| Monday, 20th February 2023, 4:37 pm

മെയ്‌വിനോട് വിട പറഞ്ഞു, സെക്‌സ് എജ്യുക്കേഷനില്‍ ഇനി ഞാനുണ്ടാവില്ല; ആരാധകരെ നിരാശരാക്കി എമ്മയുടെ വെളിപ്പെടുത്തല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെക്‌സ് എജ്യുക്കേഷന്‍ എന്ന പ്രശസ്ത സീരിസില്‍ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു മെയ്‌വ് വൈലി. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന സീരിസില്‍ എമ്മ മക്കിയാണ് മെയ്‌വിനെ അവതരിപ്പിച്ചിരുന്നത്.

ആരാധകരെ നിരാശരാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് എമ്മ. സെക്‌സ് എജ്യുകേഷന്‍ സീസണ്‍ ഫൈവില്‍ താന്‍ ഉണ്ടാകില്ലെന്നാണ് എമ്മ പറഞ്ഞത്. ബാഫ്റ്റ അവാര്‍ഡ്‌സില്‍ റൈസിങ് സ്റ്റാറിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു എമ്മയുടെ വെളിപ്പെടുത്തല്‍.

‘സീസണ്‍ 5? നാലാമത്തെ സീസണ്‍ കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. സീസണ്‍ അഞ്ചില്‍ ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല. മെയ്‌വിനോട് ഗുഡ്‌ബൈ പറഞ്ഞുകഴിഞ്ഞു,’ എന്നാണ് അവാര്‍ഡ് വാങ്ങിയതിന് ശേഷം സെക്‌സ് എജ്യുക്കേഷനെ പറ്റിയുള്ള ചോദ്യത്തിന് എമ്മ മറുപടി നല്‍കിയത്.

സെക്‌സ് എജ്യുക്കേഷനില്‍ നിന്നും വിടപറഞ്ഞതിന്റെ കാരണവും റേഡിയോ ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ എമ്മ പറഞ്ഞിരുന്നു. ‘സീരിസിലേക്ക് ഒരുപാട് കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. അതിനാലിനി എനിക്ക് അവിടെ സ്ഥിരതയുണ്ടാവില്ല. ഇനി എന്താണ് നടക്കാന്‍ പോവുക എന്ന് അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്. കാരണം കഥ പൂര്‍ണമായും എനിക്കും അറിയില്ല,’ എമ്മ പറഞ്ഞു.

സീസണ്‍ നാലിന്റെ ഷൂട്ട് അരംഭിച്ചു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും എന്നാണ് സ്ട്രീം ചെയ്യുകയെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിട്ടില്ല. കനേഡിയന്‍ സിറ്റ്-കോം ‘ഷിറ്റ്‌സ് ക്രീക്ക്’ താരം ഡാനിയല്‍ ലെവിയും സീസണ്‍ നാലില്‍ എത്തുന്നുണ്ട്. മെയ്വ് വൈലിയുടെ പുതിയ കോളേജായ ഐവീ ലീഗിലെ പ്രഫസറായാണ് ലെവി എത്തുന്നത്.

സീരീസിലെ കഥയും കഥാപാത്രങ്ങളും ഏറെ നിരൂപക പ്രശംസയും വലിയ പ്രേക്ഷക പിന്തുണയും നേടിയിരുന്നു. മൂര്‍ഡെയില്‍ എന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ആശയകുഴപ്പങ്ങളാണ് കഥയുടെ പശ്ചാത്തലം. ഇംഗ്ലിഷ് നാടകകൃത്ത് ലൗറി നണ്‍ ആണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 2019 ജനുവരി 11ന് നെറ്റ്ഫ്‌ളികസിലൂടെ ആദ്യ ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ 40 മില്ല്യണ്‍ പേരാണ് സീരീസ് കണ്ടത്.

മൂര്‍ഡെയില്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഓട്ടിസിലൂടെയാണ് സീരീസ് മുമ്പോട്ട് പോകുന്നത്. ഓട്ടിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി, തന്റെ സഹപാഠിയായ മെയ്വുമായിചേര്‍ന്ന് സെക്‌സ് ക്ലിനിക്ക് തുടങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം. അസാ ബട്ടര്‍ഫൈ്‌ള, ഗില്ലിയന്‍ ആന്റേസണ്‍, ഗുട്ടി ഗാട്വ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Emma mackey said she won’t be in Sex Education season five

Latest Stories

We use cookies to give you the best possible experience. Learn more