| Tuesday, 17th July 2018, 9:37 am

ഭരണകര്‍ത്താക്കള്‍ക്കെതിരെ യു.എ.ഇ രാജകുമാരന്റെ പരസ്യ വിമര്‍ശനം: രാജ്യം വിട്ട് ഖത്തറില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: യു.എ.ഇ രാജകുമാരന്‍ രാജ്യം വിട്ട് ഖത്തറില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍. ഭരണകര്‍ത്താക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായാണ് രാജകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. എമിറേറ്റ്‌സിലെ ഏഴു പ്രധാന രാജവാഴ്ചകളിലൊന്നായ ഫുജൈറയിലെ ഭരണാധികാരിയുടെ രണ്ടാമത്തെ മകനായ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍-ശര്‍ഖിയാണ് ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഖത്തറില്‍ അഭയം തേടിയിരിക്കുന്നത്.

എണ്ണവിപണിയിലെ മുന്‍പന്തിക്കാരായ അബുദാബിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നെന്നും അതുകൊണ്ടു തന്നെ തന്റെ ജീവന്‍ അപകടത്തിലാണെന്നും റാഷിദ് പറയുന്നു. യു.എ.ഇയിലെ ഏറ്റവും സമ്പന്നമായ എമിറേറ്റാണ് തലസ്ഥാനം കൂടിയായ അബുദാബി. മേയ് 16നു തന്നെ റാഷിദ് ദോഹയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭരണകര്‍ത്താക്കള്‍ പണം തട്ടിയതായും ഭീഷണിപ്പെടുത്തിയതായും റാഷിദ് പരാതിപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല.


Also Read: അന്വേഷണ സംഘം ജലന്ധറിലേക്ക്; ബിഷപ്പിനെ ചോദ്യം ചെയ്യും; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും


യെമനിലെ യുദ്ധത്തിലുള്ള യു.എ.ഇയുടെ ഇടപെടലിനെ സംബന്ധിച്ച് എമിറേറ്റ്‌സിലെ വരേണ്യവിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റാഷിദ് സംസാരിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട മരണങ്ങളുടെ കണക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതുപോലെ നൂറിലൊതുങ്ങില്ലെന്നും അദ്ദേഹം പറയുന്നു. ഫുജൈറയിലാണ് ഏറ്റവുമധികം മരണങ്ങള്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും റാഷിദ് പ്രസ്താവിക്കുന്നുണ്ട്.

വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എങ്കിലും യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ ട്വിറ്റര്‍ കുറിപ്പില്‍ റാഷിദിന്റെ പലായനത്തെ നേരിട്ടു പരാമര്‍ശിക്കാതെ വിമര്‍ശിച്ചിട്ടുണ്ട്. “ഒളിഞ്ഞിരുന്ന് അഭിമുഖങ്ങള്‍ നല്‍കുന്ന ഭീരുക്കള്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരെ നടത്തുന്ന ഗൂഢാലോചന” എന്നാണ് ഗര്‍ഗാഷിന്റെ കുറിപ്പിലെ വാചകം.


Also Read: മോദി ധൃതരാഷ്ട്രര്‍, ബി.ജെ.പി ദുര്യോധനന്‍: സര്‍ക്കാരിന് അധികാരക്കൊതിയെന്നും കോണ്‍ഗ്രസ്


നേരത്തെ സൗദി അറേബ്യ, ഈജിപ്ത്, ബഹറൈന്‍ എന്നിവരോടൊപ്പം യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പാടേ വിഛേദിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനുമായി സൗഹൃദം പുലര്‍ത്തുവെന്നും ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുമെന്നും ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.

യു.എ.ഇയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് രാജകുടുംബത്തില്‍പ്പെട്ടയാള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത്.

We use cookies to give you the best possible experience. Learn more