ന്യൂദല്‍ഹി: കൂട്ടിയിടിക്കാനൊരുങ്ങി ആകാശമധ്യത്തില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ഈ മാസം 11 നാണ് സംഭവം.
ചെന്നൈ- ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനവും (എസ്ജി 511) ബ്രിസ്‌ബെയ്‌നില്‍ നിന്നു ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനവും (ഇകെ 433) ആണ് യാത്രക്കിടെ നേര്‍ക്കുനേര്‍ വന്നത്.
34000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന് 35000 അടി ഉയരത്തിലേക്ക് കയറാന്‍ നിര്‍ ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ വിമാനം പറഞ്ഞ ഉയരത്തിനും 1000 അടികൂടി ഉയരത്തിലേക്കു കയറി. എന്നാല്‍ ഇതേ ഉയരത്തിലായിരുന്നു എമിറേറ്റ്‌സ് വിമാനം പറന്നുകൊണ്ടിരുന്നത്.
എന്നാല്‍ നേര്‍ക്കുനേര്‍ എത്തുന്നതിന്റെ മിനുട്ടുകള്‍ മാത്രം വ്യത്യാസത്തില്‍ ഇരു വിമാനങ്ങള്‍ക്കും ട്രാഫിക് കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റത്തില്‍ (ടിസിഎഎസ്) നിന്നു മുന്നറിയിപ്പു ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം തങ്ങളുടെ യാത്രാപഥത്തില്‍ നിന്ന് വീണ്ടും ഉയരത്തിലേക്ക് കയറുകയും വിമാനങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.
സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
ഈ മാസം തന്നെ ധാക്കയുടെ വ്യോമപരിധിക്കുള്ളില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും അവസാന നിമിഷം ദുരന്തം ഒഴിവാകുകയായിരുന്നു.