ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ടോട്ടന്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ബെഞ്ചിലിരുത്തി ആസ്റ്റണ്‍ വില്ല കോച്ച് ഉനായി എമെറി. എമിക്ക് പകരം സ്വീഡിഷ് കീപ്പര്‍ റോബിന്‍ ഓള്‍ഡസിനെയാണ് ആദ്യ ഇലവനില്‍ ഇറക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായതിന് പിന്നാലെ അര്‍ജന്റീനയുടെ വിജയാഘോഷം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് അശ്ലീല ആംഗ്യം കാണിച്ചതും ഡ്രസിങ് റൂമില്‍ സഹതാരങ്ങള്‍ക്കൊപ്പം ഫ്രഞ്ച് സൂപ്പര്‍തരാം കിലിയന്‍ എംബാപ്പെക്ക് മൗനാചരണം നടത്തിയതും പ്രതിഷേധങ്ങള്‍ക്കിടയാക്കി.
തുടര്‍ന്ന് അര്‍ജന്റീനയില്‍ വെച്ച് നടത്തിയ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖത്തിന്റെ ചിത്രം പതിപ്പിച്ച കളിപ്പാവയെ പ്രദര്‍ശിപ്പിച്ചതും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയായിരുന്നു. നിരവധിയാളുകളാണ് എമിയുടെ പ്രവര്‍ത്തിക്കെതിരെ രംഗത്തെത്തിയത്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാര്‍ട്ടിനെസിന്റെ പ്രവൃത്തി അതിരുകടന്നതാണെന്ന് ആരോപിച്ച ആസ്റ്റണ്‍ വില്ല കോച്ച് ഉനായി എമെറി താരവുമായി കൂടിക്കാഴ്ച നടത്തി തന്റെ പ്രതിഷേധമറിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ലോകകപ്പ് അവസാനിച്ച് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ എമിയെ ബെഞ്ചിലിരുത്തിയതിന് പിന്നില്‍ ഫ്രാന്‍സിനോട് അപമര്യാദയോടെ പെരുമാറിയതിന്റെ പ്രതിഷേധമാണെന്നാണ് റിപ്പോര്‍ട്ട്.
അതിരുകടന്ന ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ആലോചിക്കണമായിരുന്നെന്നും ആസ്റ്റണ്‍ വില്ലയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നുമറിയിച്ച് ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ എമിയെ പുറത്താക്കി മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയെ ക്ലബ്ബിലെത്തിക്കാന്‍ ആസ്റ്റണ്‍ വില്ല പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സെവിയ്യക്ക് വേണ്ടിയാണ് യാസീന്‍ കളിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ക്രിസ്റ്റ്യന്‍ റൊമേറൊ ടോട്ടനത്തിനൊപ്പം തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നത്.
നിലവില്‍ 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. ആഴ്സണലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 16 മത്സരങ്ങളില്‍ 43 പോയിന്റാണ് ആഴ്‌സണലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍.
Content Highlights: Emiliano Martinez left on the bench against Tottenham Hotspur by Aston Villa coach Unai Emery