എനിക്കിനി വിശ്രമമില്ല; അടുത്ത കോപ്പയും ലോകകപ്പും നേടണം: എമിലിയാനോ
football news
എനിക്കിനി വിശ്രമമില്ല; അടുത്ത കോപ്പയും ലോകകപ്പും നേടണം: എമിലിയാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th July 2023, 4:23 pm

2024ല്‍ നടക്കുന്ന കോപ്പാ അമേരിക്കാ ചാമ്പ്യന്‍ഷിപ്പും 2026ലെ ലോകകപ്പും അര്‍ജന്റീന വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനെസ്. ഇന്ത്യയിലുള്ള താരം കൊല്‍ക്കത്തിയില്‍ നടന്ന ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ സഹതാരം ലയണല്‍ മെസി എക്കാലത്തെയും മികച്ച അത്‌ലറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അവസാനം കളിച്ച കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എല്ലാത്തിലും ചാമ്പ്യന്മാരാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
കോപ്പ അമേരിക്കയും അടുത്ത ലോകകപ്പും നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. കായികരംഗത്തെ എക്കാലത്തെയും മികച്ച ‘മഹാനായ’ അത്‌ലറ്റ് മെസിയാണെന്ന് പ്രഖ്യാപിക്കാന്‍ എനിക്ക് യാതൊരു മടിയുമുണ്ടായില്ല,’ മാര്‍ട്ടിനെസ് പറഞ്ഞു.

അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ ആകുക എന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നും ഇപ്പോഴത്തെ വിജയങ്ങള്‍ വ്യക്തിപരമായി തന്നെ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു.

‘ചെറുപ്പം മുതലേ, അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ആവുക എന്നത് എന്റെ സ്വപ്നമായിരുന്നു. അത് നിറവേറ്റിയ സ്ഥിതിക്ക് ഇനി വിശ്രമിക്കാന്‍ പോകുന്നില്ല. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും അര്‍ജന്റീനക്കായി നിരവധി ടൂര്‍ണമെന്റുകള്‍ നേടാനും ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് മാര്‍ട്ടിനസ് ഇന്ത്യയില്‍ എത്തിയത്. കൊല്‍ക്കത്തയിലെത്തിയ താരത്തിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി രണ്ടര ദിവസമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. അര്‍ജന്റീനക്ക് പുറത്ത് അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. ഖത്തര്‍ ലോകകപ്പ് നടക്കുന്ന സമയത്ത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ അര്‍ജന്റീനക്ക് നല്‍കിയ പിന്തുണ ലോകത്ത് തന്നെ ചര്‍ച്ചയായതാണ്.

ലോകകപ്പ് വിജയങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളിലുമുള്ള ആരാധകര്‍ക്ക് അര്‍ജന്റൈന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നന്ദിയറിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ സന്ദര്‍ശനം ചര്‍ച്ചയാകുന്നത്.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാര്‍ട്ടിനെസിന് സാധിച്ചിരുന്നു. ഫൈനലിലെ അവസാന നിമിഷത്തേയും ഷൂട്ടൗട്ടിലേയും എമിയുടെ സേവുകള്‍
ആരാധകര്‍ക്ക് മറക്കാനാകില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരാകുമ്പോഴും എമിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.

Content Highlight: Emiliano Martinez expects Argentina to win the 2024 Copa America Championship and the 2026 World Cup