ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് ശേഷം വിവാദത്തിലായ താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ എമി പുരസ്‌കാര വേദിയില്‍ വെച്ച് നടത്തിയ പ്രകടനമാണ് വിവാദത്തിന് വഴിയൊരുക്കിയത്.
എമി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ അധിക്ഷേപിച്ച് ജയം ആഘോഷിച്ചത് അര്‍ജന്റീനയുടെ ലോകചാമ്പ്യന്‍ഷിപ്പിന്റെ ശോഭ കെടുത്തിയിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ എമി സഹതാരങ്ങള്‍ക്കൊപ്പം എംബാപ്പെക്ക് മൗനാചരണം നടത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് അര്‍ജന്റീനയില്‍ എത്തിയതിന് ശേഷം നടത്തിയ ആഘോഷത്തില്‍ എംബാപ്പെയുടെ മുഖ സാദൃശ്യമുള്ള കളിപ്പാവയുണ്ടാക്കി പ്രദര്‍ശിപ്പിച്ചതിലൂടെയും എമി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
‘എംബാപ്പെയോട് വ്യക്തിപരമായ ഒരു വൈരാഗ്യവുമില്ല. ഞാന്‍ അദ്ദേഹത്തെ ഒത്തിരി ബഹുമാനിക്കുന്നുണ്ട്. ആളുകള്‍ എംബാപ്പെയെയോ നെയ്മറിനെയോ ട്രോളുന്നുണ്ടെങ്കില്‍ അതവര്‍ മികച്ച കളിക്കാര്‍ ആയതുകൊണ്ടാണ്.
മത്സരത്തിന് ശേഷം ഞാന്‍ എംബാപ്പെയോട് പറഞ്ഞത് അദ്ദേഹത്തിനെതിരെ കളിക്കാനായതില്‍ ഞാന്‍ അതീവ സന്തോഷവാനാണെന്നാണ്. മാച്ചില്‍ എംബാപ്പെ ജയിക്കുകയാണ് ചെയ്തതെന്നും ഞാന്‍ പറഞ്ഞിരുന്നു.
എംബാപ്പെ വളരെ കഴിവുള്ളയാണെന്ന ബോധ്യമെനിക്കുണ്ട്. എനിക്കുറപ്പുണ്ട്, മെസി വിരമിച്ചുകഴിഞ്ഞാല്‍ നിരവധി ബാലണ്‍ ഡി ഓറുകള്‍ എംബാപ്പെയെ തേടിയെത്തുമെന്ന്,’ എമി പറഞ്ഞു.
വിഷയത്തില്‍ എംബാപ്പെയും പ്രതികരണമറിയിച്ചിരുന്നു. എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനം തന്നെ നെഗറ്റീവായി ബാധിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘മത്സരത്തിന് ശേഷം ഞങ്ങള്‍ സംസാരിച്ചിരുന്നു. എമിലിയാനോ മാര്‍ട്ടിനെസിനെ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ച് അത് ലൈഫ് ഗോളാണ്. ആഘോഷങ്ങളൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. അത്തരം കാര്യങ്ങളുടെ പുറകെ പോയി ഞാന്‍ അനാവശ്യമായി സമയം കളയാറുമില്ല,’ എംബാപ്പെ പറഞ്ഞു.
കഴിഞ്ഞ മാസം എംബാപ്പെ പി.എസ്.ജി ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ സമാന ആംഗ്യം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Content Highlights: Emiliano Martinez talking about his World Cup celebration against Kylian Mbappe