ഖത്തര്‍ ലോകകപ്പിന് ശേഷം ആദ്യമായി ലയണല്‍ മെസിയെ കുറിച്ച് സംസാരിച്ച് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.
ലോകകപ്പ് ഫൈനല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് മാര്‍ട്ടിനെസ്. 3-3ന്റെ സമനിലയിലേക്ക് നയിച്ച മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഫ്രാന്‍സിനെ മുട്ടുകുത്തിച്ച് ടീം അര്‍ജന്റീന വിശ്വകിരീടത്തില്‍ മുത്തമിടുന്നത്.
എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈക്കരുത്തിന്റെ ബലത്തിലാണ് അര്‍ജന്റീനക്ക് ഫ്രാന്‍സിനെ തോല്‍പ്പിക്കാനായത്. ഫ്രഞ്ച് താരങ്ങളായ മുവാനിയുടെയും കിങ്‌സ്ലി കോമാന്റെയും ഷോട്ടുകള്‍ സേവ് ചെയ്തുകൊണ്ട് എമി അര്‍ജന്റീനയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു.
മെസിക്ക് ടീം അംഗങ്ങളോടുള്ള സമീപനമാണ് തങ്ങളുടെ വിജയരഹസ്യമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എമി.
മെസി സ്വയം സമ്മര്‍ദം ചെലുത്തിയിരുന്നെന്നും ടീമിലെ എല്ലാവരെയും ഒരുപോലെയായിരുന്നു കണ്ടിരുന്നതെന്നും എമി പറഞ്ഞു. വാര്‍ത്താ മാധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ആദ്യം തന്നെ ഞങ്ങളെ വേള്‍ഡ് ചാമ്പ്യന്മാരാക്കിയതില്‍ ഞാന്‍ മെസിക്ക് നന്ദി പറയുകയാണ്. സ്വയം ഒത്തിരി സമ്മര്‍ദം ചെലുത്തുന്ന താരമാണ് മെസി.
അദ്ദേഹത്തെ ദേശീയ ടീം എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നതെന്നും ടീമില്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്യുന്നതെന്നും ആളുകളില്‍ പലര്‍ക്കും അറിയില്ല. എല്ലാവരെയും തുല്യമായാണ് അദ്ദേഹം കാണുന്നത്. അതാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചതും,’ എമി പറഞ്ഞു.
ഫിഫ ലോകകപ്പ് 2022ല്‍ മികച്ച പ്രകടനമായിരുന്നു തന്റെ 35ാം വയസിലും മെസി കാഴ്ചവെച്ചത്. താരത്തിന്റെ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റും അര്‍ജന്റൈന്‍ ദേശീയ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.
Content Highlights: Emiliano Martinez praises Lionel Messi