റത്തിലൂടെയാണ് മധ്യ-ഇടത് പാര്‍ട്ടികള്‍ വിജയം കൈവരിച്ചത്. ഈ സംഘടിത നീക്കത്തിലൂടെ തീവ്ര വലത് പക്ഷം അധികാരത്തിലെത്തുന്നത് തടയാന്‍ സാധിച്ചെങ്കിലും നിലവിലെ ചര്‍ച്ചകള്‍ നാഷണല്‍ റാലി അധികാരത്തിലെത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തീവ്ര വലതുപക്ഷം ആദ്യമായി ഫ്രാന്‍സില്‍ അധികാരത്തിലെത്തും.

Content Highlight: Emmanuel Macron avoids Left wing on government formation on France