| Saturday, 17th August 2024, 2:29 pm

എന്റെ നേട്ടങ്ങള്‍ക്കെല്ലാം ഒരു വലിയ കാരണമുണ്ട്; തുറന്ന് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഐതിഹാസികമായ വിജയം സ്വന്തമാക്കിയാണ് അര്‍ജന്റീന ലോക കിരീടം നേടിയത്. ഇതിഹാസം ലയണല്‍ മെസിയുടെ നേതൃത്വത്തിലായിരുന്നു അര്‍ജന്റീന തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ കരുത്തന്മാരായ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് അര്‍ജന്റീന വിജയക്കുതിപ്പ് നടത്തിയത്.

മാത്രമല്ല കഴിഞ്ഞ കോപ്പ അമേരിക്കയിലും അര്‍ജന്റീന കിരീടം ചൂടിയിരുന്നു. ടീമിന്റെ വിജയങ്ങള്‍ക്കെല്ലാം സുപ്രധാന പങ്ക് വഹിച്ച താരമായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ലോകത്തിലെ മികച്ച കീപ്പര്‍മാരില്‍ ഒരാളാണ് എമി. ആസ്റ്റണ്‍ വില്ലയിലും ക്ലബ്ബ് ലെവലിലും തന്റെ ജേഴ്സി നമ്പര്‍ ഒന്നാണ് താരത്തിന് കിട്ടിയത്. അര്‍ജന്റീനയില്‍ വെച്ച് നേടിയ നേട്ടങ്ങളെല്ലാം തന്നെ 23ാം നമ്പര്‍ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ക്ലബ് ലെവലില്‍ ഒന്നാം നമ്പര്‍ മാറ്റി അദ്ദേഹം 23ാം നമ്പര്‍ തെരഞ്ഞെടുത്തു. താരത്തിന്റെ മകന്‍ ജനിച്ച തിയതി ആണ് 23. തന്റെ നേട്ടങ്ങളുടെ എല്ലാം പിന്നില്‍ ഈ നമ്പര്‍ വഹിച്ച പങ്ക് വലുതാണ് എന്നാണ് ഇപ്പോള്‍ താരം പറയുന്നത്.

‘അര്‍ജന്റീനയ്‌ക്കൊപ്പം ഞാന്‍ എല്ലാം നേടി. 23ാം നമ്പര്‍ ധരിച്ചു കൊണ്ടായിരുന്നു ഞാന്‍ എല്ലാം സ്വന്തമാക്കിയിരുന്നത്. എന്റെ മകന്‍ ജനിച്ച തീയതിയാണ് അത്. ആസ്റ്റന്‍ വില്ലയിലും എനിക്ക് കിരീടങ്ങള്‍ നേടണം. അതുകൊണ്ടാണ് 23ാം നമ്പറിലേക്ക് ഞാന്‍ മാറിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഞാന്‍ ഒരു അന്ധവിശ്വാസിയാണ്,’എമി പറഞ്ഞു.

കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും എമിക്ക് സാധിച്ചിരുന്നു. വരുന്ന സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എമിലിയാനോ തന്റെ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlight: Emiliano Martinez Talking About His Jersey Number

We use cookies to give you the best possible experience. Learn more