| Friday, 24th March 2023, 6:24 pm

'ഇത് ആരോടാണ് എന്ന് ഇനി പ്രത്യേകിച്ച് പറയണോ'; വൈറല്‍ ഫോട്ടോക്ക് പിന്നാലെ എമിയെ തല്ലിയും തലോടിയും ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പനാമക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.

മത്സരത്തിന്റെ 78ാം മിനിട്ടില്‍ തിയാഗോ അല്‍മാഡയും 89ാം മിനിട്ടില്‍ ബുള്ളറ്റ് ഫ്രീ കിക്കിലൂടെ മെസിയുമാണ് പനാമയുടെ വലകുലുക്കിയത്. മെസിയുടെ കരിയറിലെ 800ാം ഗോള്‍ കൂടിയായിരുന്നു പനാമക്കെതിരായ മത്സരത്തില്‍ പിറന്നത്.

ആരാധകരെ ആവശത്തിലാഴ്ത്തിക്കൊണ്ടായിരുന്നു മത്സര ശേഷമുള്ള അര്‍ജന്റൈന്‍ താരങ്ങളുടെ ഒത്തുകൂടല്‍. കഴിഞ്ഞ ഡിസംബറില്‍ ഖത്തറില്‍ വെച്ച് ലോകകപ്പ് നേടിയതിന് ശേഷം ഇതാദ്യമായിട്ടായിരുന്നു അര്‍ജന്റൈന്‍ താരങ്ങള്‍ ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഒരുമിച്ചെത്തിയത്.

പാട്ടുപാടിയും ചുവടുവെച്ചുമെല്ലാം അര്‍ജന്റൈന്‍ താരങ്ങള്‍ രാത്രിയെ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ആ ദിവസത്തെ ഷോ സ്റ്റീലര്‍ അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്റൈനയുടെ വേള്‍ഡ് കപ്പ് ഹീറോയായ എമിലിയാനോ മാര്‍ട്ടീനലായിരുന്നു. താരത്തിന്റെ സെലിബ്രേഷനായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഇളക്കി മറിച്ചത്.

ലോകകപ്പിന്റെ ഫൈനല്‍ വേദിയില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയതിന് പിന്നാലെ താരത്തിന്റെ സെലിബ്രേഷന്‍ ഏറെ വിവാദമായിരുന്നു. അശ്ലീലത നിറഞ്ഞ ആഘോഷപ്രകടനമെന്ന പേരില്‍ മാര്‍ട്ടീനസിന് വലിയ തോതിലുള്ള വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ഈ മൊമെന്റ് റീക്രിയേറ്റ് ചെയ്യുകയായിരുന്നു കഴിഞ്ഞ ദിവസം എമിലിയാനോ ചെയ്തത്. ലോകകപ്പിന്റെ മാതൃക കയ്യിലെടുത്ത് അന്ന് ചെയ്ത അതേ രീതിയില്‍ തന്നെ താരം വിജയം ആഘോഷിക്കുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ എമി ഒറ്റക്കാണ് ഈ ആഘോഷം നടത്തിയതെങ്കില്‍ ഇത്തവണ സഹതാരങ്ങളും കൂട്ടിനുണ്ടായിരുന്നു.

ഇതിന് പിന്നാലെ എമിലിയാനോയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഈ സെലിബ്രേഷന്‍ ആരോടാണ് എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?’, ‘നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കൂ എമീ’ , ‘പെനാള്‍ഡോ ഫാന്‍സ് ഇത് കണ്ട് കരയും’ തുടങ്ങി മാര്‍ട്ടീനസിനെ അനുകൂലിച്ച് ആളുകള്‍ രംഗത്തെത്തുമ്പോള്‍ ‘ടോപ് 20 ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ട് ആളുകളെ കാണിക്കാനുള്ള ഷോ ഓഫ് മാത്രം’, ‘ഇവനൊന്നും ഒരിക്കലും നന്നാവാന്‍ പോവുന്നില്ല,’ തുടങ്ങിയ വിമര്‍ശനങ്ങളും താരത്തിന് നേരെ ഉയരുന്നുണ്ട്.

താരത്തിന്റെ സെലിബ്രേഷനില്‍ രണ്ട് അഭിപ്രായമാണെങ്കിലും എമിലിയാനോയുടെ സെലിബ്രേഷന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

മാര്‍ച്ച് 28നാണ് ഇനി മെസിയും സംഘവും ഒരിക്കല്‍ക്കൂടി ഒന്നിച്ച് ഗ്രൗണ്ടിലെത്തുന്നത്. കുറക്കാവോക്കെതിരായ സൗഹൃദ മത്സരമാണ് ഇനി ആല്‍ബെസെലസ്റ്റുകള്‍ക്ക് മുമ്പിലുള്ളത്.

Content Highlight: Emiliano Martinez’s celebration goes viral

We use cookies to give you the best possible experience. Learn more