ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അർജന്റീന ഗോൾ കീപ്പർ മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചതായി വിവാദം. അവാർഡ് സ്വീകരിച്ചതിന് ശേഷം ടീം അംഗങ്ങളുടെ അടുത്തേക്ക് പോകാനൊരുങ്ങവേയാണ് മാർടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്.
ഖത്തർ ഭരണാധികാരികളും, ഫിഫ തലവനും നോക്കിനിൽക്കെയാണ് മാർടിനെസിന്റെ അതിരുകടന്ന പ്രകടനം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫിഫ ഇതിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ജയം നേടിയതിൽ മാർടിനെസ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ അർജന്റീന ആരാധകർ എമി മാർടിനെസിൽ രക്ഷകനെ കണ്ടിരുന്നു.
കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാർട്ടറിലും ഷൂട്ടൗട്ടിലും മാർടിനെസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രഞ്ച് പടയും മുട്ടുകുത്തിയത് എമിലിയാനോ മാർടിെനെസിന്റെ കൈക്കരുത്തിന്റെ മുന്നിലാണ്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്തതോടെ അർജന്റീന ചരിത്രത്തിലെ മൂന്നാം ലോകകിരീടമാണ് നേടിയിരിക്കുന്നത്.
120 മിനിട്ടുകൾ നീണ്ടുനിന്ന മത്സരത്തിൽ ഇരു ടീമും 3-3 സമനിലയിൽ എത്തിയപ്പോൾ ഫ്രാൻസിനെ പെനാൽട്ടിയിൽ 4-2ന് തകർത്താണ് മെസി അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.