| Monday, 13th March 2023, 4:49 pm

ആസ്റ്റണ്‍ വില്ലയുടെ വല സൂക്ഷിപ്പുകാരന്‍ ഇനി പുതിയ തട്ടകത്തില്‍; എമി മാര്‍ട്ടിനെസിന് വമ്പന്‍ ഓഫറുമായി സൂപ്പര്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പ് നേടുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറിലും ഫൈനലിലും നിര്‍ണായകമായ പെനാല്‍ട്ടി കിക്കുകള്‍ എമി തടഞ്ഞിട്ടിരുന്നു.

ഫ്രാന്‍സിനെതിരായ ഫൈനലില്‍ അവസാന നിമിഷം ഗോളെന്നുറപ്പിച്ച പന്ത് സേവ് ചെയ്തതും എമിയായിരുന്നു. പിന്നാലെ അദ്ദേഹത്തെ തേടി ഗോള്‍ഡന്‍ ഗ്ലൗവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരവും എത്തുകയും ചെയ്തു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റന്‍ വില്ലക്ക് വേണ്ടി കളിക്കുന്ന എമി വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്.

തനിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് എമി ആസ്റ്റന് വില്ല വിട്ടേക്കുമെന്ന റൂമറുകള്‍ പ്രചരിക്കുന്നത്.

ഇംഗ്ലീഷ് ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ എമിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. നിലവില്‍ സ്പഴ്‌സിന്റെ ഗോള്‍ കീപ്പറായ ഹ്യൂഗോ ലോറിസിന്റെ സ്ഥാനത്തേക്കാണ് എമി മാര്‍ട്ടിനെസിനെ പരിഗണിക്കുന്നത്.

കൂടാതെ മറ്റൊരു ഇംഗ്ലീഷ് ഗോള്‍കീപ്പറായ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെയും ഇവര്‍ പരിഗണിക്കുന്നുണ്ട്. ഈ രണ്ട് താരങ്ങളില്‍ ആരെ വാങ്ങുകയാണെങ്കിലും ചുരുങ്ങിയത് 40 മില്യണ്‍ ഡോളറെങ്കിലും ചിലവഴിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയവരാണ് എമി മാര്‍ട്ടിനെസും ഹ്യൂഗോ ലോറിസും. ലോറിസിന്റെ പ്രായമാണ് ടോട്ടന്‍ഹാമിന്റെ ആശങ്ക. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ എമി ടോട്ടന്‍ഹാമിലേക്ക് ചേക്കേറാന്‍ തയ്യാറാവുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്.

Content Highlights: Emiliano Martinez will move to Tottenham Hotspur

Latest Stories

We use cookies to give you the best possible experience. Learn more