| Friday, 23rd December 2022, 6:05 pm

എമിലിയാനോ മാർട്ടീനസ് ബയേണിലേക്കോ? വാർത്ത പുറത്ത് വിട്ട് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് ഫൈനലിൽ വിജയിച്ചിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനസ്. ആത്മവിശ്വാസവും എതിരാളികളുടെ മനോബലം തകർക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളും ശരീരഭാഷയും ഉപയോഗിച്ച് മത്സരത്തിൽ കളം നിറഞ്ഞ എമിലിയാനോയുടെ പ്രകടനം ടൂർണമെന്റിൽ ഉടനീളം അർജന്റീനയുടെ ജൈത്രയാത്രക്ക് കരുത്ത് പകർന്നു.

അത്‌കൊണ്ട് തന്നെയാണ് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ സ്വന്തമാക്കിയതും.
നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബ് ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പറായ മാർട്ടീനസിന്റെ മൂല്യം ലോകകപ്പിലെ മികച്ച പ്രകടനത്തോടെ കുതിച്ചുയർന്നിരിക്കുകയാണ്.

താരത്തെ ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂനിക്ക് സ്വന്തമാക്കുമെന്ന് അടുത്തിടെ വലിയ രീതിയിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.

ബയേൺ അവരുടെ പ്രധാന ഗോൾകീപ്പർ മാനുവൽ ന്യൂയർക്ക് പകരക്കാരനായി എമിലിയാനോ മാർട്ടീനസിനെ കൊണ്ടുവരുമെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാലിപ്പോൾ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഫാബ്രീസിയോ റൊമാനോ.

എമിലിയാനോ മാർട്ടീനസിനെ ടീമിലെത്തിക്കാൻ ബയേൺ ഇപ്പോൾ ശ്രമിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ മാർട്ടീനസുമായി ബയേൺ ട്രാൻസ്ഫർ സംബന്ധമായ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമനിയുടെ മൊണോക്കോ ഗോൾ കീപ്പർ അലക്സാണ്ടർ ന്യൂബെൽ, സ്വിറ്റ്സർലൻഡ് ഗോൾ കീപ്പർ യാൻ സൊമ്മർ എന്നീ താരങ്ങളെയാണ് ന്യൂയറിന് പകരക്കാരനായി ബയേൺ കാണുന്നതെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

അതേസമയം യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ ഏതിലെങ്കിലും എമിലിയാനോ മാർട്ടീനസ് ഉടൻ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ അദ്ദേഹത്തിന്റെ ഏജന്റ് ഗുസ്താവോ ഗോനി താരത്തിന് ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ള ക്ലബ്ബിൽ കളിക്കാൻ താൽപര്യമുള്ളതായി നേരത്തെ അറിയിച്ചിരുന്നു.

Content Highlights:Emiliano Martinez to Bayern? Prominent sports journalist report more details

We use cookies to give you the best possible experience. Learn more