ക്ലബ്ബിന്റെ അനുമതിയില്ലാതെ ലയണല്‍ മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് മെസി സഹതാരങ്ങളോട് വീഡിയോയിലൂടെ ക്ഷമാപണം നടത്തുകയും തൊട്ടുപിന്നാലെ പി.എസ്.ജി താരത്തിന്റെ വിലക്ക് പിന്‍വലിക്കുകയുമായിരുന്നു.
ഇതിനിടെ പി.എസ്.ജിയുടെ മത്സരങ്ങള്‍ക്കിടെ ആരാധകര്‍ മെസിയെ പരിഹസിച്ചുകൊണ്ട് ചാന്റ് ചെയ്യുകയും കൂകി വിളിക്കുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റൈന്‍ സൂപ്പര്‍കോച്ച് എമിലിയാനോ മാര്‍ട്ടിനെസ്. ഇനിയും മെസിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ താരത്തെ എന്തുവില കൊടുത്തും വില്ലയിലെത്തിക്കുമെന്നും അതിനുവേണ്ടി തന്റെ സാലറി വെട്ടിക്കുറക്കാനും തയ്യാറാണെന്നാണ് എമി പറഞ്ഞത്.
‘പി.എസ്.ജി ആരാധകര്‍ ഇനിയും മെസിയെ കൂകിവിളിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ ഉറപ്പായിട്ടും വില്ലയിലേക്ക് കൊണ്ടുവരും. അതിനുവേണ്ടി എന്റെ സാലറി വെട്ടിക്കുറക്കാനും ഞാന്‍ തയ്യാറാണ്,’ എമി മാര്‍ട്ടിനെസ് ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Emiliano Martinez invites Lionel Messi to Aston Villa