ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഗോൾഡൻ ഗ്ലൗവിന് അർഹനായ താരമാണ് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. എന്നാൽ ലോകകപ്പിലെ അർജന്റീനയുടെ ചരിത്ര വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരം കൂടിയാണ് അദ്ദേഹം.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് ശേഷം ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ അധിക്ഷേപിച്ച് ജയമാഘോഷിച്ചതിനാണ് എമി മാർട്ടിനെസിനെതിരെ വിമർശനങ്ങൾ ശക്തമായത്. എന്നാലിപ്പോൾ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയെന്നോണം തകർപ്പൻ പ്രകടനമാണ് എമി കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലക്കായി നടത്തിയത്.
മത്സരത്തിൽ സൗത്താംപ്റ്റനെതിരെ എതിരില്ലാതെ ഒരു ഗോളിന് ആസ്റ്റൺ വില്ല ജയിക്കുകയായിരുന്നു. ഒല്ലീ വാറ്റ്കിൻസ് വിജയഗോൾ നേടിയ മത്സരത്തിൽ ടീമിന്റെ രക്ഷകനായത് എമിയായിരുന്നു.
ടീമിന്റെ നായകനായിറങ്ങിയ എമി മാർട്ടിനെസ് എതിരാളികൾക്ക് ഗോൾ നേടാൻ യാതൊരു അവസരവും നൽകാതെ കളിയിലുടനീളം തകർത്ത് പെർഫോം ചെയ്യുകയായിരുന്നു. എമി നായകനായ അഞ്ചിൽ നാല് മത്സരങ്ങളിലും ആസ്റ്റൺ വില്ലക്കായിരുന്നു ജയം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഞ്ച് സേവുകളാണ് താരം നടത്തിയത്. അതിൽ നാലെണ്ണവും ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. സൗത്താംപ്റ്റൺ തൊടുത്ത രണ്ട് ഷോട്ടുകൾ ഗോളെന്നുറപ്പിച്ച സമയത്താണ് എമിലിയാനോ മാർട്ടിനെസ് രക്ഷകനായെത്തിയത്.
ഇതിനുപുറമെ അഡ്വാൻസ് ചെയ്‌ത് വന്ന മൂന്ന് ക്ലിയറൻസുകളും ഭംഗിയായി നടത്തിയ താരത്തിന് 83 ശതമാനം പാസുകൾ പൂർത്തിയാക്കാനും സാധിച്ചു.
ഖത്തർ ലോകകപ്പിന് ശേഷമുണ്ടായ വിവാദങ്ങളുടെ പുറകെ എമിലിയാനോ മാർട്ടിനെസിനെ ആസ്റ്റൺ വില്ല ഒഴിവാക്കാൻ ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും എമി തന്നെയാണ് തങ്ങളുടെ നമ്പർ വൺ ഗോൾ കീപ്പർ എന്നുമായിരുന്നു പരിശീലകൻ ഉനെ എമറിക്ക് പ്രതികരിച്ചത്.