'ട്രോളന്മാരേ ശാന്തരാകൂ... എമി തന്നെയാണ് ബെസ്റ്റ്'
Football
'ട്രോളന്മാരേ ശാന്തരാകൂ... എമി തന്നെയാണ് ബെസ്റ്റ്'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 8:55 am

ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ്‌സും ആരംഭിച്ചിരിക്കുകയാണ്.

ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസിനെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്തതിന് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി പലരും രംഗത്തെത്തിയിരിക്കുകയാണ്.

ഒരു മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എമിലിയാനോക്ക് പുരസ്‌കാരം നല്‍കിയതെന്നും അദ്ദേഹം ഒരിക്കലും ഈ അവാര്‍ഡിന് അര്‍ഹനല്ലെന്നും ആരാധകരില്‍ പലരും ട്വീറ്റ് ചെയ്തു.

ചരിത്രത്തിലെ തന്നെ മോശം വിജയിയാരിക്കും എമിലിയാനോ എന്നും മുവാനിക്കെതിരെ ഒരു സേവ് നടത്തിയതിനാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതെങ്കില്‍ നാണക്കേടാണെന്നും ട്വീറ്റുകളുണ്ട്.

മികച്ച ഗോള്‍കീപ്പര്‍മാര്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഏതെങ്കിലും ഒരു മത്സരത്തിന്റെ അടിസ്ഥാനത്തില്‍ എമിലിയാനോയെ ബെസ്റ്റ് ആയി കണക്കാക്കുന്നതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ അവാര്‍ഡ് നേടിയതിന് പിന്നാലെ താരത്തെ പ്രശംസിച്ചും നിരവധി ആരാധകര്‍ രംഗത്തുണ്ട്. താരത്തെ വിമര്‍ശിച്ചുള്ളവര്‍ക്കുള്ള മറുപടിയാണ് ഈ പുരസ്‌കാരമെന്നും എമി തന്നെയാണ് മികച്ച ഗോള്‍ കീപ്പര്‍ എന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

ഖത്തര്‍ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനാണ് എമിലിയാനോ മാര്‍ട്ടിനെസിനെ തേടി ഫിഫ ദ ബെസ്റ്റ് ഗോള്‍കീപ്പര്‍ അവാര്‍ഡ് എത്തുന്നത്.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് സമനില വഴങ്ങിയ അര്‍ജന്റീന പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെയാണ് ജയമുറപ്പിച്ചത്. എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈക്കരുത്തിന്റെ ബലത്തിലാണ് അര്‍ജന്റീന ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയത്.

മൊറോക്കയുടെ യാസീന്‍ ബോണോ, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ എന്നിവരെ പിന്നിലാക്കിയാണ് എമിലിയാനോ മാര്‍ട്ടിനെസ് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം, പി.എസ്.ജിയുട അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഫിഫ ദ ബെസ്റ്റ് പ്ലെയര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍.

മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാനാണ് മികച്ച വനിതാ ടീം കോച്ച്.

Content Highlights: Emiliano Martinez got FIFA the best goalkeeper award