| Saturday, 28th September 2024, 12:45 pm

തിരിച്ചടികൾ തുടരുന്നു; അർജന്റീനയുടെ രക്ഷകന് രണ്ട് മത്സരങ്ങളിൽ വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഫിഫയുടെ വിലക്ക്. വരാനിരിക്കുന്ന അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങളിലാണ് മാര്‍ട്ടിനെസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറില്‍ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ എമിലിയാനോയുടെ അതിരുകടന്ന രീതിയില്‍ സെലിബ്രേഷന്‍ നടത്തിയതിനാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

ഇതോടെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വെനെസ്വേലക്കെതിരെയും ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാവും. ചിലിക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.

മത്സരശേഷം അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക വിജയത്തിന് ശേഷം നടത്തിയ അശ്ലീല രീതിയിലുള്ള സെലിബ്രേഷന്‍ നടത്തുകയായിരുന്നു മാര്‍ട്ടിനെസ്. കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പുമായുള്ള അശ്ലീല ആംഗ്യമാണ് താരം നടത്തിയത്. 2022 ഖത്തര്‍ ലോകകപ്പ് വിജയിച്ചതിന് ശേഷവും താരം ഇത്തരത്തില്‍ പെരുമാറിയിരുന്നു.

ഇതിന് ശേഷം കൊളംബിയക്കെതിരെ നടന്ന മത്സരത്തില്‍ അര്‍ജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം എമിലിയാനോ തനിക്ക് നേരെ വന്ന ക്യാമറമാനെ തല്ലാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. ഈ മോശം പെരുമാറ്റങ്ങളും താരത്തിന് തിരിച്ചടിയായി.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മാര്‍ട്ടിനെസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന നേടിയത്. അതുകൊണ്ട് തന്നെ സൂപ്പര്‍താരത്തിന്റെ അഭാവം വരാനിരിക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.

അതേസമയം പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസിക്കും സെപ്റ്റംബറില്‍ നടന്ന വേള്‍ഡ് കപ്പ് യോഗ്യത മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസി തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

Content Highlight: Emiliano Martinez Have Suspended Two Matches For Argentina

We use cookies to give you the best possible experience. Learn more