| Saturday, 24th December 2022, 10:44 pm

എമിലിയാനോ മാർട്ടീനസിന്റെത് 'മണ്ടൻ ആഘോഷം': പ്രീമിയർ ലീഗ് പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

2022 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന മൂന്നാം ലോക കിരീടം സ്വന്തമാക്കിയിരുന്നു.

ഒരു നീണ്ട കാലഘട്ടത്തിലെ കിരീട വരൾച്ചക്ക് ശേഷം കോപ്പാ, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ എന്നിവ അർജന്റീന സ്വന്തമാക്കിയപ്പോൾ ഇതിഹാസ താരം ലയണൽ മെസിക്ക് പ്രധാനപ്പെട്ട എല്ലാ രാജ്യാന്തര കിരീടങ്ങളും സ്വന്തമാക്കാനായി.

എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റൈൻ ടീം നടത്തിയ വിജയാഘോഷങ്ങൾ അതിര് കടക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ ശക്തമാണ്. അതിൽ പ്രധാനപ്പെട്ടതാന്ന് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനസ് നടത്തിയ ആഹ്ലാദപ്രകടങ്ങൾ.

ലോകകപ്പ് ഫൈനൽ വേദിയിൽ വെച്ച് മാർട്ടീനസ് കാണിച്ച ആംഗ്യം അശ്ലീലതയാണെന്നതുൾപ്പെടെ നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. കൂടാതെ ബ്യൂനസ് ഐറിസിൽ താരം ട്രോഫിയുമായി ടീം അംഗങ്ങൾക്കൊപ്പം പര്യടനം നടത്തവെ ഒരു പാവയിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ മുഖം ഒട്ടിച്ച് വെച്ചതും വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.

എന്നാലിപ്പോൾ മാർട്ടീനസിനും അർജന്റൈൻ ടീമിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് താരവും, പ്രീമിയർ ലീഗ് ക്ലബ്ബ് ക്രിസ്റ്റൽ പാലസിന്റെ പരിശീലകനുമായ പാട്രിക് വെയ്റ. എമിലിയാനോ മാർട്ടീനസിന്റെ വിജയാഹ്ലാദം ഒരു മണ്ടൻ തീരുമാനമായിരുന്നെന്നും അത് അർജന്റീനയുടെ വിജയത്തിന്റെ ശോഭ കെടുത്തിയെന്നുമാണ് വെയ്റ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതേസമയം മാർട്ടീനസിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ പരിശീലകനായ ഉനൈ എമിറിയും മാർട്ടീനസിനെതിരെ രംഗത്ത് വന്നിരുന്നു.
ചില സമയങ്ങളിൽ ആളുകൾക്ക് അവരുടെ വൈകാരിക പ്രകടനങ്ങൾ നിയന്ത്രിക്കാൻ പറ്റില്ലെന്നും. മാർട്ടീനസിന്റെ കാര്യത്തിൽ അതിന്റെ ഒരു എക്സ്ട്രീം ആണ് സംഭവിച്ചതെന്നുമാണ് എമിറി സംഭവത്തെക്കുറിച്ച് പ്രസ്താവിച്ചത്.

കൂടാതെ അടുത്ത ആഴ്ചയിൽ വിവാദ സെലിബ്രേഷനെക്കുറിച്ച് മാർട്ടീനസുമായി വിശദമായി സംസാരിക്കുമെന്നും എമിറി കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തിനായി ലോകകപ്പ് സ്വന്തമാക്കിയ മാർട്ടീനസിന്റെ പ്രകടന മികവിൽ താൻ അഭിമാനിക്കുന്നതായും ഉനൈ എമിറി പറഞ്ഞു.

അതിനിടെ വരുന്ന ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ എമിലിയാനോ മാർട്ടീനസിനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ വലിയ തുക മുടക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കൂടാതെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിൽ കളിക്കണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Content Highlights:Emiliano Martinez’s celebration is stupid Premier League coach

We use cookies to give you the best possible experience. Learn more