| Thursday, 14th September 2023, 1:52 pm

വേണമെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു, പക്ഷേ അത് ചെയ്യാതെ ഞങ്ങള്‍ക്കൊപ്പം നിന്നു, അതാണ് മെസി: പുകഴ്ത്തി അര്‍ജന്റീനയുടെ രക്ഷകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ക്വാളിഫയറിലെ ബൊളീവിയക്കെതിരായ മത്സരത്തില്‍ ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും സ്‌ക്വാഡിനൊപ്പം യാത്ര ചെയ്ത ലയണല്‍ മെസിയെ പുകഴ്ത്തി ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ്.

ക്വാളിഫയറിലെ ഇക്വഡോറിനെതിരായ ആദ്യ മത്സരത്തില്‍ ഫ്രീ കിക്ക് ഗോള്‍ നേടി മെസിയാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. ഇതിന് പിന്നാലെ 89ാം മിനിട്ടില്‍ സ്‌കലോണി താരത്തെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ചെറിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ബൊളീവിയക്കെതിരായ മത്സരത്തില്‍ മെസി കളിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ സുഖം പ്രാപിക്കുന്നതിനായി തിരികെ മടങ്ങുന്നതിന് പകരം അദ്ദേഹം സ്‌ക്വാഡിനൊപ്പം തുടരുകയായിരുന്നു. സമുദ്രനിരപ്പില്‍ 3,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബൊളീവിയയുടെ ഹോം ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് ശ്വസിക്കുന്നതിലടക്കം പ്രയാസം നേരിടാറുണ്ട്. ഇത് വകവെക്കാതെയാണ് മെസി അര്‍ജന്റീനക്കൊപ്പം യാത്ര ചെയ്തത്.

ടീമിനൊപ്പം യാത്ര ചെയ്യുകയും ടീമിന് പിന്തുണ നല്‍കുകയും ചെയ്ത മെസിയെ അഭിനന്ദിക്കുകയാണ് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ്. മെസിക്ക് ആവശ്യമെങ്കില്‍ മടങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നുവെന്നും അന്നാല്‍ അദ്ദേഹമത് ചെയ്തില്ലെന്നുമാണ് എമി പറഞ്ഞത്. ഗോളിനോടായിരുന്നു എമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ അത് യഥാര്‍ത്ഥ അഭിനിവേശമാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ മടങ്ങിപ്പോകാന്‍ സാധിക്കുമായിരുന്നു, പക്ഷേ അദ്ദേഹം ഞങ്ങള്‍ക്കാപ്പം വന്നു. അദ്ദേഹം നമ്മളെ ഇത്രത്തോളം സ്‌നിഹിക്കുന്നു എന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. ഈ ടീമിനൊപ്പമായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു,’ ആസ്റ്റണ്‍ വില്ല ഗോള്‍ കീപ്പര്‍ പറഞ്ഞു.

ബൊളീവിയന്‍ ആരാധകരെ കുറിച്ചും എമി സംസാരിച്ചു.

‘അര്‍ജന്റീനക്ക് പുറത്തുള്ളവര്‍ക്ക് എന്നെ അത്രത്തോളം ഇഷ്ടമല്ല (ചിരിക്കുന്നു). പക്ഷേ ഇന്ന് ബൊളീവിയന്‍സ് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ എന്റെ പേര് ചാന്റ് ചെയ്തു. ഈ രാജ്യത്തോട് എനിക്കേറെ ബഹുമാനമുണ്ട്,’ എമിലിയാനോ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് തക്ലിഫിക്ക, നിക്കോ ഗോള്‍സാല്‍വസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ഈ വിജയത്തിന് പിന്നാലെ ബ്രസീലിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന.

ഒക്ടോബര്‍ 13നാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന മത്സരത്തില്‍ പരഗ്വായ് ആണ് എതിരാളികള്‍.

Content highlight: Emiliano Martinez praises Lionel Messi

We use cookies to give you the best possible experience. Learn more