ലോകകപ്പ് ഫുട്ബോൾ 2022 എഡിഷനിൽ അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസ്. ടൂർണമെന്റിലുടനീളം മികവോടെ കളിച്ച താരം തന്നെയായിരുന്നു ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ ലോകകപ്പ് ഫൈനൽ വേദിയിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തവേ കാണിച്ച ആംഗ്യവും ഡ്രസിങ് റൂമിലും ലോകകപ്പ് വിക്ടറി പരേഡിലും എംബാപ്പെക്ക് എതിരെ നടത്തിയ പ്രവർത്തികളും വലിയ വിമർശനങ്ങൾ താരത്തിനെതിരെ ഉയർത്തിയിരുന്നു.
ക്ലബ്ബ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയിൽ കളിക്കുന്ന താരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് എമിയുടെ മുൻ സഹതാരവും നിലവിൽ വെസ്റ്റ് ഹാമിന്റെ സ്ട്രൈക്കറുമായ മിഖായിൽ അന്റോണിയോ.
അർജന്റീനയുമായുള്ള സൗഹൃദമത്സരത്തിൽ മെസിയുടെ ഒരു ടീ ഷർട്ട് സംഘടിപ്പിച്ചു തരാൻ താൻ മാർട്ടീനെസിനോട് ആവശ്യപ്പെട്ടന്നും എന്നാൽ മാർട്ടീനെസ് മെസിയുടെ വസ്ത്രം തനിക്ക് നൽകാതെ അദ്ദേഹത്തിന്റെ ക്ലബ്ബിലെ സഹതാരത്തിന് നൽകിയെന്നുമാണ് അന്റോണിയോ വെളിപ്പെടുത്തിയത്.
ഫുട്ബോളേഴ്‌സ് ഫുട്ബോൾ പോഡ്കാസ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“നിങ്ങൾക്കറിയാമോ എമി എന്താണ് എനിക്ക് മെസിയുടെ വസ്ത്രം നൽകാത്തതെന്ന്. കാരണം അവനൊരു പാമ്പാണ്, ചിലപ്പോൾ അവന്റെ പ്രവർത്തികൾ നമുക്ക് വിശ്വസിക്കാൻ കഴിയില്ല.
അവൻ മെസിയുടെ ടീ ഷർട്ട് നൽകിയ ബെയ്ലിയേക്കാൾ മുമ്പ് തന്നെ എനിക്ക് എമിയെ അറിയാം. ബെയ്ലി അവന്റെ വെറുമൊരു സഹതാരം മാത്രമാണ്. പക്ഷെ ഞാൻ പത്ത് കൊല്ലം മുമ്പേ തന്നെ എമിയുമായി കളിച്ചിട്ടുണ്ട്. അതും ഒന്നല്ല രണ്ട് ക്ലബ്ബുകളിൽ.
ഞാൻ അവനോട് മെസിയുടെ ടീ ഷർട്ട് കിട്ടുമോ എന്ന് ആവശ്യപ്പെട്ടപ്പോൾ, എന്നെ കൊണ്ട് സാധിക്കുന്നത് ചെയ്ത് തരാം എന്ന മുഖഭാവമായിരുന്നു അവന്. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ടീ ഷർട്ട് വന്നു. ഞാൻ കരുതി എനിക്ക് അങ്ങനെ അവസാനം മെസിയുടെ ടീ ഷർട്ട് കിട്ടാൻ പോകുന്നുവെന്ന്. പക്ഷെ എമി അത് ബെയ്ലിക്ക് കൊടുത്തു,’മിഖായിൽ അന്റോണിയോ പറഞ്ഞു.
അതേസമയം ലോകകപ്പിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ആസ്റ്റൺ വില്ല പരിശീലകനായ ഉനൈ എംറി മാർട്ടീനെസിനെ വിമർശിച്ചിരുന്നു.
കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ്ബ് വിടുമെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പക്ഷെ ഇതുവരേക്കും താരത്തെ സൈൻ ചെയ്യുമെന്ന തരത്തിൽ സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും മറ്റു ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും പുറത്ത് വന്നിട്ടില്ല.
Content Highlights:Emiliano Martinez is a snake; former teammate with his opinion about the player