| Sunday, 1st December 2024, 8:02 pm

'അജ്മീർ ദർഗയിൽ ഒരിക്കൽ താങ്കൾ പച്ച ഛദർ വിരിച്ചതും ശാന്തിയും ഐക്യവും ആശംസിച്ചതും ദയവായി ഓർക്കുക' മോദിക്ക് കത്തെഴുതി മുൻ ഉദ്യോഗസ്ഥർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അജ്മീർ ഷരീഫ് ദർഗയിൽ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ടതിന് പിന്നാലെ, ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം മുൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി റിപ്പോർട്ട്. മുൻ സിവിൽ സർവീസുകാരും ആർമി ജനറൽമാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 17 പൗരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടിയന്തരമായി സർവമത യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നൂറ്റാണ്ടുകളായി എല്ലാ മതവിശ്വാസങ്ങളും ഒന്നിച്ചാണ് ഇന്ത്യയിൽ ഉണ്ടായിരുന്നെന്നും ഈ സവിശേഷമായ ബഹുസ്വരതയും വൈവിധ്യപൂർണ്ണവുമായ പാരമ്പര്യത്തെയും തകർക്കാൻ ഒരു വിഭാഗീയ ശക്തികളെയും അനുവദിക്കരുതെന്നും അവർ കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.

‘രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമുദായിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിശ്രമിച്ച സ്വതന്ത്ര പൗരന്മാരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. കഴിഞ്ഞ ദശാബ്ദക്കാലമായി സമുദായങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധം, ഒരു പരിധിവരെ ക്രിസ്ത്യാനികളുമായുള്ള ബന്ധവും അങ്ങേയറ്റം ഉത്കണ്ഠയിലും അരക്ഷിതാവസ്ഥയിലും എത്തി നിൽക്കുകയാണ് എന്നത് വളരെ വ്യക്തമാണ്. അജ്മീർ ദർഗയിൽ ഒരിക്കൽ താങ്കൾ പച്ച ഛദർ വിരിച്ചതും ശാന്തിയും ഐക്യവും ആശംസിച്ചതും ദയവായി ഓർക്കുക.

ഇത്തരം അസ്വസ്ഥതകൾക്കിടയിൽ സമൂഹത്തിന് പുരോഗമിക്കാനോ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനോ കഴിയില്ല.

സാമുദായിക സൗഹാർദവും ഐക്യവും ഏകീകരണവും നിലനിർത്താനുള്ള ദൃഢനിശ്ചയത്തിൽ നിങ്ങളുടെ സർക്കാർ ഉറച്ചുനിൽക്കുമെന്ന് എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കും ഉറപ്പുനൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ കത്തിൽ പറയുന്നു.

ഇന്ത്യൻ ആസൂത്രണ കമ്മീഷൻ മുൻ സെക്രട്ടറി എൻ.സി.സക്‌സേന, ദൽഹി മുൻ ലഫ്റ്റനൻ്റ് ഗവർണർ നജീബ് ജംഗ്, മുൻ ഹൈക്കമ്മീഷണർ ശിവ് മുഖർജി, അന്തർ സംസ്ഥാന കൗൺസിൽ മുൻ സെക്രട്ടറി അമിതാഭ് പാണ്ഡെ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറൈഷി എന്നിവരുൾപ്പെട്ട സംഘമാണ് കത്തിൽ ഒപ്പ് വെച്ചത്

Content Highlight: Eminent citizens seek PM Modi’s intervention to end mosque, dargah ownership disputes

We use cookies to give you the best possible experience. Learn more